World Rabies Day | ആ മരണം ഭയാനകം, കരുതല്‍ അനിവാര്യം

Last Updated:

സെപ്റ്റംബര്‍ 28, ലോക റാബിസ് ദിനം. മൃഗസംരക്ഷണ വകുപ്പും ഇന്ത്യന്‍ വെറ്റിനറി അസോസിയേഷനും നടത്തുന്ന പ്രതിരോധകുത്തിവെപ്പ് കാമ്പയിനുമായി സഹകരിച്ച് 2030ല്‍ സീറോ (zero) റാബീസ് എന്ന ലക്ഷ്യം കൈവരിക്കാം.

#ഡോ. ശോഭ സതീഷ് (വെറ്റിനറി സര്‍ജന്‍, SIAD, പാലോട്)
സെപ്റ്റംബര്‍ 28, മഹാനായ ശാസ്ത്രജ്ഞന്‍ ലൂയിസ് പാസ്റ്ററുടെ ചരമദിനമാണ്. അദ്ദേഹത്തിന്റെ നിരവധി കണ്ടുപിടിത്തങ്ങളില്‍ നാം ഏറെ കടപ്പെട്ടിരിക്കുന്നത് പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടെത്തിയതാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് എല്ലാവര്‍ഷവും സെപ്റ്റംബര്‍ 28, ലോക റാബിസ് ദിനമായി ആചരിക്കുന്നത്.
എന്താണ് റാബീസ് (Rabies)
മരണം നിശ്ചയമായ ഏറ്റവും മാരകമായ ജന്തുജന്യ രോഗങ്ങളിലൊന്നാണ് പേവിഷബാധ. ഇതിനുകാരണം ബുള്ളറ്റ് ആകൃതിയിലുള്ള ഒരുതരം വൈറസാണ്. മനുഷ്യരില്‍ hydrophobia (ജലത്തെ ഭയം) ഉണ്ടാക്കുന്ന ഈ രോഗം ശരിയായ നിലയില്‍ ജലത്തിനോട് ഭയം ഉണ്ടാക്കുകയല്ല മറിച്ച് അന്നനാളത്തിലും കവിളിലെ മാംസ പേശികളിലും ഉണ്ടാകുന്ന പരാലിസിസിന്റെ ഭാഗമായി വെള്ളമിറക്കാന്‍ കഴിയാതെ രോഗിയില്‍ ഉണ്ടാക്കുന്ന ഭ്രാന്തമായ ചലനങ്ങളാണ്.  രോഗം പോലെ രോഗലക്ഷണങ്ങളും ഭയാനകമാണ് .
advertisement
കടിയേറ്റ ഭാഗത്തുനിന്നും ഈ വൈറസ് പെറ്റുപെരുകി നാഡീ ഞരമ്പുകളെ ബാധിച്ച് തലച്ചോറില്‍ എത്തുന്നു. അവിടെനിന്നും  ഉമിനീരിലും പാല്‍, മൂത്രം, രക്തം,ശുക്ലം തുടങ്ങിയ ശരീര സ്രവങ്ങളിലുമെത്തിച്ചേരും. സൂര്യപ്രകാശവും താപവും  വൈറസുകളെ നശിപ്പിക്കുമെന്നതിനാല്‍ ശരീരത്തിനു പുറത്ത് അധികനേരം നിലനില്‍ക്കാൻ ഈ വൈറസിന് കഴിയില്ല. അതിനാല്‍ അസുഖം ബാധിച്ച മൃഗം മരിക്കുന്നതിനുമുമ്പ് പുതിയൊരു രോഗാണുവാഹകനെ കണ്ടെത്തുന്നത് പ്രകൃതിയുടെ വികൃതികളില്‍ ഒന്നാണ്. രോഗം ബാധിച്ച് അവശനായ മൃഗം അക്രമ വാസനയോടെ പുതിയ ഇരയെ തേടുന്നത് എന്തിനാണെന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ.
advertisement
എല്ലാ ഉഷ്ണരക്ത ജീവികളെയും ഈ രോഗം ബാധിക്കാം. രോഗാണുക്കള്‍ ശരീരത്തില്‍ കടന്നതിനു ശേഷം രോഗലക്ഷണങ്ങള്‍ കാണിക്കുന്നത് വരെയുള്ള കാലത്തെ ഇന്‍കുബേഷന്‍ പീരീഡ് എന്നാണ് പറയുക. തൊലിയില്‍ പോറലുള്ള സ്ഥലത്ത് പേനായ്ക്കള്‍ നക്കിയാലും രോഗം ബാധിക്കാനിടയുണ്ട്. മുറിവിനും മസ്തിഷ്‌കത്തിനും ഇടയിലുള്ള ഉള്ള ദൂരം കുറയുന്നതിനനുസരിച്ച് ഇന്‍കുബേഷന്‍ കാലം കുറഞ്ഞിരിക്കും. ഇത് ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കാം.
നായ്ക്കളില്‍ രോഗലക്ഷണങ്ങള്‍ പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. ക്രൂര രൂപവും(Furious form),  മൂകരൂപവും (Dumb form). രോഗം ബാധിച്ച നായ്ക്കള്‍ ഇരുണ്ട മൂലകളില്‍ ഒളിച്ചു നില്‍ക്കുകയും ശബ്ദം വെളിച്ചം എന്നിവയെ ഭയപ്പെടുകയും ചെയ്യുന്നു. സാങ്കല്‍പ്പിക വസ്തുക്കളെ കടിക്കുകയും മരം ,കല്ല് കാഷ്ഠം എന്നിവ തിന്നുകയും ചെയ്യും. തുടര്‍ന്ന് ഇവ അലഞ്ഞുനടക്കുകയും മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുകയും ചെയ്യുന്നു.
advertisement
പേവിഷബാധയേറ്റ നായ്ക്കള്‍ കുരയ്ക്കാതെ കടിക്കുന്നു. ഇവയില്‍ ഉമിനീരൊലിപ്പിക്കല്‍ ധാരാളമായി കാണാം. കഴുത്തിലെയും താടിയിലെയും മാംസപേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്നതിനാല്‍ വെള്ളവും ഭക്ഷണസാധനങ്ങളും ഇറക്കാന്‍ വിഷമം നേരിടും. കുരയ്ക്കുന്ന ശബ്ദത്തിനും വ്യത്യാസമുണ്ടാകും ( കാരണം laryngeal paralysis) കണ്ണുകള്‍ ചുവന്നിരിക്കും. ക്രമേണ തളര്‍ച്ച ബാധിച്ച് മൃഗങ്ങള്‍ ചത്തു പോകുന്നു. മൂകരൂപത്തില്‍ തളര്‍ച്ചയും ഉറക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍.
പൂച്ചകളില്‍ രണ്ട് തരം ഭാവങ്ങളും കാണപ്പെടും. ദിവസങ്ങള്‍ ഒളിവില്‍ കഴിഞ്ഞ ശേഷം അക്രമാസക്തമായാണ് ഇവ പുറത്തിറങ്ങുക. ഈ അക്രമ കാലം കഴിഞ്ഞാല്‍ തളര്‍ന്ന് ചത്തു വീഴുന്നു. കന്നുകാലികളില്‍ പേ വിഷബാധ ക്രൂദ്ധരൂപത്തിലാണ് സാധാരണയായി കാണപ്പെടുന്നത്. മൃഗം ആക്രമണകാരിയാകുകയും കുത്തുകയും മാന്തുകയും ചെയ്യും.
advertisement
കണ്ണുകള്‍ തുറിച്ചു നോക്കുന്നതുപോലെയും ശരീരം പെട്ടെന്ന് ക്ഷീണിച്ചതായി കാണപ്പെടും. ഇടവിട്ട് മൂത്രം ഒഴിക്കുന്നത് പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. കെട്ടിയ കയര്‍ കടിക്കുകയും പല്ലുകള്‍ കൂട്ടി ഉരുമുന്നതും കാണാം. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ പിന്നെ ചികിത്സയില്ല. അനിവാര്യമായ മരണം അതി ഭയാനകമായ രൂപത്തില്‍ മുന്നില്‍ കാണേണ്ടിവരുക മാത്രമാണ് പോംവഴി.
പ്രതിരോധം പ്രധാനം
രോഗം വന്നാല്‍ ചികിത്സയില്ലെങ്കിലും രോഗം വരാതിരിക്കാന്‍ ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങളുണ്ട്. എല്ലാ കൊല്ലവും നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണം. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകള്‍ക്കും കുത്തിവയ്‌പ്പെടുക്കണം. പ്രതിരോധ കുത്തിവയ്‌പെടുത്ത നായയെ രോഗബാധയുള്ള നായയോ ഇതര ജന്തുക്കളോ കടിച്ചാല്‍ ചികിത്സാ കുത്തിവെപ്പ് നിര്‍ബന്ധമായും എടുക്കണം.
advertisement
ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമാസകലം ഏകദേശം മൂന്നുകോടി മനുഷ്യര്‍ക്ക് പേവിഷബാധയുള്ള നായ്ക്കളുടെ കടിയേല്‍ക്കാനുള്ള സാധ്യതകളുണ്ട്. 59,000 പേരാണ് പ്രതിവര്‍ഷം പേവിഷബാധയിലൂടെ മരണപ്പെടുന്നത്. ആഫ്രിക്ക, ഏഷ്യ അടക്കമുള്ള ഭൂഖണ്ഡങ്ങളില്‍ പേവിഷബാധയേറ്റുള്ള മരണ സംഖ്യ ഇതര മേഖലകളെ അപേക്ഷിച്ച് ഏറെക്കൂടുതലാണ്. റിപ്പോര്‍ട്ടുചെയ്യപ്പെട്ട കേസുകളില്‍ 15 വയസിനു താഴെയുള്ള കുട്ടികളെയാണ് പേവിഷബാധ കൂടുതലായി ബാധിച്ചിട്ടുള്ളത്. 99 ശതമാനം രോഗികള്‍ക്കും പേവിഷബാധയേറ്റത് നായ്ക്കളില്‍ നിന്നാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഏഷ്യന്‍ രാജ്യങ്ങളിലെ പേവിഷബാധാ മരണനിരക്കില്‍ 59.9 ശതമാനം ഇന്ത്യയില്‍ നിന്നാണ്. ഇത് ആഗോള ശരാശരിയുടെ 35 ശതമാനമാണ്. ഏഷ്യയിലെ Post Exposure Prophylaxis നിരക്കുകള്‍ 1.5 കോടി അമേരിക്കന്‍ ഡോളറാണ് പ്രതിവര്‍ഷം കണക്കാക്കിയിരിയ്ക്കുന്നത്. ഇത് ഇതര മേഖലകളേക്കാള്‍ ഏറെ അധികമാണ്.
advertisement
നായ്ക്കളില്‍ നിന്നും പകരുന്ന പേവിഷബാധയ്ക്കെതിരായ ചികിത്സാ ചിലവുകള്‍ ആഗോളതലത്തില്‍ 8.6 കോടി അമേരിക്കന്‍ ഡോളറുകളായി കണക്കാക്കപ്പെടുന്നു. ലാറ്റിനമേരിക്കയെ അപേക്ഷിച്ച് ഇതര പ്രദേശങ്ങളില്‍ നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാത്തത് പേവിഷബാധ വര്‍ദ്ധിപ്പിക്കുന്നുണ്ട്. dog vaccination coverage സമകാലീന സാഹചര്യങ്ങളില്‍ നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിലെ വര്‍ദ്ധനവ്, Post Exposure Prophylaxis (PEP) യുമായി ബന്ധപ്പെട്ട വിപുലമായ ലഭ്യത എന്നിവകളെല്ലാം പേവിഷബാധയേറ്റുള്ള മരണനിരക്കുകളില്‍ കുറവുവരുത്തിയിട്ടുണ്ട്. 2030 ഓടെ നായ്ക്കളിലൂടെ പകരുന്ന പേവിഷബാധ പരിപൂര്‍ണ്ണമായും ഇല്ലാതാകുന്നതിനുള്ള ശ്രമങ്ങളാണ് ആഗോള സമൂഹം സംഘടിപ്പിച്ചുവരുന്നത്.
ഭയമല്ല വേണ്ടത്, കരുതൽ
ഇന്ത്യയെക്കാളേറെ വളര്‍ത്തുമൃഗങ്ങളുടെ എണ്ണത്തില്‍ വിദേശത്തരാജ്യങ്ങളാണ് മുന്നില്‍. വികസിത രാജ്യങ്ങളിലെല്ലാം പേവിഷബാധ ഫലപ്രദമായ മാര്‍ഗങ്ങളിലൂടെ ഉന്മൂലനം ചെയ്യാനായിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് കരുതലിന്റെ പ്രാധാന്യം സംബന്ധിച്ചാണ്. കൃത്യവും സമയബന്ധിതവുമായ വാക്‌സിനേഷനുകളിലൂടെ ഓമന മൃഗങ്ങളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാം.
മൃഗസംരക്ഷണ വകുപ്പും ഇന്ത്യന്‍ വെറ്റിനറി അസോസിയേഷനും സംയുക്തമായി നടത്തുന്ന പ്രതിരോധകുത്തിവെപ്പ് കാമ്പയിനുമായി സഹകരിച്ച് 2030ല്‍ സീറോ (zero) റാബീസ് എന്ന ലക്ഷ്യം കൈവരിക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Health/
World Rabies Day | ആ മരണം ഭയാനകം, കരുതല്‍ അനിവാര്യം
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement