OPINION | ബാക്കിയാകുന്ന സദ്യ പശുക്കള്‍ക്ക് നല്‍കുമ്പോള്‍

Last Updated:

ഓണം പോലുള്ള ആഘോഷങ്ങള്‍ കഴിയുമ്പോഴേക്കും പശുക്കളില്‍ വയര്‍ പെരുക്കം, വയറിളക്കം, മയക്കം, പാല്‍ചുരത്താതിരിക്കല്‍ ചിലപ്പോള്‍ മരണം പോലുമോ സര്‍വസാധാരണമാകാറുണ്ട്.

#ഡോ. ശോഭ സതീഷ് (വെറ്റിനറി സര്‍ജന്‍, SIAD, പാലോട്)
ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഓണക്കളികളും ഓണക്കോടിയും എല്ലാം ഉണ്ടെങ്കിലും സദ്യയും പായസവും ഇല്ലാതെ എന്താഘോഷം. അതിഥി സല്‍ക്കാരങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ചോറും കറികളും പാകംചെയ്യുമ്പോള്‍ പലപ്പോഴും ആവശ്യമുള്ളതിനേക്കാള്‍ അധികമാകുകയാണ് പതിവ്. 'പാഴായി പോകാതെ പശുവിന്റെ വയറ്റില്‍ പോകട്ടെ' എന്നതാണല്ലോ പലപ്പോഴും നടപ്പുശീലം. ഇതേ കാരണം കൊണ്ടുതന്നെ ഓണം പിന്നിടുമ്പോഴേയ്ക്കും കര്‍ഷകരില്‍ ഭൂരിപക്ഷത്തിന്റെയും ആടുമാടുകള്‍ കിടപ്പാകുന്നു.
അസുഖ കാരണം കൊടുക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന യാഥാർഥ്യമാണ്. ഓണം പോലുള്ള ആഘോഷങ്ങള്‍ കഴിയുമ്പോഴേക്കും പശുക്കളില്‍ വയര്‍ പെരുക്കം, വയറിളക്കം, മയക്കം, പാല്‍ചുരത്താതിരിക്കല്‍ ചിലപ്പോള്‍ മരണം പോലുമോ സര്‍വസാധാരണമാകാറുണ്ട്.
advertisement
ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ കാരണം അറിയണമെങ്കില്‍ പശുവിന്റെ ദഹനപ്രക്രിയയെ കുറിച്ച് അറിയേണ്ടതുണ്ട്. മനുഷ്യരില്‍ നിന്നും വ്യത്യസ്തമായി ആടുമാടുകളുടെ ആമാശയത്തിന് നാല് അറകളാണുള്ളത്. റൂമന്‍, റെറ്റിക്കുലം, ഒമാസം, അബോമാസം എന്നിവയാണവ. ഇതില്‍ മനുഷ്യന്റെ ആമാശയവുമായി ദഹനപ്രക്രിയയില്‍ സാമ്യമുള്ളത് അബോമാസത്തിനാണ്.
കന്നുകാലികളുടെ ദഹനേന്ദ്രിയത്തിന് ഏകദേശം 180 അടിയോളം നീളം ഉണ്ടാകും. ഇതില്‍ റൂമന്‍ എന്ന് അറയിലാണ് 70 ശതമാനം ആഹാരവും കെട്ടിക്കിടക്കുന്നത്. ഇതിന് 120 ലിറ്ററോളം ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ആദ്യത്തെ മൂന്ന് അറകളില്‍ 90 ശതമാനം ഖര വസ്തുക്കളും സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്താല്‍ പുളിപ്പിക്കലിന് ( fermentation) വിധേയമാകുന്നു.
advertisement
റൂമനില്‍ മാത്രം 200 തരം ബാക്ടീരിയകളും, ഇരുപതിലേറെ ഇനം മറ്റ് സൂക്ഷ്മാണുക്കളും( protozoa) ദഹന പ്രക്രിയയില്‍ ഭാഗഭാക്കാകുന്നു. ഇവയുടെ എന്‍സൈമുകള്‍ക്ക് മാത്രമേ സസ്യങ്ങളുടെ പ്രധാന ഘടകമായ സെല്ലുലോസിനെ ദഹിപ്പിക്കാനാകൂ. ഈ പുളിപ്പിക്കല്‍ പ്രക്രിയ വഴി ഖരവസ്തുക്കള്‍ കൊഴുപ്പിന്റെ അംശങ്ങളായും, കാര്‍ബണ്‍ ഡയോക്‌സൈഡ്, അമോണിയ, മീഥേന്‍ എന്നീ വാതകങ്ങളുമായി മാറുന്നു. ഈ കൊഴുപ്പ് അമ്ലങ്ങളാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. കന്നുകാലികളുടെ ഊര്‍ജ്ജവും ശക്തിയും ഈ ഫാറ്റി ആസിഡുകളാണ്. ഈ സൂക്ഷ്മാണുക്കള്‍ക്ക് പുല്ലും വയ്‌ക്കോലും അടങ്ങുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ പുളിപ്പിക്കാന്‍ മാത്രമല്ല അവയില്‍ നിന്നും പ്രോട്ടീനുകളും, ബികോംപ്ലക്‌സ് വിറ്റാമിനുകളും സൃഷ്ടിക്കുന്നതിനും കഴിയുന്നു.
advertisement
ഈ സൂക്ഷ്മാണുക്കള്‍ നിലനില്‍ക്കാനും അവയുടെ വംശവര്‍ദ്ധനക്കും വേണ്ടി ചില പ്രത്യേക സാഹചര്യങ്ങളും അത്യാവശ്യമാണ്. റൂമനിലെ അമ്ലത( PH) 67 ആയിരിക്കണം. ഊഷ്മാവ് 38-42 ഡിഗ്രി വേണം. അമ്ലത നിയന്ത്രിക്കുന്നത് ഉമിനീരിലൂടെ വരുന്ന കാര്‍ബണേറ്റുകളും, ഫോസ്‌ഫേറ്റുകളുമാണ്. ഈ സന്തുലിതാവസ്ഥയ്ക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ ദഹനപ്രക്രിയയുടെ താളം തെറ്റും. വിഭജിച്ച് പെരുകുന്ന കോടിക്കണക്കിന് സൂക്ഷ്മാണുക്കള്‍ ആമാശയത്തിന്റെ നാലാം അറയിലും, ചെറുകുടലിലും ദഹിക്കപ്പെടുകയും ആഗിരണം ചെയ്യപ്പെടുകയുമാണ് രീതി. ഇവയില്‍ നിന്നും പ്രോട്ടീനുകളും ബി കോംപ്ലക്‌സ് വൈറ്റമിനുകളും ലഭ്യമാകുന്നു.
advertisement
റൂമന്‍ എന്ന വലിയ അറ മണിക്കൂറില്‍ 45 മുതല്‍ 80 തവണ വരെ ശക്തമായി ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. അയവിറക്കലും ഉമിനീര്‍ പ്രവാഹവും, അറയുടെ ചുരുങ്ങല്‍ വികാസവും എല്ലാം ചേര്‍ന്ന് ഉള്ളിലെ ജൈവ വസ്തുക്കള്‍ ഇളകി മറിയും. പ്രതിപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരന്തരം ഉണ്ടാകുന്ന വാതകങ്ങള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടും ( belching). ഇതിന് കഴിയാതെ വരുമ്പോഴാണ് വയര്‍ പെരുക്കം ഉണ്ടാകുന്നത്.
അമിതമായ അന്നജം അടങ്ങിയ ചോറ്,കഞ്ഞി, പായസം, ധാന്യപ്പൊടികള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്ളില്‍ ചെന്നാല്‍ ഫാറ്റി ആസിഡുകള്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുകയും അതോടെ റൂമന്റെ അമ്ലത വളരെ താഴ്ന്നു പോകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി ലാക്ടിക് ആസിഡ് പുറപ്പെടുവിയ്ക്കുന്ന സൂക്ഷ്മാണുക്കള്‍ കൂടുതലായി ഉണ്ടാവുകയും ലാക്ടിക് ആസിഡ് കൂടുകയും ചെയ്യുന്നു. ലാക്ടിക് ആസിഡ് കുറച്ചു വീര്യം കൂടിയതായതിനാല്‍ PH വീണ്ടും താഴ്ന്ന് ദഹനത്തെ ബാധിച്ച്, ശരീരത്തിനാവശ്യമുള്ള സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു. ഇത് അസിഡോസിസ് എന്ന അപകടാവസ്ഥയിലേക്ക് നയിയ്ക്കുന്നു.
advertisement
വയര്‍ പെരുക്കം, പനി, തളര്‍ച്ച, വിശപ്പില്ലായ്മ, നടക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, നിര്‍ജലീകരണം, കുറഞ്ഞ പാലുല്പാദനം തുടങ്ങി പെട്ടെന്നുള്ള മരണംവരെ ഇതിനനുബന്ധമായി സംഭവിക്കുന്നു . ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വെറ്റിനറി സര്‍ജനെ ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
OPINION | ബാക്കിയാകുന്ന സദ്യ പശുക്കള്‍ക്ക് നല്‍കുമ്പോള്‍
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement