'ന്യൂഡൽഹിയുടെ അവകാശം ചോദിച്ചുവരുന്ന രജനികാന്ത്; സംവിധായകനാകാതെ പോയ പ്രേംനസീർ'; ഡെന്നീസ് ജോസഫ് എഴുതുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ച് എഴുതുന്ന ‘നിറക്കൂട്ടുകളില്ലാതെ' എന്ന പുസ്തകത്തിന് വി.ആര്‍. സുധീഷ് എഴുതിയ അവതാരിക.
വി.ആര്‍. സുധീഷ്
മൂന്ന് ദശാബ്ദക്കാലം മലയാള സിനിമയില്‍ സ്വന്തം തിരക്കഥയെ ചാലകശക്തിയാക്കി മാറ്റിയ ഡെന്നീസ് ജോസഫ് ഓര്‍മ്മകള്‍ പറയുകയാണ്. ശരിക്കും ഇതൊരു നിഷ്‌ക്കളങ്കമായ വര്‍ത്തമാനമായിരുന്നു. സ്റ്റോറി ടെല്ലിംഗിന്റെ ശോഭയുള്ള സംവേദനം. അതൊക്കെയും ലിഖിതരൂപത്തിലായപ്പോള്‍ 'നിറക്കൂട്ടുകളില്ലാതെ' എന്ന ജീവിത പുസ്തകമായി മാറുന്നു. നിറക്കൂട്ടോ, ന്യൂഡല്‍ഹിയോ, രാജാവിന്റെ മകനോ, അഥര്‍വ്വമോ കണ്ട മലയാളിയോട് ഡെന്നീസ് ജോസഫിന്റെ സവിശേഷതകള്‍ വിസ്തരിക്കേണ്ടതില്ല. അദ്ദേഹം പത്താം നിലയിലെ തീവണ്ടി, ചിരട്ടപ്പാട്ടങ്ങള്‍ തുടങ്ങിയ ശ്രദ്ധേയമായ കഥകള്‍ എഴുതിയ കഥാകൃത്ത് കൂടിയാണ്.
തിരക്കഥാകാരനില്‍ ദൃശ്യവ്യാഖ്യാതാവും ഉചിതമായി സമ്മേളിക്കുമ്പോഴുണ്ടാവുന്ന സൗന്ദര്യസാകല്യത ഡെന്നീസ് എഴുതിയതും സംവിധാനം ചെയ്തതുമായ ചിത്രങ്ങള്‍ക്കുണ്ട്. പൊതുവേദികളിലോ, പത്രദൃശ്യമാധ്യമങ്ങളിലോ പ്രത്യക്ഷപ്പെടാതെ നിശബ്ദനായി തന്റെ എഴുത്തുമുറിയിലൊളിച്ച ഡെന്നീസ് ജോസഫ് അനുഭവം പറയുമ്പോള്‍ നാം അന്തം വിട്ടുപോകുന്നു. കൗതുകവും ജിജ്ഞാസയും നടുക്കവുംകൊണ്ട് നമ്മെ പിടിച്ചിരുത്തുന്ന ഒരു ഡെന്നീസ് തിരക്കഥയുടെ പ്രശംസനീയമായ ആര്‍ജവശോഭ ഇതിനുണ്ട്. മലയാള സിനിമയുടെ ഒരുകാലഘട്ടത്തിന്റെ ചരിത്രംകൂടി ഈ ഋജുമൊഴികളില്‍ നിന്നും നാം വായിച്ചെടുക്കുന്നു. തന്നെക്കുറിച്ചല്ല, താന്നോട് ചേർന്നു നിൽക്കുന്നവരെക്കുറിച്ചാണ് ഈ ആത്മകഥ. നിറക്കൂട്ടില്ലാതെ അത് നിര്‍വഹിക്കപ്പെടുന്നത് പരഭാഗശോഭ!
advertisement
ഡെന്നീസ് ജോസഫ് സിനിമയ്ക്കുവേണ്ടി പറഞ്ഞ കഥകള്‍ക്കൊക്കെയും അപരിചിതമായ വേറിടല്‍ ഉണ്ടായിരുന്നു. ഈറന്‍ സന്ധ്യതൊട്ട് തോംസന്‍വില്ലവരെ പ്രേക്ഷകരത് അനുഭവിച്ചു. ന്യൂഡല്‍ഹിയില്‍ പുനരവതരിക്കാന്‍, രാജാവിന്റെ മകനില്‍ പ്രസരിക്കാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സാദ്ധ്യമായത് ആ തിരക്കഥയുടെ ഊദാരോര്‍ജ്ജം കൊണ്ടാണ്. രാജാവിന്റെ മകനിൽതന്നെയാണ് സുരേഷ് ഗോപിയും സാന്നിദ്ധ്യമറിയിച്ചത്. കൊടൂരമായ സംഭാഷണങ്ങള്‍ പാരഗ്രാഫില്ലാതെ ചൊല്‍ക്കാഴ്ചയാക്കുന്ന നായകന്മാരെയല്ല ഡെന്നീസ് സൃഷ്ടിച്ചത്. ജീവിതം പറയുന്ന, ജീവിക്കാനായുന്ന സാഹസികരാണ് മിക്ക നായകന്മാരും. കുട്ടപ്പായിയും, രവിവര്‍മ്മയും, കുഞ്ഞച്ചനും, ടോണികുരിശിങ്കലും, വിന്‍സെന്റ് ഗോമസും, കൃഷ്ണമൂര്‍ത്തിയുമെല്ലാം മലയാളിയുടെ ജീവിത പരിസരങ്ങളിലേക്ക് കുടിയേറിയവരല്ല, ഈ ഭൂമികയില്‍ നിന്ന് കഥാപാത്രങ്ങളായി തിടംവെച്ച് മുതിന്നര്‍വരാണ്.
advertisement

'ഷോലെ' കഴിഞ്ഞാല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ 'ന്യൂഡല്‍ഹി' ആണെന്ന് മണിരത്‌നം പറയുന്നതില്‍ യാഥാര്‍ത്ഥ്യമുണ്ട്. കമേഴ്‌സ്യലായും ആര്‍ട്ടായാലും തിരക്കഥ തന്നെയാണ് സിനിമയെ ചാരുതയില്‍, സമഗ്രതയില്‍ സംഗ്രഹിക്കുന്നത്. ചിലയിടങ്ങളില്‍ അതിനാടകീയമാകുമ്പോഴും ഉറൂബിന്റെ തിരക്കഥതന്നെയാണ് നീലക്കുയിലിന്റെ ജീവശക്തി. സര്‍ഗ്ഗാത്മകത ഒട്ടും സ്വയം അവകാശപ്പെടാനില്ലാത്ത ഒരാള്‍ ഒരുപാട് സിനിമകൾ കണ്ടും വായിച്ചും വളര്‍ന്ന തിരക്കഥാകാരന്റെ മകുടമണിയുന്ന ഈ യാത്രാപഥത്തില്‍ നമ്മളും ഒപ്പം ചേരുന്നു. ഒരുപാട് മനുഷ്യരെ അറിഞ്ഞും ആലോചിച്ചും ആനന്ദിച്ചും ദുഃഖിച്ചും ഏറ്റവും വലിയ ജനപ്രിയകലയുടെ നിരവധി മുന്നാമ്പുറവും പിന്നാമ്പുറവും കാണുന്നു. അത്തരം കാഴ്ചകള്‍ തന്നവര്‍ മലയാള സിനിമയില്‍ എത്രപേരുണ്ട്?
advertisement
Also Read- ഗായകൻ ഹരിഹരന്റെ ആദ്യ മലയാള ചലച്ചിത്ര ഗാനത്തിന് 40 വയസ് തികയുന്നു
ഒരു സാധാരണ മനുഷ്യന്റെ മനസ്സില്‍ ആളുകള്‍ അവരായിട്ടുതന്നെയാണ് പതിഞ്ഞുകിടക്കുന്നത്. അവരുടെ അന്തരംഗമോ ബാഹ്യരംഗങ്ങളോ അവരുടെ ആലോചനയിലില്ല. എന്നാല്‍ അങ്ങനെ ഒരു കഥാപാത്രം സാഹിത്യത്തിലോ ഇതരകലാരൂപങ്ങളിലോ വരുമ്പോള്‍ അവരുടെ ക്യാരക്ടര്‍ ആളുകളുടെ മനസ്സില്‍ പതിയും. നിത്യപരിചയമുള്ള മനുഷ്യരെ വിശദമായി തിരിച്ചറിയാന്‍ കല തന്നെയാണ് ഉപാധി. മനുഷ്യജീവിതത്തില്‍ നിന്ന്പൊക്കിയെടുത്ത് കഥാപാത്രങ്ങളാക്കി പാകപ്പെടുത്തി മനുഷ്യ സമൂഹത്തിന് പരിചയപ്പെടുത്തി ജീവിതം ഇങ്ങനെയൊക്കെയാണെന്ന് പറഞ്ഞു കൊടുക്കുന്ന സര്‍ഗ്ഗക്രിയാവിശേഷമല്ലേ സാഹിത്യം!
advertisement

സിനിമയുടെ തിരക്കഥയെ അതിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ നാം വൈകി. അതിനെ സര്‍ഗ്ഗാത്മകമായി കാണാന്‍ ഒരു കുറച്ചിലുണ്ടായിരുന്നു കുറേക്കാലം മുന്‍പുവരെ! ഇപ്പോള്‍ തിരക്കഥയും ഗാനസാഹിത്യവുമെല്ലാം വിവിധ പാഠ്യപദ്ധതികളിലെത്തി. ഒരിടത്തൊരു ഫയല്‍വാനും, വടക്കന്‍വീരഗാഥയും, കൊടിയേറ്റവും, യവനികയും, കിരീടവും, ന്യൂഡല്‍ഹിയുമെല്ലാം തിരക്കഥ സിനിമയുടെ ജൈവികനാഡീവ്യൂഹമാണെന്ന് സമര്‍ത്ഥിക്കുന്നു. അങ്ങനെയൊരു അവകാശവാദമേ ഇല്ലാതെ ചലച്ചിത്രജീവിതത്തെ തിരിഞ്ഞുനോക്കുന്ന ഡെന്നീസ് ജോസഫ് നമ്മെ അത്ഭുതപ്പെടുത്തും. അദ്ദേഹം പറയുന്നത് ഇതരമനുഷ്യരെക്കുറിച്ചാണ്. വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ! സംവിധായകന്‍ ശശികുമാറിനെക്കുറിച്ചോ എബി രാജിനെക്കുറിച്ചോ പില്‍ക്കാലത്ത് ആരെങ്കിലും പറഞ്ഞു കേട്ടതായി അറിവുണ്ടോ? ഒരു കാലത്തെ സൂപ്പര്‍ഹിറ്റ് പ്രേംനസീര്‍ ജയന്‍ സിനിമകള്‍ എഴുതിയ പാപ്പനംകോട് ലക്ഷ്മണനാണ് 'സത്ക്കലാദേവിതന്‍ ചിത്രഗോപുരങ്ങളേ' എന്ന പ്രശസ്തമായ നാടക യവനികഗാനം എഴുതിയതെന്ന് അറിവുള്ളവര്‍ എത്രപേര്‍ കാണും?
advertisement

എസ്.പി. പിള്ള ഒരു അസാധാരണ നടനായിരുന്നു എന്നത് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ദേവരാജന്‍ മാസ്റ്ററുടെയും ഒ.എന്‍.വി.യുടെയും നാം കാണാത്ത മനസ്സ് ഇതില്‍ പ്രകാശിക്കുന്നു. മലയാള സിനിമയ്ക്ക് കേള്‍ക്കാന്‍ കഴിയാതെപോയ ഒട്ടേറെ ഗാനങ്ങൾ സുന്ദര്‍ രാജന്‍ എന്ന സംഗീത സംവിധായകനിലൂടെ കേൾക്കുന്നു. അറിയപ്പെടാതെ കാലത്തില്‍ മറഞ്ഞ ക്യാമറാമാന്‍ തോമസിന്റെയും മുരുകന്റെയും മുഖം തെളിയുന്നു. സംവിധായകനാകാന്‍ കഴിയാതെ പോയ പ്രേംനസീറിനെയും ന്യൂഡല്‍ഹിയുടെ അവകാശം ചോദിച്ചുവരുന്ന രജനീകാന്തിനെയും വായിച്ച് നടുങ്ങുന്നു. വിന്‍സെന്റ് മാസ്റ്ററുടെയും പി.ബി. ശ്രീനിവാസിന്റെയും സമര്‍പ്പണവും വിനീതത്വവും, കോടീശ്വരറാവുവിന്റെ അത്ഭുതകരമായ പ്രതിഭാവിലാസം, കാലത്തിനക്കരെനിന്ന് പാടുന്ന മെഹബൂബ്, മഴ പകര്‍ത്തി മഴയിലൊടുങ്ങിയ വിക്ടര്‍, മലയാളികളെ പാട്ടിലാക്കിയ കാസറ്റ് കമ്പനി ഉടമ ഉസ്മാന്‍....! തീരുന്നില്ല, ഈ പച്ചയും കത്തിയുമില്ലാത്ത വേഷങ്ങള്‍! ഇത് കഥകളിയല്ല. കളിച്ച കഴിയുടെ അകത്തും പുറത്തമുള്ള സാധാരണ മനുഷ്യരുടെ കല! അവരില്‍ പലര്‍ക്കും വിലാസങ്ങളില്ലായിരുന്നു. ഇപ്പോള്‍ ഉണ്ട്. നിറക്കൂട്ട് നല്‍കാതെ അവരെ ഡെന്നീസ് ജോസഫ് നമുക്ക് കാണിച്ചുതരുന്നു. നന്ദിയുടെയും നന്ദികേടിന്റെയും യാഥാര്‍ത്ഥ്യം വിളിച്ചു പറയുന്നു. നീണ്ട നിശ്ശബ്ദതയ്ക്കുശേഷം വീണ്ടും വലിയ കാഴ്ചാനുഭവങ്ങളുമായി ഈ ചലച്ചിത്രകാരനെ നമുക്ക് കാത്തിരിക്കാം.
advertisement
(മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. )
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2020 4:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'ന്യൂഡൽഹിയുടെ അവകാശം ചോദിച്ചുവരുന്ന രജനികാന്ത്; സംവിധായകനാകാതെ പോയ പ്രേംനസീർ'; ഡെന്നീസ് ജോസഫ് എഴുതുന്നു