ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 21 ദ്വീപുകള്‍ ഇനി പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരിൽ അറിയപ്പെടും. ദേശീയ പരാക്രം ദിവസായ ഇന്ന് (ജനുവരി 23) ദ്വീപുകള്‍ക്ക് ഔദ്യോഗികമായി പേരിടും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സ്വാതന്ത്ര്യ സമര സേനാനിയായ സുബാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ആൻഡമാനിൽ നേതാജിയുടെ പേരില്‍ നിര്‍മ്മിക്കുന്ന നേതാജി ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി ഇന്ന് അനാഛാദനം ചെയ്യും.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പ്രധാന ദ്വീപായ റോസ് ഐലന്റിന് നേതാജിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വീപ് സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു റോസ് ദ്വീപിന് നേതാജിയുടെ പേര് നല്‍കിയത്. നീല്‍ ദ്വീപിന്റെയും ഹാവ്‌ലോക്ക് ദ്വീപിന്റെയും പേരും അന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. നീല്‍ ദ്വീപ് ഇപ്പോള്‍ അറിയപ്പെടുന്നത് ഷഹീദ് ദ്വീപെന്നും ഹാവ്‌ലോക് ദ്വീപ് ഇന്ന് അറിയപ്പെടുന്നത് സ്വരാജ് ദ്വീപ് എന്നുമാണ്.
Prime Minister Narendra Modi participates in a ceremony to name the 21 largest unnamed islands of Andaman & Nicobar Islands, via video conferencing. PM will also unveil the model of the National Memorial dedicated to Netaji to be built on Netaji Subhas Chandra Bose Dweep. pic.twitter.com/jBouUvl0Rv
— ANI (@ANI) January 23, 2023
‘രാജ്യത്തിന്റെ യഥാര്‍ത്ഥ നായകന്‍മാരായ സ്വാതന്ത്ര്യസമരസേനാനികളെ അങ്ങേയറ്റം ബഹുമാനിക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയുടേത്. ഇതിന്റെ ഭാഗമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 21 ദ്വീപുകള്‍ക്ക് പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരിടാന്‍ തീരുമാനിച്ചിരിക്കുന്നു,’ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ആന്‍ഡമാനിലെ പേരില്ലാത്ത ഏറ്റവും വലിയ ദ്വീപിന് ആദ്യമായി പരമവീര ചക്ര ലഭിച്ചയാളുടെ പേരിടുമെന്നും രണ്ടാമത്തെ ഏറ്റവും വലിയ ദ്വീപിന് രണ്ടാമത്തെ പരമവീര ചക്ര ജേതാവിന്റെ പേരിടുമെന്നും പ്രസ്താവനയില്‍ പറയുന്നു.
” രാജ്യത്തിന്റെ യഥാര്‍ത്ഥ നായകന്‍മാര്‍ക്കുള്ള ഒരു ഉപഹാരമാണിത്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ ജീവന്‍ പണയം വെച്ചവരാണ് അവര്‍,’ എന്നും പ്രസ്താവനയില്‍ പറയുന്നു.
മേജര്‍ സോമനാഥ് ശര്‍മ്മ; സുബേദാര്‍, ഹോണി ക്യാപ്റ്റന്‍ ( ലാന്‍സ് നായിക്) കരം സിംഗ്, എംഎം; രണ്ടാം ലെഫ്റ്റനന്റ് രാമ രഘോബ റാണെ, നായക് ജാദുനാഥ് സിംഗ്, കമ്പനി ഹവില്‍ദാര്‍ മേജര്‍ പിരു സിംഗ്, ക്യാപ്റ്റന്‍ ജിഎസ് സലാരിയ, ലെഫ്റ്റനന്റ് കേണല്‍ (മേജര്‍) ധന് സിംഗ് ഥാപ്പ, സുബേദാര്‍ ജോഗീന്ദര്‍ സിംഗ്, മേജര്‍ ഷൈതാന്‍ സിംഗ്, അബ്ദുള്‍ ഹമീദ്, ലഫ്റ്റനന്റ് കേണല്‍ അര്‍ദേശിര്‍ ബര്‍സോര്‍ജി താരാപൂര്‍, ലാന്‍സ് നായിക് ആല്‍ബര്‍ട്ട് എക്ക, മേജര്‍ ഹോഷിയാര്‍ സിംഗ്, രണ്ടാം ലെഫ്റ്റനന്റ് അരുണ്‍ ഖേത്രപാല്‍, ഫ്‌ലയിംഗ് ഓഫീസര്‍ നിര്‍മ്മല്‍ജിത് സിംഗ് സെഖോണ്‍, മേജര്‍ രാമസ്വാമി പരമേശ്വരന്‍; നായിബ് സുബേദാര്‍ ബനാ സിംഗ്, ക്യാപ്റ്റന്‍ വിക്രം ബത്ര, ലഫ്റ്റനന്റ് മനോജ് കുമാര്‍ പാണ്ഡെ, സുബേദാര്‍ മേജര്‍ ( റൈഫിള്‍മാന്‍) സഞ്ജയ് കുമാര്‍, സുബേദാര്‍ മേജര്‍ റിട്ട. (ഹോണി ക്യാപ്റ്റന്‍) ഗ്രനേഡിയര്‍ യോഗേന്ദ്ര സിംഗ് യാദവ് എന്നീവരുടെ പേരുകളാണ് ദ്വീപുകള്‍ക്ക് നല്‍കുക.
അതേസമയം ദേശീയ പരാക്രം ദിവസിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച ആന്‍ഡമാനില്‍ എത്തിയിട്ടുണ്ട്. നേതാജിയുടെ ജന്മദിനമായ ജനുവരി 23ന് അദ്ദേഹം പൊതുപരിപാടിയില്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.