സജ്ജയകുമാർ
കന്യാകുമാരി : മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിലെ മാശികൊട മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 7.30നും 8.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തൃക്കൊടിയേറ്റ്. തുടർന്ന് ഹൈന്ദവ സേവാ സംഘത്തിന്റെ മതസമ്മേളന പന്തലിൽ 86-ാമത് സമ്മേളനം കൊടിയേറും.
തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ പങ്കെടുക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ വിശേഷ പൂജകളും അഭിഷേകങ്ങളും നടക്കും. 6 മുതൽ 14 വരെയുള്ള തീയതികളിൽ രാവിലെയും രാത്രി 9.30നും ദേവി വെള്ളിപ്പല്ലക്കിൽ എഴുന്നള്ളും.
Also Read- അയ്യാ വൈകുണ്ഠ സ്വാമി അവതാര ദിന ഘോഷയാത്ര; കന്യാകുമാരി ജില്ലയിൽ ഇന്ന് അവധി
മാർച്ച് 10ന് രാത്രി 12ന് ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ വലിയ പടുക്ക സമർപ്പണം നടക്കും. 13ന് രാത്രി 9.30ന് വലിയ തീവെട്ടി എഴുന്നള്ളത്ത്, 14ന് പുലർച്ചെ ശാസ്താക്ഷേത്രത്തിൽ നിന്ന് കളഭ ഘോഷയാത്ര തിരിക്കും. രാത്രി 9.30ന് ദേവീ എഴുന്നള്ളത്ത്. രാത്രി 12ന് ഒടുക്ക് പൂജയ്ക്കുള്ള പദാർത്ഥങ്ങൾ പാരമ്പര്യ ആചാരപ്രകാരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി 1ന് ഒടുക്ക് പൂജ. മറുകോട മാർച്ച് 21ന്.
പ്രത്യേക ബസ് സർവീസ്
മണ്ടയ്ക്കാട് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരത്ത് നിന്നും തമിഴ്നാട് ട്രാൻസ്‌പോർടിന്റെ പ്രത്യേക ബസ് സർവീസുകളും ഉണ്ട്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ 1000 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.