കൊല്ലങ്കോട് തൂക്കം 16-ന് കൊടിയേറും;10 ലക്ഷം ഭക്തരെത്തുമെന്ന് സംഘാടകർ
- Published by:Arun krishna
- news18-malayalam
Last Updated:
മാര്‍ച്ച് 16ന് രാത്രി എട്ടിന് തൂക്ക മഹോത്സവ സമ്മേളന ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും
കേരള- തമിഴ്നാട് അതിർത്തി പ്രദേശമായ കൊല്ലങ്കോട്ടെ ഭദ്രകാളി മുടിപ്പുര ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ തൂക്ക മഹോത്സവത്തിന് മാര്‍ച്ച് 16-ന് കൊടിയേറും. രാത്രി ഏഴിനാണ് കൊടിയേറ്റ്. ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണന്നും ഇക്കുറി 10 ലക്ഷം ഭക്തർ ഉത്സവച്ചടങ്ങുകളിൽ പങ്കെടുക്കുമെന്നും ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.
മാര്‍ച്ച് 16ന് രാത്രി എട്ടിന് തൂക്ക മഹോത്സവ സമ്മേളന ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. മധുര ആദീനം സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കന്യാകുമാരി എം.പി വിജയ് വസന്ത്, കിള്ളിയൂര്‍ എംഎല്‍എ എസ്.രാജേഷ് കുമാര്‍, നയിനാര്‍ നാഗേന്ദ്രന്‍ എംഎല്‍എ, കൊല്ലങ്കോട് മുന്‍സിപ്പല്‍ അധ്യക്ഷ റാണി.എസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
advertisement
20-ന് രാവിലെ എട്ടിന് ആത്മീയ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നടക്കും. 25-ന് രാവിലെ അഞ്ചിന് ദേവി പച്ചപ്പന്തലിലേക്കു എഴുന്നള്ളും. 6.30-ന് പാരമ്പര്യ ചടങ്ങുകളോടെ തൂക്കനേർച്ചയ്ക്ക് തുടക്കമാകും. വില്ലിൻമൂട്ടിൽ ഗുരുസി സമർപ്പണത്തോടെ ഉത്സവച്ചടങ്ങുകൾ പൂർണമാകും.
കൊല്ലങ്കോട് ദേവിക്ക് മുന്നിൽ തൂക്കനേർച്ച നടത്താൻ ഇതുവരെ 700 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കുറി 1500 ഓളം തൂക്കനേർച്ച പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.
advertisement
തൂക്കം വഴിപാട്
കൊല്ലങ്കോട്ട് ഭദ്രകാളി മുടിപ്പുര ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് തൂക്കം. മീനഭരണി നാളിലാണ് ചടങ്ങ്. തൂക്കം ആദ്യമായി ആരംഭിക്കുന്നത് ഈ ക്ഷേത്രത്തിലാണ്. തൂക്കക്കാരന് പത്തുദിവസത്തെ വൃതം. ഇതില്‍ ഏഴുദിവസം ക്ഷേത്രത്തില്‍ തന്നെ കഴിയണം.പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടാണ് വേഷം. രാവിലെയും വൈകിട്ടും നമസ്ക്കാരമുണ്ട്. ഇരട്ടവില്ലുകളാണിവിടെ ഉപയോഗിക്കുക. ഈ വില്ലുകളെ തടികൊണ്ടുള്ള രഥത്തില്‍ ഘടിപ്പിക്കുന്നു.
തൂക്കക്കാരന്റെ കൈയില്‍ നേര്‍ച്ച തൂക്കത്തിനുള്ള കുഞ്ഞുങ്ങളെ ഏല്‍പ്പിക്കുന്നു. കുഞ്ഞുങ്ങളെയും കൊണ്ട് തൂക്കക്കാരന്‍ ക്ഷേത്രത്തിനു ചുറ്റും നാല്‍പ്പതടി പൊക്കത്തില്‍ പ്രദക്ഷിണം വയ്ക്കും. ഇതാണ് പിള്ളതൂക്കം. എട്ടുപേരാണ് ഒരു പ്രാവശ്യം ക്ഷേത്രത്തിന് വലം വയ്ക്കുന്നത്. ആദ്യത്തെ തൂക്കം ദേവിക്കുള്ളതാണ്. അതില്‍ കുട്ടികള്‍ ഉണ്ടാകില്ല. തൂക്കത്തിനായി മൂലക്ഷേത്രത്തില്‍ നിന്നും ഭക്തിനിര്‍ഭരമായ എഴുന്നെള്ളത്തുണ്ടാകും. രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന തൂക്കം പിറ്റേദിവസം വരെ നീളും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
March 05, 2023 8:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
കൊല്ലങ്കോട് തൂക്കം 16-ന് കൊടിയേറും;10 ലക്ഷം ഭക്തരെത്തുമെന്ന് സംഘാടകർ