പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുക എന്നത് വലിയ നേട്ടം തന്നെ ആണ്. പക്ഷേ കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ജയസൂര്യ നേടിയ എ പ്ലസുകൾക്ക് തിളക്കം കൂടുതലാണ്. എ പ്ലസ് നേടുന്നവർ എല്ലാം പുസ്തകത്തിൽ മാത്രം ജീവിക്കുന്നവരല്ലെന്ന് മനസിലാക്കാം, ജയസൂര്യയെ പരിചയപ്പെട്ടാൽ. നിർമാണ ജോലി ചെയ്യുന്നതിനിടെയാണ് ജയസൂര്യ തൻ്റെ പ്ലസ് ടു ഫലം അറിഞ്ഞത്. എല്ലാ വിഷയത്തിലും എ പ്ലസ്.
പോക്കറ്റ് മണി ഉണ്ടാക്കാൻ അല്ല ജയസൂര്യ ഒഴിവ് സമയത്ത് നിർമാണ ജോലിക്ക് പോകുന്നത്. മറിച്ച് കുടുംബം നോക്കാൻ വേണ്ടി ആണ്. തമിഴ്നാട്ടിലെ വില്ലുപുരം ആണ് ജയസൂര്യയുടെ സ്വദേശം. പക്ഷേ ഇവൻ ജനിച്ചതും വളർന്നതും എല്ലാം ഇവിടെ കേരളത്തിൽ ആണ്. 20 കൊല്ലം മുൻപ് ആണ് ജയസൂര്യയുടെ അച്ഛൻ രാജാ കണ്ണനും ഗോവിന്ദാമ്മയും വില്ലുപുരത്ത് നിന്നും കോട്ടക്കൽ വരുന്നത്.
ഒരു അപകടത്തിൽ പരിക്കേറ്റ് അച്ഛൻ കിടപ്പിൽ ആയതോടെ അമ്മ ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ആണ് കുടുംബം നോക്കിയത്. പഠനത്തിൽ മിടുക്കൻ ആയ ജയസൂര്യ ഒഴിവ് ദിവസങ്ങളിൽ ജോലിക്ക് പോയി തുടങ്ങി. കോവിഡ് കാലത്ത് അമ്മക്ക് പുറത്ത് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ അച്ഛൻ്റെ മരുന്ന് ചെലവും വീട്ടു വാടകയും കുടുംബ ചെലവും എല്ലാം ജയസൂര്യയുടെ മാത്രം ചുമലിൽ ആയി. ഇതോടെ അവൻ നിർമാണ ജോലിക്ക് പോയി തുടങ്ങി.
കഴിഞ്ഞ ദിവസം ജോലിക്ക് ഇടയിൽ ആണ് പ്ലസ് ടു ഫലം അവൻ അറിഞ്ഞതും. ഇനി പഠിക്കണം നല്ല ജോലി നേടണം.. ആഗ്രഹിക്കാൻ ജയസൂര്യക്ക് ഇപ്പോൾ ആത്മവിശ്വാസം കൂടി കൈവന്നു. ജയസൂര്യയുടെ മിന്നും ജയത്തോടെ മറ്റ് ചില നല്ല കാര്യങ്ങൾ കൂടി നടന്നു. അവന് കൂടുതൽ പഠന സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര് വന്നു കഴിഞ്ഞു. അച്ഛൻ്റെ ചികിത്സയും ഇവർക്ക് സ്വന്തമായി ഒരു വീടും നൽകുമെന്നും സുമനസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Plus two Exam, Plus two result