മഹാരാഷ്ട്ര പോലീസ് മേധാവിയായി രശ്മി ശുക്ല; സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി
- Published by:Vishnupriya S
- news18-malayalam
Last Updated:
ആരാണ് രശ്മി ശുക്ല?
മഹാരാഷ്ട്രയിലെ പോലീസ് മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ രശ്മി ശുക്ലയെ നിയമിച്ചു. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവര്‍. രശ്മി ശുക്ലയെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന ആഭ്യന്തരവകുപ്പ് വ്യാഴാഴ്ച പുറത്തിറിക്കി. എന്നാല്‍, രശ്മിയെ ഡിജിപിയായി നിയമിച്ചതിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാരിന്റെ കാലത്ത് ഫോണ്‍ചോര്‍ത്തൽ കേസുകളില്‍ രശ്മി ശുക്ലയുടെ പേര്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു.
ആരാണ് രശ്മി ശുക്ല?
1988 ബാച്ചിലെ ഇന്ത്യന്‍ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥയാണ് രശ്മി ശുക്ല. മഹാരാഷ്ട്ര പോലീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥ കൂടിയാണവര്‍. ജിഡിപിയായി നിയമിക്കപ്പെടും മുമ്പ് അവര്‍ സശാസ്ത്ര സീമ ബാലിന്റെ(എസ്എസ്ബി) മേധാവിയായി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നു. 2023 ഡിസംബര്‍ 31-ന് വിരമിച്ച രജനീഷ് സേഠിന് പകരമായി വിവേക് ഫാന്‍സാല്‍കറിനെയാണ് ഡിജിപിയുടെ അധിക ചുമതല കൂടി നല്‍കി നിയമിച്ചിരുന്നത്. മുംബൈ പോലീസ് കമ്മിഷണർ കൂടിയായ വിവേക് ഫാന്‍സാല്‍കറില്‍ നിന്നാണ് രശ്മി ഡിജിപി ചുമതലയേല്‍ക്കുക.
advertisement
59-കാരിയായ രശ്മി പൂനെ പോലീസ് കമ്മിഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഏറെ പേരുകേട്ട 'ബഡ്ഡി കോപ്പ്' തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കമിട്ടത് രശ്മി ശുക്ലയാണ്. രശ്മിക്ക് ബിജെപി സര്‍ക്കാരുമായി അടുത്തബന്ധമുണ്ടെന്ന കാര്യം എംവിഎ 2019-ല്‍ അധികാരമേറ്റെടുത്തപ്പോള്‍ കണ്ടെത്തിയിരുന്നു. 2020-ല്‍ ഇവരെ സ്റ്റേറ്റ് ഇന്റലിജന്‍സ് കമ്മീഷണര്‍ (എസ്‌ഐഡി) സ്ഥാനത്തു നിന്ന് സിവില്‍ ഡിഫന്‍സിലേക്ക് മാറ്റി. 2021 ഫെബ്രുവരിയില്‍ എഡിജി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ആയി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയി. പിന്നീട് എസ്എസ്ബി മേധാവിയുടെ ചുമതല നല്‍കി.
advertisement
2024 ജൂണില്‍ വിരമിക്കുന്ന രശ്മിയുടെ കാലാവധി ആറ് മാസമായിരിക്കും. എന്നിരുന്നാലും, മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ മഹാരാഷ്ട്ര സര്‍ക്കാരിന് അവരുടെ സേവനം നീട്ടി നല്‍കാന്‍ കഴിയും. ബിജെപിയുടെ ദേവേന്ദ് ഫഡ്‌നാവിസ് സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ ചില പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ അനധികൃതമായി ചോര്‍ത്തിയെന്ന് ആരോപിച്ച് മൂന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആ സമയം രശ്മി ശുക്ലയായിരുന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവി. ഇതുമായി ബന്ധപ്പെട്ട് ശുക്ലയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്ന് എഫ്ഐആറുകളില്‍ രണ്ടെണ്ണം 2023 സെപ്റ്റംബറില്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി.
advertisement
റദ്ദാക്കിയ രണ്ട് എഫ്ഐആറുകള്‍ പൂനെയിലും ദക്ഷിണ മുംബൈയിലെ കൊളാബയിലുമാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയുടെ ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്തുവെന്നാരോപിച്ചാണ് പൂനെയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ശിവസേന (യുബിടി) എംപി സഞ്ജയ് റൗട്ട്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ഏക്നാഥ് ഖഡ്സെ എന്നിവരുടെ ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്തുവെന്ന കുറ്റത്തിനാണ് മുംബൈയില്‍ കേസെടുത്തിരിക്കുന്നത്. പൂനെ എഫ്ഐആറില്‍, പോലീസ് ഒരു സി-സമ്മറി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ചെയ്തത്. അതേസമയം മുംബൈ കേസില്‍ ശുക്ലയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും ചെയ്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Maharashtra
First Published :
January 05, 2024 9:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
മഹാരാഷ്ട്ര പോലീസ് മേധാവിയായി രശ്മി ശുക്ല; സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി