ജോലിഭാരം കൊണ്ട് കത്തിതീരണ്ട! 25-ാം വയസ്സിൽ വിരമിക്കാം; റിട്ടയർമെന്റ് ഹോമിൽ ബുക്കിംഗ് ഫുൾ
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:meera_57
Last Updated:
ജോലിഭാരം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ഭവനവായ്പ തുടങ്ങിയ വിവിധ സമ്മർദ്ദങ്ങളിൽ കഴിയുന്ന യുവാക്കൾക്ക് ഒരു താൽക്കാലിക ആശ്വാസകേന്ദ്രമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്
ജോലി ചെയ്ത് മടുത്തോ? എങ്കിൽ ഇനി അൽപ്പം മടിപിടിച്ചിരുന്നാലോ? സംഗതി സത്യമാണ്, ജോലി ഭാരംകൊണ്ട് സമ്മർദ്ദം അനുഭവിക്കുന്ന യുവതീയുവാക്കൾക്കായി മലേഷ്യയിൽ വ്യത്യസ്തമായ ഒരു താമസകേന്ദ്രം ഒരുങ്ങിയിരിക്കുകയാണ്. പ്രവർത്തനമാരംഭിച്ച് ആദ്യ മാസത്തിൽ തന്നെ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു ജെൻസീ വിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഈ റിട്ടയർമെന്റ് ഹോം. ഇവിടെ താമസിക്കണമെങ്കിൽ ഒറ്റ നിബന്ധനയേ ഒള്ളൂ പ്രത്യേകിച്ച് ഒന്നും ചെയ്യരുത്, അങ്ങ് മടിപിടിച്ചിരുന്നേക്കണം.
മലേഷ്യയിലെ പെരാക്ക് സംസ്ഥാനത്തുള്ള ഗോപെങ്ങിൽ (Gopeng) എട്ട് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ വിശ്രമകേന്ദ്രം രാജ്യത്തെ ആദ്യത്തെ 'യൂത്ത് റിട്ടയർമെന്റ് ഹോം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇവിടെ താമസിക്കാൻ ഒരാൾക്ക് പ്രതിമാസം 2,000 മലേഷ്യൻ റിംഗിറ്റാണ് (ഏകദേശം 46,000 ഇന്ത്യൻ രൂപ) ചിലവ് വരുന്നത്. ഈ തുകയിൽ താമസസൗകര്യവും ദിവസേനയുള്ള മൂന്ന് നേരത്തെ ഭക്ഷണവും ഉൾപ്പെടും. ചൈനയിൽ പ്രചാരത്തിലുള്ള 'തങ് പിങ്' (Tang Ping) അഥവാ 'ലയിങ് ഫ്ലാറ്റ്' (Lying Flat) എന്ന ആശയത്തിന് സമാനമായാണ് ഇതിന്റെ പ്രവർത്തനം. ജോലിഭാരം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ഭവനവായ്പ തുടങ്ങിയ വിവിധ സമ്മർദ്ദങ്ങളിൽ കഴിയുന്ന യുവാക്കൾക്ക് ഒരു താൽക്കാലിക ആശ്വാസകേന്ദ്രമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
advertisement
തികച്ചും ശാന്തവും യാതൊരുവിധ കർക്കശമായ നിയമങ്ങളോ സമയക്രമങ്ങളോ ഇല്ലാത്ത അന്തരീക്ഷമാണ് ഇവിടെയുള്ളത്. മറ്റ് വെൽനസ് സെന്ററുകളിൽ നിന്നോ റിസോർട്ടുകളിൽ നിന്നോ വ്യത്യസ്തമായി, ഇവിടെ താമസിക്കുന്നവർക്ക് നിർബന്ധിതമായി പങ്കെടുക്കേണ്ട വർക്ക്ഷോപ്പുകളോ പരിശീലനങ്ങളോ ഒന്നുമില്ല. സ്വന്തം ഇഷ്ടത്തിനനുസരിച്ച് സമയം ചെലവഴിക്കാനും ആവശ്യത്തിന് ഉറങ്ങാനും കൃഷിപ്പണി പോലുള്ള ലളിതമായ ജോലികളിൽ ഏർപ്പെടാനും ഇവിടെ സൗകര്യമുണ്ട്. ഇനി വെറുതെ പകല് കനിവ് കണ്ടിരിക്കാനാണ് ഇഷ്ടമെങ്കിൽ അതുമാകാം.
ഐപ്പോയിൽ മുതിർന്നവർക്കായി നഴ്സിംഗ് ഹോം നടത്തുന്ന ഒരു കുടുംബത്തിലെ യുവാവാണ് ഈ വ്യത്യസ്തമായ ആശയത്തിന് പിന്നിൽ. കുടുംബത്തിന്റെ പരമ്പരാഗത ബിസിനസ്സ് ഏറ്റെടുക്കുന്നതിന് പകരം, തന്റെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥലം യുവാക്കളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ടുള്ള ഒരു കേന്ദ്രമാക്കി മാറ്റാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. വിശ്രമവും പരിചരണവും ജീവിതത്തിന്റെ അവസാന കാലത്തേക്ക് മാത്രം മാറ്റി വെക്കേണ്ട ഒന്നല്ല എന്ന തിരിച്ചറിവാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
advertisement
സോഷ്യൽ മീഡിയയിൽ ഇതിനോടുള്ള പ്രതികരണങ്ങൾ വിഭിന്നമാണ്. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾക്കും 'ബേൺഔട്ട്' അവസ്ഥയ്ക്കും ഉചിതമായ പരിഹാരമാണിതെന്ന് അനുകൂലിക്കുന്നവർ പറയുമ്പോൾ, ഇത്തരം കേന്ദ്രങ്ങൾ യുവാക്കളെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കില്ലേ എന്ന് വിമർശിക്കുന്നവരുമുണ്ട്. എങ്കിലും, നിലവിൽ ഈ കേന്ദ്രത്തിന് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യത, ആധുനിക കാലത്തെ യുവാക്കൾ നേരിടുന്ന മാനസിക സമ്മർദ്ദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 17, 2026 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ജോലിഭാരം കൊണ്ട് കത്തിതീരണ്ട! 25-ാം വയസ്സിൽ വിരമിക്കാം; റിട്ടയർമെന്റ് ഹോമിൽ ബുക്കിംഗ് ഫുൾ








