ന്യൂഡൽഹി: രാജ്യത്ത് വാഹന വില വർദ്ധിപ്പിക്കാൻ നിർമ്മാതാക്കൾ തയ്യാറെടുക്കുന്നു, 2021 ജനുവരി മുതൽ വില വർദ്ധന കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഇരു ചക്ര- നാലു ചക്ര വാഹനങ്ങൾക്കെല്ലാം വില വർദ്ധനയുണ്ടാകും. കോവിഡ് ലോക്ക്ഡൌണിനുശേഷം വാഹനങ്ങൾക്ക് ആവശ്യക്കാർ കൂടിയതോടെയാണ് വില വർദ്ധിപ്പിക്കാൻ നിർമ്മാതാക്കൾ തയ്യാറെടുക്കുന്നത്.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ്, ഹോണ്ട മോട്ടോർ കമ്പനി, മഹീന്ദ്ര, മഹീന്ദ്ര ലിമിറ്റഡ് (എം ആൻഡ് എം) എന്നിവ ജനുവരി മുതൽ വാഹന വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് ഈ കമ്പനികൾ വാഹന വില കൂട്ടാൻ തയ്യാറെടുക്കുന്നത്.
ഈ വർഷത്തെ ദീപാവലിക്കു ശേഷം വാഹന ആവശ്യകതയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനം പരിഗണിച്ച് ഇടത്തരക്കാർ സ്വന്തമായി വാഹനം വേണമെന്ന തീരുമാനത്തിലേക്ക് എത്തിയതോടെയാണ് ഈ സാഹചര്യം ഉണ്ടായത്. ഇതോടെ ആവശ്യകതയ്ക്ക് അനുസൃതമായി വാഹനങ്ങൾ നിർമ്മിച്ചു പുറത്തിറക്കാൻ നിർമ്മാതാക്കൾ ബുദ്ധിമുട്ടി. ഒട്ടുമിക്ക വാഹനങ്ങൾക്കും ബുക്ക് ചെയ്താൽ ഒരു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
വാണിജ്യ വാഹനങ്ങൾ, പാസഞ്ചർ കാറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ വില കൂടുമെന്നാണ് സൂചന. ഇവയ്ക്കുള്ള അസംസ്കൃത വസ്തുക്കളുടെ വില 15 ശതമാനം വരെ കുത്തനെ ഉയർന്നു. ഭാരത് സ്റ്റേജ് ആറ് (ബിഎസ് ആറ്) എമിഷൻ മാനദണ്ഡങ്ങളിലേക്ക് വാഹനങ്ങൾ 2020 ഏപ്രിൽ 1 മുതൽ മാറിയതോടെ നിർമ്മാണ ചെലവിലും വർദ്ധനവുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Auto Price, Car Price, Car sale