ഇന്റർഫേസ് /വാർത്ത /Money / Year Ender 2021 | ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച ബൈക്കുകള്‍

Year Ender 2021 | ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച ബൈക്കുകള്‍

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇന്ത്യയിലെ മോട്ടോര്‍സൈക്കിളുകൾ ഏതൊക്കെ?

  • Share this:

വര്‍ഷാവസാനത്തില്‍ 2021ലെ വാഹനവിപണിയെ (Vehicle Market) കുറിച്ച് പറയാന്‍ ധാരാളമുണ്ട്. പൊതുഗതാഗതത്തിൽ നിന്ന് സ്വകാര്യ വാഹനങ്ങളിലേക്ക് ഒരുപാട് പേർ കൂടു മാറുകയും വിപണിയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും ചെയ്ത വർഷമായിരുന്നു 2021. ഈ വര്‍ഷം അവതരിപ്പിച്ച പുതിയ സ്‌കൂട്ടറുകളെ (Scooters) കുറിച്ച് നേരത്തെ ഒരു ലേഖനത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇന്ത്യയിലെ മോട്ടോര്‍സൈക്കിളുകൾ ഏതൊക്കെയാണെന്ന് ഇനി നോക്കാം.

ടിവിഎസ് റെയ്ഡര്‍ (TVS Raider)

125 സിസി ബൈക്ക് സെഗ്മെന്റിലെ ടിവിഎസിന്റെ പുത്തന്‍ വാഹനമാണ് റെയ്ഡർ 125. യുവാക്കളെ ലക്‌ഷ്യം വെച്ചുകൊണ്ട് വിപണിയിലെത്തിയ വാഹനമാണ് ഇത്. മസ്‌കുലാര്‍ ലുക്കില്‍ ഷ്രോഡുകള്‍ സഹിതമുള്ള പെട്രോള്‍ ടാങ്ക്, എന്‍ജിന്‍ കൗള്‍, സ്പ്ലിറ്റ് സീറ്റ്, അലുമിനിയം ഗ്രാബ് റെയില്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് റെയ്ഡറില്‍ ക്രമീകരിച്ചിരിക്കുന്നത്. 124.8 സിസി, മൂന്ന്-വാല്‍വ്, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ടിവിഎസ് റൈഡര്‍ 125നെ ചലിപ്പിക്കുന്നത്. 7,500 ആര്‍പിഎമ്മില്‍ 11.4 എച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 11.2 എന്‍എം ടോര്‍ക്കും നൽകുന്നതാണ്എന്‍ജിന്‍.

ഡ്രം ബ്രേയ്ക്ക് പതിപ്പിന് 77,500 രൂപയും ഡിസ്‌ക് ബ്രെയ്ക്കുള്ള പതിപ്പിന് 85,469 രൂപയുമാണ് ടിവിഎസ് റെയ്ഡര്‍ 125ന്റെ എക്സ്-ഷോറൂം വില. മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളിലാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. 1,326 എംഎം വീല്‍ബേസും 780 എംഎം ഉയരമുള്ള സീറ്റും ടിവിഎസ് റെയ്ഡറിനുണ്ട്. 10 ലിറ്റര്‍ പെട്രോള്‍ ടാങ്ക് കപ്പാസിറ്റിയും, 123 കിലോഗ്രാം ഭാരവും റെയ്ഡറിനുണ്ട്.

ബജാജ് പള്‍സര്‍ 125 (Bajaj Pulsar 125)

പള്‍സര്‍ 150ലെ ധാരാളം ഫീച്ചറുകള്‍ പള്‍സര്‍ 125ലും ഉണ്ട്. അലോയ് വീലുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മുന്‍വശത്ത് പൈലറ്റ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ് തുടങ്ങിയ ഫീച്ചറുകള്‍ മാറ്റമില്ലാതെ തുടരുന്നു. ടെലിസ്‌കോപിക് മുന്‍ സസ്‌പെന്‍ഷനും ട്വിന്‍ ഗ്യാസ് ഷോക്ക് പിന്‍ സസ്‌പെന്‍ഷനുമാണ് പള്‍സര്‍ 125 ലുള്ളത്. ഒരേയൊരു വ്യത്യാസം ഇന്ധന ടാങ്ക് അല്‍പ്പം ചെറുതാണ് എന്നതാണ്. അതിനാല്‍ തന്നെ പള്‍സര്‍ 125ന് 4 കിലോ ഭാരം കുറവാണ്. 8500 അര്‍പിഎമ്മില്‍ 11.8 ബിഎച്ച്പി പവറും, 6500 അര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും പള്‍സര്‍ 125 ന്റെ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

കറുപ്പ് നിറത്തില്‍ മാത്രമാണ് വാഹനം ലഭ്യമാവുക. അതേസമയം നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നിങ്ങനെ മൂന്ന് ഗാര്‍ണിഷ് ഓപ്ഷനില്‍ കറുപ്പ് നിറത്തിലുള്ള പള്‍സര്‍ 125 സ്വന്തമാക്കാം. ഹോണ്ട എസ്പി 125 മോട്ടോര്‍സൈക്കിളാണ് വാഹനത്തിന്റെ പ്രധാന എതിരാളി.

ബജാജ് എന്‍എസ് 125 (Bajaj NS 125)

ബജാജ് പള്‍സര്‍ എന്‍എസ് 125 ഇന്ത്യയില്‍ 99,192 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. ഇത് ഒരു വേരിയന്റിലും നാല് നിറങ്ങളിലും മാത്രമേ ലഭ്യമാകൂ. പ്യൂറ്റര്‍ ഗ്രേ, ബീച്ച് ബ്ലൂ, ഫയറി ഓറഞ്ച്, ബേണ്‍ഡ് റെഡ് എന്നീ നാല് നിറങ്ങളിലാണ് പള്‍സര്‍ എന്‍എസ് 125 വിപണിയില്‍ എത്തിയിട്ടുള്ളത്. 125 സിസി ബൈക്ക് ശ്രേണിയില്‍ ഏറ്റവും കരുത്തനായ മോഡലായിരിക്കും എന്‍എസ് 125 എന്നാണ് ബജാജ് അവകാശപ്പെടുന്നത്.

124.45 സിസി ബിഎസ്6 എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഇത് 11.6 ബിഎച്ച്പി പി.എസ്. പവറും 11 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സാണ് ഇതിലുള്ളത്. 144 കിലോഗ്രാമാണ് ബൈക്കിന്റെ ആകെ ഭാരം. 12 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കുമുണ്ട്. ഇന്ത്യയില്‍ ഒരാള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും ആധുനികമായ 125 സിസി ബൈക്കാണ് പള്‍സര്‍ എന്‍എസ്125. എൻഎസ് 200നെപ്പോലെ തന്നെ യുവാക്കളെ ലക്ഷ്യമാക്കിയാണ് ഈ മോഡലും വിപണിയിൽ എത്തിയത്.

125 ഡ്യൂക്ക് ആയിരിക്കും ഈ ബൈക്കിന്റെ പ്രധാന എതിരാളിയെന്ന് കമ്പനി അറിയിച്ചിരുന്നു. വോള്‍ഫ് ഐഡ് ഹെഡ്ലാമ്പ്, ട്വിന്‍ പൈലറ്റ് ലൈറ്റുകള്‍, ട്വിന്‍ സ്ട്രിപ്പ് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, സപ്ലിറ്റ് ഗ്രാബ് റെയില്‍, മസ്‌കുലര്‍ സൈഡ് പാനലുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പള്‍സറിന്റെ ഈ മോഡലിന്റെ പ്രത്യേകതകളാണ്.

റൈഡിങ്ങ് കൂടുതല്‍ സുഖമമാക്കുന്നതിനായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് നല്‍കിയിട്ടുള്ളത്. 240 എംഎം ഡിസ്‌ക് ബ്രേക്ക് മുന്നിലും 130 എംഎം ഡ്രം ബ്രേക്ക് പിന്നിലും സുരക്ഷയൊരുക്കും. 17 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 2012 എംഎം നീളവും, 810 എംഎം വീതിയും 1078 എംഎം ഉയരവുമാണ് ഇതിനുള്ളത്.

ഹോണ്ട എസ്പി 125 (Honda SP 125)

ഈ വര്‍ഷം സെപ്റ്റംബറിലാണ് ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഹോണ്ട എസ്പി 125 അവതരിപ്പിച്ചത്. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരുന്നു വാഹനം വില്‍പ്പനയ്‌ക്കെത്തിച്ചത്. 10.72 ബിഎച്ച്പി കരുത്തും 10.9 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 124സിസി ബിഎസ്6 എഞ്ചിനാണ് ഹോണ്ട എസ്പി 125ന് കരുത്തേകുന്നത്. എന്‍ജിന്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ ഇതിൽ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ സ്മൂത്ത് ആയ പവര്‍ ഡെലിവെറിയും, ത്രോട്ടില്‍ റെസ്‌പോണ്‍സും ഇതുവഴി എസ്പി 125ന് ലഭിക്കും എന്ന് ഹോണ്ട അവകാശപ്പെടുന്നു.

ഇന്ധനക്ഷമത, ഇപ്പോഴുള്ള ഇന്ധനം ഉപയോഗിച്ച് സഞ്ചരിക്കാവുന്ന ദൂരം, ഗിയര്‍ പൊസിഷന്‍, സര്‍വീസ് ഡ്യൂ, ട്രിപ്പ് മീറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്ന പൂര്‍ണമായും ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹോണ്ട എസ്പി 125ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എല്‍ഇഡി ഡിസി ഹെഡ്‌ലാംപുകള്‍, കൂടുതല്‍ ഷാര്‍പ് ആയ ബോഡി പാനലുകള്‍, പുതിയ ഗ്രാഫിക്‌സ് എന്നിവ എസ്പി 125യ്ക്ക് പുതുമ നൽകുന്നു. ഈ മാറ്റങ്ങള്‍ ബൈക്കിന്റെ നീളം, വീതി, ഉയരം (2,020 എംഎം, 785 എംഎം, 1,103 എംഎം) എന്നിവ വര്‍ധിപ്പിച്ചിട്ടുണ്ട്. വീല്‍ബേസ് 19 എംഎം കൂടി ഇപ്പോള്‍ 1,285 എംഎം ആണ്. സ്ട്രൈക്കിങ് ഗ്രീന്‍, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, ഇമ്പേരില്‍ റെഡ് മെറ്റാലിക്, പേള്‍ സൈറണ്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് പുതിയ ഹോണ്ട എസ്പി 125 വില്‍പ്പനക്കെത്തിയിരിക്കുന്നത്.

First published:

Tags: Altered bikes, Bike