ബ്രിട്ടീഷ് എയർവേയ്‌സിന് 9 കോടി രൂപ പിഴ; 'കോവിഡ് കാലത്ത് യാത്രക്കാർക്ക് യഥാസമയം റീഫണ്ട് നൽകിയില്ല'
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിമാനക്കമ്പനിക്കെതിരെ 1200ലധികം പരാതികൾ ലഭിച്ചിരുന്നു
കോവിഡ് -19 മഹാമാരി സമയത്ത് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് ചാർജ്ജ് റീഫണ്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന് ബ്രിട്ടീഷ് എയർവേയ്‌സിന് അമേരിക്ക 1.1 മില്യൺ ഡോളർ (ഏകദേശം 9 കോടി രൂപ) പിഴ ചുമത്തി. അമേരിക്കയിലേക്കും അവിടെ നിന്ന് പുറത്തേക്കുമുള്ള റദ്ദാക്കിയ ഫ്ലൈറ്റുകൾക്ക് എയർലൈൻ കൃത്യസമയത്ത് റീഫണ്ട് നൽകാത്തതിനെ തുടർന്നാണ് പിഴ ചുമത്തിയതെന്ന് യുഎസ് ഗതാഗത വകുപ്പ് അറിയിച്ചു. വിമാനക്കമ്പനിക്കെതിരെ 1200ലധികം പരാതികൾ ലഭിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. ബ്രിട്ടീഷ് എയർലൈനും മറ്റ് എയർലൈനുകളും ഭാവിയിൽ നടത്താനിടയുള്ള സമാനമായ നിയമവിരുദ്ധ നടപടികൾക്ക് ശക്തമായ താക്കീതാണ് ഈ പിഴ എന്നും യുഎസ് ഗതാഗത വകുപ്പ് കൂട്ടിച്ചേർത്തു.
അതേസമയം ബ്രിട്ടീഷ് എയർവേസ് ആരോപണങ്ങൾ പൂർണമായി നിരസിക്കുകയും തങ്ങൾ നിയമപരമായാണ് പ്രവർത്തിക്കുന്നത് എന്ന് അറിയിക്കുകയും ചെയ്തു. അമേരിക്കൻ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് പറയുന്നത് അനുസരിച്ച് 2020 മാർച്ചിനും നവംബറിനുമിടയിൽ എയർലൈനിന്റെ വെബ്‌സൈറ്റിൽ റദ്ദാക്കിയതോ ഷെഡ്യൂളിൽ മാറ്റം വരുത്തിയതോ ആയ ഫ്ലൈറ്റുകളുടെ ഉൾപ്പെടെയുള്ള റീഫണ്ട് സംബന്ധമായ കാര്യങ്ങൾക്ക് ഫോണിലൂടെ എയർലൈനിനെ ബന്ധപ്പെടാൻ ഉപഭോക്താക്കളോട് പറഞ്ഞിരുന്നു.
advertisement
എന്നാൽ ഫോൺ ലൈനുകളിലെ തിരക്കിനെ തുടർന്ന് നിരവധി മാസങ്ങളായി എയർലൈനിനെ ബന്ധപ്പെടാൻ ഉപഭോക്താക്കൾക്ക് കഴിഞ്ഞിരുന്നില്ല. ഈ സമയത്തൊന്നും വെബ്സൈറ്റിലൂടെ റീഫണ്ട് അഭ്യർത്ഥന കൊടുക്കാൻ കഴിഞ്ഞിരുന്നതുമല്ല. അമേരിക്കൻ ഗതാഗത വകുപ്പിന് ലഭിച്ച 1,200 പരാതികൾ കൂടാതെ എയർലൈൻ കമ്പനിക്ക് നേരിട്ട് ആയിരക്കണക്കിന് പരാതികളും റീഫണ്ട് അഭ്യർത്ഥനകളും ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇതെല്ലാം കാരണം ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ആവശ്യമായ റീഫണ്ട് ലഭിക്കുന്നതിൽ കാര്യമായ കാലതാമസത്തിന് കാരണമായതായി വകുപ്പ് പറഞ്ഞു.
മഹാമാരി വ്യാപകമായി പടർന്ന് പിടിച്ചതോടെ നിർഭാഗ്യവശാൽ ആയിരക്കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കാനും സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ചില കോൾ സെന്ററുകൾ തന്നെ അടയ്ക്കാനും നിർബന്ധിതരായി എന്നും ഇക്കാരണത്താൽ ഉപഭോക്താക്കൾക്ക് അൽപ്പം കൂടുതൽ കാത്തിരിപ്പ് വേണ്ടി വന്നിരുന്നു എന്നും ബ്രിട്ടീഷ് എയർവേയ്‌സ് പറഞ്ഞു. ഈ കാലയളവിൽ ബ്രിട്ടീഷ് എയർവേയ്‌സ് എല്ലായ്‌പ്പോഴും നിയമാനുസൃതമായി പ്രവർത്തിക്കുകയും ഉപഭോക്താക്കൾക്ക് വ്യത്യസ്ത തീയതികളിൽ യാത്ര റീബുക്ക് ചെയ്യുന്നതിനും ഫ്ലൈറ്റുകൾ റദ്ദാക്കിയാൽ റീഫണ്ട് ക്ലെയിം ചെയ്യുന്നതിനും ഉള്ള സൗകര്യം വാഗ്ദാനം ചെയ്തിരുന്നതായും അവർ കൂട്ടിച്ചേർത്തു.
advertisement
യഥാസമയം റീഫണ്ട് നൽകാത്തതിന് അമേരിക്കൻ ഗതാഗത വകുപ്പ് എയർലൈൻസുകൾക്ക് പിഴ ചുമത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുമ്പ് റീഫണ്ട് വൈകിപ്പിച്ചതിന്റെ പേരിൽ ചിലിയൻ എയർലൈൻ ലാറ്റമിനും അവരുടെ സഹസ്ഥാപനങ്ങൾക്കും ഒരു മില്യൺ ഡോളർ പിഴ ചുമത്തി ഉത്തരവിട്ടിരുന്നു. ഇത്തരത്തിലുള്ള കർശന നടപടികളിലൂടെ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ എയർലൈനുകൾ കൂടുതൽ ഉത്തവാദിത്തം കാണിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രതീക്ഷ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 02, 2023 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ബ്രിട്ടീഷ് എയർവേയ്‌സിന് 9 കോടി രൂപ പിഴ; 'കോവിഡ് കാലത്ത് യാത്രക്കാർക്ക് യഥാസമയം റീഫണ്ട് നൽകിയില്ല'