നമ്മുടെ നിരത്തുകളിൽ ദിനംപ്രതി ഇലക്ട്രിക് വാഹനങ്ങൾ കൂടിവരികയാണ്. ഉയർന്ന പെട്രോൾ-ഡീസൽ വിലയാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയാണ് ആളുകളെ പ്രേരിപ്പിക്കുന്നത്. ഇവിടെയിതാ, ഇപ്പോൾ ലഭ്യമാകുന്ന 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള 6 ഇലക്ട്രിക് കാറുകൾ ഏതൊക്കെയെന്ന് നോക്കാം.
1. ടാറ്റ ടിയാഗോ ഇ.വി
ഈ പട്ടികയിൽ ആദ്യ കാർ ടാറ്റ ടിയാഗോ ഇവിയാണ്. കാരണം രാജ്യത്ത് നിലവിൽ വിൽക്കുന്ന ഏറ്റവും വില കുറഞ്ഞ ഇവി ആണിത്. XE, XT, XZ+, XZ+ Tech Lux എന്നീ നാല് വകഭേദങ്ങളിൽ ടിയാഗോ EV ലഭ്യമാണ്. ടിയാഗോ EV-യുടെ വില 8.69 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം). 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ലിഥിയം-അയൺ ബാറ്ററി പാക്ക് ഓപ്ഷനുകളാണ് ടിയാഗോ ഇവി ലഭിക്കുന്നത്.
2. സിട്രോൺ eC3
പുതിയതായി നിരത്തിലിറങ്ങിയ ഇലക്ട്രിക് കാറാണ് സിട്രോൺ eC3. 11.5 ലക്ഷം രൂപ മുതൽ 12.43 ലക്ഷം വരെ (എക്‌സ് ഷോറൂം) വരെയാണ് ഇതിന്‍റെ വില. ലൈവ്, ഫീൽ, ഫീൽ വൈബ്, ഫീൽ വൈബ് ഡ്യുവൽ-ടോൺ എന്നീ വേരിയന്‍റുകളിൽ ഈ കാർ ലഭ്യമാണ്. 29.2 kWh ബാറ്ററി പായ്ക്കാണുള്ളത്. ഒരു തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 320 കി.മീ റേഞ്ചാണ് ഇതിന് ലഭിക്കുന്നത്.
3. ടാറ്റ ടിഗോർ ഇ.വി
പട്ടികയിലെ മൂന്നാമത്തെ കാർ ടാറ്റ ടിഗോർ ഇവിയാണ്. ടിയാഗോ ഇവിയുടെ സെഡാൻ പതിപ്പാണ് ടിഗോർ. 26 kWh ബാറ്ററി പായ്ക്കുള്ള ടിഗോർ ഇവിക്ക് 315 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഇലക്ട്രിക് മോട്ടോർ 75 പിഎസ് പവറും 170 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിനുള്ളത്. 12.49 ലക്ഷം രൂപ മുതലാണ് ടിഗോർ ഇവിയുടെ വില (എക്സ്-ഷോറൂം). 5.7 സെക്കൻഡിനുള്ളിൽ ടിഗോർ ഇവിക്ക് 60 കിലോമീറ്റർ വേഗം കൈവരിക്കാനാകും.
4. ടാറ്റ നെക്സോൺ ഇവി പ്രൈം
നെക്‌സോൺ ഇവി പ്രൈം ആണ് പട്ടികയിലെ മറ്റൊരു ടാറ്റ ഇലക്ട്രിക് കാർ. ഇന്ത്യയിൽ ഏറ്റവുമധികം ജനപ്രീതിയുള്ള ഇലക്ട്രിക് കാറാണിത്. നെക്സോൺ പ്രൈമിന് 30.2 kWh ബാറ്ററി പാക്കാണുള്ളത്. 129 ബിഎച്ച്പി പവറും 245 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് നെക്സോൺ പ്രൈമിന്‍റേത്. ഒരു തവണ ചാർജ് ചെയ്താൽ 312 കിലോമീറ്റർ റേഞ്ചാണുള്ളത്. നെക്‌സോൺ EV പ്രൈമിന്റെ വില ആരംഭിക്കുന്നത് 14.49 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം).
5. മഹീന്ദ്ര XUV 400
നെക്സോൺ ഇ.വിക്ക് കനത്ത വെല്ലുവിളി ഉയർത്തി വിപണിയിലെത്തിയ മഹീന്ദ്രയുടെ ഇലക്ട്രിക് കാറാണ് XUV 400. XUV 400-ന്റെ വില 15.99 ലക്ഷം രൂപ മുതൽ 18.99 വരെയാണ് (എക്സ്-ഷോറൂം). 34.5kWh, 39.4kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളുമായാണ് XUV400 വരുന്നത്. XUV 400 ലെ ഇലക്ട്രിക് മോട്ടോറുകൾ 150hp കരുത്തും 310Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. XUV400-ന് 8.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
6. ടാറ്റ നെക്സോൺ ഇവി മാക്സ്
20 ലക്ഷത്തിൽ താഴെ വിലയുള്ള ഇലക്ട്രിക് കാറുകളിൽ ഏറ്റവും ഉയർന്ന വിലയുള്ള മോഡൽ നെക്സോൺ ഇവി മാക്സാണ്. EV മാക്‌സിന്റെ വില 16.49 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ആരംഭിക്കുന്നു, രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. നെക്‌സോൺ ഇവി മാക്‌സിന് 143 എച്ച്‌പി മോട്ടോറും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറിനൊപ്പം 40.5 കിലോവാട്ട് ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഒരു തവണ പൂർണമായി ചാർജ് ചെയ്താൽ 437 കിലോമീറ്റർ ദൂരം നെക്സോൺ ഇ.വി മാക്സ് സഞ്ചരിക്കുമെന്നാണ് ടാറ്റാ മോട്ടോഴ്സ് അവകാശപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.