Indian Car Makers | വാഹന വിപണി: ഉത്സവ സീസൺ വിൽപ്പനയിൽ വൻ ഇടിവ്; ബുക്കിംഗിന് ശേഷമുള്ള കാത്തിരിപ്പ് കാലാവധി കൂടുന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചിപ്പ് ക്ഷാമം കാരണം വാഹന നിര്‍മാണത്തിലെ മന്ദഗതിയാണ് ബുക്കിംഗുകൾക്ക് അനുസരിച്ച് വിതരണം നടത്താൻ കമ്പനികൾക്ക് കഴിയാതെ വരുന്നത്.
ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് രാജ്യത്തെ ഉത്സവകാലം ഏറ്റവും നിര്‍ണായക സമയമാണ്. ധാരാളം ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഉത്സവ സീസണുകളില്‍ പുതിയ കാറുകള്‍ വാങ്ങാറുണ്ട്. ഇത് വാഹന നിര്‍മ്മാതാക്കളുടെ വാര്‍ഷിക വില്‍പ്പന നിരക്ക് ഉയർത്തുന്ന സമയമാണ്. എന്നാല്‍ ഹ്യുണ്ടായ്, മാരുതി സുസുക്കി, മഹീന്ദ്ര, കിയ തുടങ്ങിയ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളുടെ കരുതല്‍ വാഹന ശേഖരങ്ങളുടെ കുറവ് കാരണം ഇത്തവണ ഈ പ്രവണതയിൽ മാറ്റമുണ്ടായേക്കാം. ഈ കമ്പനികള്‍ക്ക് ഏകദേശം 5 ലക്ഷം ബുക്കിംഗുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. എന്നാൽ ആഗോള ചിപ്പ് ക്ഷാമം കാരണം വാഹന നിര്‍മാണത്തിലെ മന്ദഗതിയാണ് ബുക്കിംഗുകൾക്ക് അനുസരിച്ച് വിതരണം നടത്താൻ കമ്പനികൾക്ക് കഴിയാതെ വരുന്നത്.
ചിപ്പ് ക്ഷാമം കാരണം വാഹനങ്ങള്‍ വിതരണം ചെയ്യുന്നത് ചുരുങ്ങുകയും കമ്പനികള്‍ അവരുടെ നിലവിലെ ബുക്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെടുകയും ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 സെപ്റ്റംബറില്‍ മാരുതി സുസുക്കിയുടെ പുതിയ ഡിസ്പാച്ചുകളില്‍ 55 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി 1,52,698 യൂണിറ്റുകള്‍ വിതരണം ചെയ്തപ്പോൾ ഈ വര്‍ഷം ഇത് 68,815 യൂണിറ്റായി കുറഞ്ഞു. നിലവില്‍ മാരുതിയുടെ, ബ്രെസ്സയും ആള്‍ട്ടോയും അടങ്ങുന്ന 2.10 യൂണിറ്റുകളുടെ ബുക്കിംഗ് വിതരണം നടത്താനാകാതെ കെട്ടിക്കിടക്കുകയാണ്.
advertisement
ഹ്യൂണ്ടായുടെ വിതരണ ശേഷി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2021 സെപ്റ്റംബറില്‍ 34.2 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ 50,313 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ ദക്ഷിണ കൊറിയന്‍ ഓട്ടോ ഭീമന്‍ 2021 സെപ്റ്റംബറില്‍ ഇന്ത്യയില്‍ 33,087 യൂണിറ്റ് മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. ഹ്യൂണ്ടായ്ക്ക് ഒരു ലക്ഷം യൂണിറ്റുകളും കിയയ്ക്ക് 75,000 ബുക്കിംഗുകളും ബാക്കിയുണ്ട്.
advertisement
എന്നാൽ ചിപ്പ് ക്ഷാമത്തിനിടയിലും മികച്ച പ്രകടനം നടത്താന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. എന്നാൽ ഡിസ്പാച്ച് 12 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി 13,134 യൂണിറ്റുകള്‍ വിതരണം ചെയ്തു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 14,857 യൂണിറ്റുകളായിരുന്നു കമ്പനി അയച്ചത്. കമ്പനിക്ക് ആകെ ഒരു ലക്ഷം ബുക്കിംഗ് ഉണ്ട്. നിലവിലെ വാഹന നിര്‍മ്മാതാക്കളുടെ വിതരണ ശേഷി കുറയുന്നതോടെ ബുക്കിംഗിന് ശേഷം കാറുകളുടെ കാത്തിരിപ്പ് കാലയളവ് കൂടുമെന്ന് വേണം വിലയിരുത്താൻ.
advertisement
കോവിഡ് -19 മഹാമാരി, യുഎസ്-ചൈന വ്യാപാര യുദ്ധം, തായ്വാനിലെ വരള്‍ച്ച എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കാരണം ചിപ്പിന്റെ വിതരണ ശൃംഖല ആഗോളതലത്തില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ചിപ്പുകളുടെ മുന്‍നിര നിര്‍മ്മാതാക്കളാണ് തായ്വാൻ. തായ്വാൻ സെമികണ്ടക്ടര്‍ നിര്‍മ്മാണ കമ്പനി ലിമിറ്റഡിന്' (ടിഎസ്എംസി) ആഗോളതലത്തില്‍ 50 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്. ചിപ്പ് നിര്‍മ്മാണ പ്രക്രിയയ്ക്ക് വന്‍തോതില്‍ ശുദ്ധ ജലം ആവശ്യമുള്ളതിനാല്‍ രാജ്യത്തെ വരള്‍ച്ച ഉല്‍പാദനത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ചിപ്പിന്റെ വിതരണ ശൃംഖല ആഗോളതലത്തില്‍ തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ തായ്‌വാനിലെ ഉല്‍പദാന പ്രശ്‌നങ്ങള്‍ ലോകത്തിലെ പല മേഖലകളെയും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2021 7:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Indian Car Makers | വാഹന വിപണി: ഉത്സവ സീസൺ വിൽപ്പനയിൽ വൻ ഇടിവ്; ബുക്കിംഗിന് ശേഷമുള്ള കാത്തിരിപ്പ് കാലാവധി കൂടുന്നു