Indian Auto Sale | ചിപ്പ് ക്ഷാമം: പ്രമുഖ ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കളുടെ നവംബറിലെ വില്‍പ്പന ഇടിഞ്ഞു
- Published by:Rajesh V
- news18-malayalam
Last Updated:
നവംബറിലെ മൊത്ത വില്‍പ്പനയില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലെ അപേക്ഷിച്ച് 25 ശതമാനം വര്‍ധന ടാറ്റ മോട്ടോഴ്സ് രേഖപ്പെടുത്തി.
ആഗോള തലത്തില്‍ ചിപ്പ് ക്ഷാമം നേരിടുന്നതിനിടയില്‍, ഭൂരിഭാഗം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളും (Automakers) നവംബറിലെ വില്‍പ്പനയില്‍ (Sale of november) ഇടിവ് രേഖപെടുത്തി. കഴിഞ്ഞ മാസം മാരുതി സുസുക്കിയുടെ മൊത്ത വില്‍പ്പന 139,184 യൂണിറ്റായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേകാലയളവിൽ ഇത് 153,223 യൂണിറ്റായിരുന്നു.
നവംബറില്‍ കമ്പനിയുടെ ആഭ്യന്തരവിപണിയിലെ വില്‍പ്പന 113,017 യൂണിറ്റുകളാണ്. കൂടാതെ ഒഇഎം (original equipment manufacturers) വില്‍പ്പന 4,774 യൂണിറ്റുകളായി. നവംബറില്‍ കമ്പനിയുടെ കയറ്റുമതി 21,293 യൂണിറ്റുകളാണ്. ഒരു മാസത്തിലെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിയാണിത്.
ഇലക്ട്രോണിക് ഘടകങ്ങളുടെ ക്ഷാമം കഴിഞ്ഞ മാസത്തെ വാഹനങ്ങളുടെ ഉത്പാദനത്തെ ചെറിയ തോതില്‍ ബാധിച്ചതായി കമ്പനി പറഞ്ഞു. ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ ഉത്പാദനത്തെയാണ് ക്ഷാമം പ്രധാനമായും ബാധിച്ചിരിക്കുന്നത്. എന്നാൽ, ആഘാതം കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്.
advertisement
ബുധനാഴ്ച, മാരുതി സുസുക്കിയുടെ ഓഹരികള്‍ മുന്‍ ദിവസത്തെ ക്ലോസിങ് നിരക്കില്‍ നിന്ന് 3.29 ശതമാനം ഉയര്‍ന്ന് 7,300 രൂപയിലെത്തി. ആഗോള ചിപ്പ് ക്ഷാമം കമ്പനിയുടെ ഉത്പാദനത്തെ ബാധിച്ചതിനാല്‍ കഴിഞ്ഞ മാസം വില്‍പ്പനയില്‍ 13 ശതമാനം ഇടിവുണ്ടായതായി ദക്ഷിണ കൊറിയയിലെ രണ്ടാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായ കിയ പറഞ്ഞു.
advertisement
നവംബറില്‍ 2,22,232 വാഹനങ്ങള്‍ കിയ വിറ്റഴിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,56,215 യൂണിറ്റുകളുടെ വില്‍പന നടന്നിരുന്നു. നവംബറില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന മുന്‍ വര്‍ഷത്തെ 50,523 യൂണിറ്റുകളില്‍ നിന്നും 8.9 ശതമാനം കുറഞ്ഞ് 46,042 യൂണിറ്റുകളായി. അതേസമയം കയറ്റുമതി മുന്‍ വര്‍ഷം ഇതേകാലയളവിലെ 205,692ല്‍ നിന്നും 14 ശതമാനം കുറഞ്ഞ് 176,190 യൂണിറ്റുകളായി.
തുടര്‍ച്ചയായ ചിപ്പ് ക്ഷാമവും കോവിഡ് 19 കേസുകളിലെ വര്‍ധനയുമാണ് കഴിഞ്ഞ മാസത്തെ വില്‍പ്പന മന്ദഗതിയിലാകാന്‍ കാരണമെന്ന് കിയ പറഞ്ഞു. ഫാക്ടറി പ്രവര്‍ത്തനങ്ങളില്‍ ഘടകങ്ങളുടെ ക്ഷാമത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് ഉത്പാദന സമയം ക്രമീകരിക്കുമെന്ന് പറഞ്ഞു. കമ്പനിയുടെ ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പന 7.6 ശതമാനം ഉയര്‍ന്ന് 2.57 ദശലക്ഷമായി. മുന്‍വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പന 2.39 ദശലക്ഷം യൂണിറ്റായിരുന്നു.
advertisement
ആഗോള ചിപ്പ് ക്ഷാമം കാരണം ഹ്യുണ്ടായ് മോട്ടോര്‍ കഴിഞ്ഞ മാസം വില്‍പ്പനയില്‍ 17 ശതമാനം ഇടിവ് രേഖപ്പെടുത്തി. നവംബറില്‍ ഹ്യുണ്ടായ് മോട്ടോര്‍ 3,12,602 വാഹനങ്ങള്‍ വിറ്റഴിച്ചു, കഴിഞ്ഞ വര്‍ഷം 3,77,193 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു.
സെമികണ്ടക്ടര്‍ ഘടകങ്ങളുടെ ക്ഷാമം വാഹന ഉല്‍പ്പാദനത്തെയും വില്‍പ്പനയെയും ബാധിച്ചതിനാല്‍ കമ്പനിയുടെ ദക്ഷിണ കൊറിയയിലെ വില്‍പ്പന 11 ശതമാനം ഇടിഞ്ഞ് 62,071 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 70,035 യൂണിറ്റുകള്‍ വിറ്റിരുന്നു. കോവിഡ് 19 വ്യാപനം വീണ്ടും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ വിദേശ വില്‍പ്പനയില്‍ 18 ശതമാനം ഇടിവുണ്ടായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 307,158 യൂണിറ്റുകളില്‍ നിന്നും വില്‍പ്പന 250,531 ആയി കുറഞ്ഞു.
advertisement
ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലെ ഹ്യൂണ്ടായിയുടെ മൊത്തം വില്‍പ്പന 5.4 ശതമാനം ഉയര്‍ന്ന് 3.55 ദശലക്ഷമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.37 ദശലക്ഷം യൂണിറ്റായിരുന്നു. ചിപ്പ് വിതരണത്തിലെ ക്ഷാമം കണക്കിലെടുത്ത് ഈ വര്‍ഷത്തെ വില്‍പ്പന ലക്ഷ്യം ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച 4.16 ദശലക്ഷം യൂണിറ്റുകളില്‍ നിന്ന് 4 ദശലക്ഷം യൂണിറ്റുകളായി ഹ്യുണ്ടായി പുതുക്കി. കഴിഞ്ഞ വര്‍ഷം 3.74 ദശലക്ഷം വാഹനങ്ങള്‍ കമ്പനി വിറ്റിരുന്നു.
നവംബറില്‍ പല പ്രമുഖ കമ്പനികളുടെയും വില്‍പ്പനയില്‍ ഇടിവ് ഉണ്ടായെങ്കിലും ചില കമ്പനികള്‍ നവംബറില്‍ മികച്ച വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
advertisement
നവംബറിലെ മൊത്ത വില്‍പ്പനയില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലെ അപേക്ഷിച്ച് 25 ശതമാനം വര്‍ധന ടാറ്റ മോട്ടോഴ്സ് രേഖപ്പെടുത്തി.
നവംബര്‍ മാസത്തില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 62,192 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം നവംബറില്‍ 49,650 യൂണിറ്റുകളാണ് കമ്പനി വിറ്റത്. നവംബറില്‍ കമ്പനിയുടെ മൊത്തം ആഭ്യന്തര വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 ശതമാനം ഉയര്‍ന്ന് 58,073 യൂണിറ്റിലെത്തിയിട്ടുണ്ട്.
കൂടാതെ നവംബറില്‍ കമ്പനിയുടെ മൊത്തം വാണിജ്യ വാഹന വില്‍പ്പന 32,245 യൂണിറ്റായി ഉയര്‍ന്നു, മുന്‍ വര്‍ഷം ഇതേ മാസത്തില്‍ വില്‍പ്പന 27,982 യൂണിറ്റുകളായിരുന്നു. ട്രക്കുകള്‍, ബസുകള്‍, അന്താരാഷ്ട്ര ബിസിനസ്സ് എന്നിവയുള്‍പ്പെടെ നവംബറിലെ മൊത്തം മീഡിയം & ഹെവി വാണിജ്യ വാഹന (എംഎച്ച്സിവി) വില്‍പ്പന 9,505 യൂണിറ്റായിരുന്നു. 2020 നവംബറില്‍ 6,340 യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍ വിറ്റഴിച്ചത്.
advertisement
കമ്പനിയുടെ മൊത്തം യാത്രാ വാഹന വില്‍പ്പന 2020 നവംബറിലെ 21,641 യൂണിറ്റില്‍ നിന്ന് 38 ശതമാനം ഉയര്‍ന്ന് 29,778 യൂണിറ്റായി.
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ (ടികെഎം) ആഭ്യന്തര മൊത്തവില്‍പ്പന നവംബറില്‍ 53 ശതമാനം ഉയര്‍ന്ന് 13,003 യൂണിറ്റായി. കമ്പനി മുന്‍വര്‍ഷം നവംബറില്‍ ആഭ്യന്തര വിപണിയില്‍ 8,508 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു.
വിപണിയില്‍ നിന്നുള്ള ഡിമാന്‍ഡ് ശക്തമായി തുടരുന്നുണ്ടെന്നും ഇത് കമ്പനിയുടെ ബുക്കിങ്ങ് ഓര്‍ഡറുകളില്‍ പ്രതിഫലിക്കുന്നുണ്ടെന്നും, ഈ ഓര്‍ഡറുകള്‍ നിറവേറ്റാന്‍ കമ്പനി പരമാവധി ശ്രമിക്കുമെന്നും ടികെഎം അസോസിയേറ്റ് ജനറല്‍ മാനേജര്‍ (സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിങ് ) വി വൈസ്ലൈന്‍ സിഗാമണി പറഞ്ഞു. കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ ലഭിക്കുന്ന ജനപ്രീതിയാണ് ഡിമാന്‍ഡും ഓര്‍ഡറുകളും ഉയരാന്‍ കാരണം, പുതിയ ലെജന്‍ഡര്‍ 4×4, ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷന്‍ എന്നിവയുള്‍പ്പെടെയുള്ള സമീപകാലത്തെ പുതിയ ഉത്പന്ന നിരകളും ഇതിന് കൂടുതല്‍ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ മേഖലകളിലെ സാന്നിധ്യം വര്‍ധിപ്പിച്ചുകൊണ്ട് വിദൂര സ്ഥലങ്ങളില്‍ പോലും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 04, 2021 6:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Indian Auto Sale | ചിപ്പ് ക്ഷാമം: പ്രമുഖ ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കളുടെ നവംബറിലെ വില്‍പ്പന ഇടിഞ്ഞു