EV | രജിസ്ട്രേഷൻ ഫീസിലും റോഡ് നികുതിയിലും ഇളവ്; ഇലക്‌ട്രിക് വാഹനത്തിന് വിവിധ സംസ്ഥാനങ്ങളിലെ സബ്‌സിഡികൾ
- Published by:Arun krishna
- news18-malayalam
Last Updated:
കേന്ദ്ര ഗവൺമെന്റിന്റെ FAME II സ്കീമിന് പുറമേ, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിവിധ സ്കീമുകളും സബ്‌സിഡികളും നൽകുന്നുണ്ട്
ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ (India) ഇപ്പോൾ നടത്തുന്ന ശ്രമങ്ങൾ വളരെ ഗൗരവമേറിയതാണ്. കേന്ദ്ര ഗവൺമെന്റിന്റെ FAME II സ്കീമിന് പുറമേ, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിവിധ സ്കീമുകളും സബ്‌സിഡികളും നൽകുന്നുണ്ട്.
സബ്സിഡികൾ നൽകുന്നതിന് കാരണമെന്ത്?
ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നതിനുള്ള ചെലവ് സാധാരണ വാഹനം വാങ്ങുന്നതിനേക്കാൾ കൂടുതലാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതികവിദ്യ താരതമ്യേന പുതിയതാണ്, ഏതൊരു പുതിയ കാര്യവും എന്നതും പോലെ ഇതും ജനങ്ങളിൽ എത്തിച്ചേരാൻ സമയമെടുക്കും.
വൈദ്യുത വാഹനങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇന്ത്യൻ സർക്കാർ തീവ്രമായി പരിശ്രമിക്കുമ്പോൾ സാങ്കേതികവിദ്യയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഇലക്ട്രിക് വാഹനങ്ങൾ ഒരു ഐസി-എഞ്ചിൻ വാഹനത്തിന് സമാനമാണ്. എന്നാൽ പരമ്പരാഗത പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇവികൾ പോക്കറ്റ് ഫ്രണ്ട്‌ലി അല്ല. അതായത് സാധാരണ ഒരു വാഹനം വാങ്ങുന്നതിനേക്കാൾ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് കൂടുതൽ പണം നൽകേണ്ടി വരും.
advertisement
അതിനാൽ, ഇന്ത്യയിൽ ഇവി വിൽപ്പന വർദ്ധിപ്പിക്കുന്നതിന് വില എന്ന പ്രശ്നം ഗൗരവമായി കാണേണ്ട ബാധ്യത നിർമ്മാതാക്കൾക്കും സർക്കാരിനും ഉണ്ട്. ഇവിടെയാണ് FAME II എന്ന സ്കീമിന് കീഴിൽ സബ്‌സിഡികൾ വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ ഇവി പ്രോത്സാഹിപ്പിക്കുന്നതിന് ചില ശ്രമങ്ങൾ നടത്തുന്നത്. അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാരുകളും ഉപഭോക്താക്കളെ സഹായിക്കും.
നിങ്ങൾ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് താമസിക്കുന്നത് എന്നതിനെ ആശ്രയിച്ച് ഈ ഇൻസെന്റീവുകൾ വ്യത്യാസപ്പെടും. അതിനാൽ, ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് നിങ്ങളെ സഹായിക്കുന്ന വിവിധ സംസ്ഥാനങ്ങളും സ്കീമുകളും പരിശോധിക്കാം.
advertisement
കേന്ദ്ര സർക്കാരിന്റെ ഫെയിം II (FAME II) പദ്ധതി
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് പ്രോത്സാഹം നൽകുന്ന സംസ്ഥാനങ്ങളെക്കുറിച്ച് അറിയുന്നതിന് മുമ്പ്, എന്താണ് ഫെയിം എന്നും ഈ പദ്ധതി വഴി ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. ഹെവി ഇൻഡസ്ട്രീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഒരു പദ്ധതിയാണ് ഫെയിം. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ എന്നതിന്റെ ചുരുക്കപ്പേരാണ് FAME. തുടക്കത്തിൽ, ഇത് FAME ആയിരുന്നു, തുടർന്ന് 2019ൽ ഇത് FAME-II ആയി അപ്‌ഡേറ്റ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി വഴി ലഭിക്കുന്ന സബ്സിഡി സംസ്ഥാന ഇൻസെന്റീവിനേക്കാൾ കൂടുതലാണ്. ഇവ ഇന്ത്യയിലുടനീളം ബാധകമാണ്.
advertisement
ഇരുചക്രവാഹനങ്ങൾക്ക് ഒരു kWh ബാറ്ററി ശേഷിക്ക് 15,000 രൂപ (വാഹന വിലയുടെ പരമാവധി 40 ശതമാനം വരെ)
നാലുചക്ര വാഹനങ്ങൾക്ക് ഒരു kWh ബാറ്ററി ശേഷിക്ക് 10,000 രൂപ (പരമാവധി 1.5 ലക്ഷം രൂപ വരെ) ഇൻസെന്റീവ് ലഭിക്കും.
ഇതുകൂടാതെ, ഒരു ഇവി സ്വന്തമാക്കുന്നതിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ധനമന്ത്രാലയത്തിന് കീഴിലും നിരവധി പദ്ധതികളുണ്ട്. ഈ സ്കീമുകൾ FAME IIന് കീഴിൽ വരുന്നവയല്ല.
- എല്ലാ ഇവികളും നിലവിൽ ചരക്ക് സേവന നികുതിയുടെ (GST) കുറഞ്ഞ നിരക്കായ 5 ശതമാനത്തിന് കീഴിലാണുള്ളത്.
advertisement
- ആദ്യമായി വാഹനം വാങ്ങുന്നവർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80EEB പ്രകാരം ലോൺ എടുക്കാനും 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ നേടാനും കഴിയും.
കേന്ദ്ര ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് പുറമേ വിവിധ സംസ്ഥാന സർക്കാരുകൾ നൽകുന്ന ഇളവുകൾ എന്തൊക്കെയാണെന്ന് നോക്കാം.
ചണ്ഡീഗഡ്
നഗരത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹന നയത്തിന് ചണ്ഡീഗഢ് അധികൃതർ അംഗീകാരം നൽകി. അഞ്ച് വർഷത്തേക്കാണ് നയം തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം ഏപ്രിൽ മുതൽ ഈ നയം പ്രാബല്യത്തിൽ വരും. ചണ്ഡീഗഢിനെ ഒരു മോഡൽ ഇവി സിറ്റിയാക്കാനാണ് നയം ലക്ഷ്യമിടുന്നത്.
advertisement
ഇലക്‌ട്രിക് സൈക്കിളുകൾ, ഇരുചക്രവാഹനങ്ങൾ, മൂന്നുചക്ര വാഹനങ്ങൾ, ഇലക്ട്രിക് കാർഗോ വാഹനങ്ങൾ, ഫോർ വീലറുകൾ എന്നിവയുൾപ്പെടെ ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ മേഖലയ്ക്ക് ഈ നയം വഴി പ്രോത്സാഹനം ലഭിക്കും. ഇൻസെന്റീവുകൾ കേന്ദ്ര ഗവൺമെന്റിന്റെ ഫെയിം (FAME II) സബ്‌സിഡി കൂടാതെയായിരിക്കും ലഭിക്കുക. എന്നാൽ ഉപഭോക്താക്കൾ അവരുടെ വാഹനം ചണ്ഡീഗഡിൽ തന്നെ രജിസ്റ്റർ ചെയ്യണം.
ഡൽഹി
ഇവി നയം പ്രഖ്യാപിച്ച ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ഡൽഹി. ഒരു ചതുരശ്ര കിലോമീറ്ററിൽ ഏറ്റവും കൂടുതൽ ഇവി സാന്ദ്രതയുള്ള സംസ്ഥാനം കൂടിയാണ് ഡൽഹി.
advertisement
ഇരുചക്രവാഹനങ്ങൾക്ക് ഒരു kWh ബാറ്ററി ശേഷിക്ക് 5,000 രൂപ (പരമാവധി 30,000 രൂപ വരെ) + 5,000 രൂപ വരെയുള്ള സ്ക്രാപ്പേജ് ആനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.
നാല് ചക്ര വാഹനങ്ങൾക്ക് kWh ബാറ്ററി ശേഷിക്ക് 10,000 രൂപ (പരമാവധി 1.5 ലക്ഷം രൂപ വരെ) ആനുകൂല്യങ്ങൾ
മൂന്ന് ചക്രവാഹനങ്ങൾ, റിക്ഷകൾ എന്നിവയ്ക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും
കൂടാതെ, എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളുടെയും രജിസ്ട്രേഷൻ ഫീസും റോഡ് നികുതിയും സംസ്ഥാന സർക്കാർ ഒഴിവാക്കിയിട്ടുണ്ട്
ഗുജറാത്ത്
2021ൽ ഗുജറാത്തും ഇവി നയം പ്രഖ്യാപിച്ചിരുന്നു.
ഇരുചക്രവാഹനങ്ങൾക്ക് ഒരു kWh ബാറ്ററി ശേഷിക്ക് 10,000 രൂപ (പരമാവധി 20,000 രൂപ വരെ)
ഫോർ വീലറുകൾക്ക് ഒരു kWh ബാറ്ററി ശേഷിക്ക് 10,000 രൂപ (പരമാവധി 1.5 ലക്ഷം രൂപ വരെ)
മൂന്ന് ചക്ര വാഹനങ്ങൾക്കും റിക്ഷകൾക്കും 50,000 രൂപ
കൂടാതെ, എല്ലാ വാഹനങ്ങളുടെയും രജിസ്ട്രേഷൻ ചാർജും റോഡ് നികുതി ഇളവും ഗുജറാത്ത് സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.
മഹാരാഷ്ട്ര
മഹാരാഷ്ട്ര അടുത്തിടെ സംസ്ഥാനത്തിന്റെ ഇവി നയം പരിഷ്കരിച്ചിരുന്നു. 2023 വരെ ഈ പോളിസി പ്രകാരം രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 10,000 ഇലക്ട്രിക് കാറുകൾക്ക് 1.5 ലക്ഷം രൂപയുടെ സബ്‌സിഡിയാണ് മഹാരാഷ്ട്ര വാഗ്ദാനം ചെയ്യുന്നത്.
ഇരുചക്രവാഹനങ്ങൾക്ക് KwHന് 10,000 രൂപയും 15,000 രൂപ തുടക്കത്തിൽ വാഹനം വാങ്ങുന്നതിനുള്ള ഇൻസെന്റീവും 7,000 രൂപ സ്ക്രാപ്പേജും 12,000 രൂപ മറ്റ് ഇൻസെന്റീവുകളും ലഭിക്കും.
ഫോർ വീലറുകൾക്ക് 1.50 ലക്ഷം രൂപ മൊത്തം കിഴിവിനൊപ്പം 25,000 രൂപ സ്ക്രാപ്പേജ് ആനുകൂല്യങ്ങളും 1.5 ലക്ഷം രൂപയുടെ ഏർലി ബേർഡ് ഇൻസെന്റീവും ലഭിക്കും.
മൂന്ന്ചക്ര വാഹനങ്ങൾക്കും റിക്ഷകൾക്കും 30,000 രൂപ വരെയാണ് ഇളവ്
എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും രജിസ്ട്രേഷൻ ചാർജും റോഡ് നികുതി ഇളവും സംസ്ഥാനം വാഗ്ദാനം ചെയ്യുന്നുണ്ട്.
രാജസ്ഥാൻ
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഇവി പോളിസി പ്രഖ്യാപിച്ച സംസ്ഥാനമാണ് രാജസ്ഥാൻ. ഇവിടുത്തെ ഇവി പോളിസി പ്രകാരം, വാങ്ങുമ്പോൾ വാങ്ങുന്നയാൾക്ക് നേരിട്ട് ആനുകൂല്യം ലഭിക്കില്ല എന്നാൽ സംസ്ഥാന ചരക്ക് സേവന നികുതിയിൽ (SGST) ഇളവ് നൽകും. സംസ്ഥാന ഗതാഗത വകുപ്പിന്റെ നിർദ്ദേശ പ്രകാരം, ഒരു ഇവി വാങ്ങുമ്പോൾ സർക്കാർ SGST (സംസ്ഥാന ചരക്ക് സേവന നികുതി) തുക തിരികെ നൽകും. എല്ലാ ഇലക്ട്രിക് ഇരുചക്ര, മൂന്നു ചക്ര വാഹനങ്ങൾക്കും അവയുടെ ബാറ്ററി കപ്പാസിറ്റി അനുസരിച്ച് ഒരു ലംപ് സം ഗ്രാന്റ് തുക നൽകും. 2021 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ വാങ്ങിയതും 2022 മാർച്ച് വരെ രജിസ്റ്റർ ചെയ്തതുമായ വാഹനങ്ങൾക്ക് ഈ ഗ്രാന്റ് ലഭിക്കും.
ഇരുചക്രവാഹനങ്ങൾക്ക് 2 kWH വരെയുള്ള ബാറ്ററി ശേഷിക്ക് 5,000 രൂപയും 5 Kwhൽ കൂടുതൽ ബാറ്ററി ശേഷിക്ക് 10,000 രൂപയും ഇൻസെന്റീവായി ലഭിക്കും.
ത്രീ വീലറിന് 3 kwHൽ താഴെ ബാറ്ററി ശേഷിക്ക് 10,000 രൂപയും 5 kWHൽ കൂടുതൽ ബാറ്ററി ശേഷിയ്ക്ക് 20,000 രൂപ വരെയും ലഭിക്കും.
മേഘാലയ
മേഘാലയയും 2021ൽ ഇവി നയം പ്രഖ്യാപിക്കുകയും പദ്ധതിക്ക് കീഴിൽ ബാധകമായ വാഹനങ്ങളുടെ എണ്ണം നിശ്ചയിക്കുകയും ചെയ്തിരുന്നു. കൂടാതെ, ഇവികളുടെ ആർടിഒ പേപ്പർ വർക്ക് വേഗത്തിൽ നടപ്പിലാക്കുനന് ഏക സംസ്ഥാനമാണ് മേഘാലയ.
ഇരുചക്രവാഹനങ്ങൾക്ക് ഒരു kWh ബാറ്ററി ശേഷിക്ക് 10,000 രൂപ
കാറുകൾക്ക് ഒരു kWh ബാറ്ററി ശേഷിക്ക് 4,000 രൂപ
കൂടാതെ, എല്ലാ ഇവികൾക്കും രജിസ്ട്രേഷൻ ചാർജിലും റോഡ് നികുതിയിലും ഇളവ്.
കർണാടക
കർണാടക ഇവി ഉടമകൾക്ക് നേരിട്ട് സബ്‌സിഡി നൽകുന്നില്ലെങ്കിലും റോഡ് നികുതിയിൽ നിന്നും ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസിൽ നിന്നും പൂർണമായ ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ആന്ധ്രാപ്രദേശ്
കർണാടകയെപ്പോലെ, ആന്ധ്രാപ്രദേശും എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും സംസ്ഥാനത്ത് രജിസ്ട്രേഷൻ ഫീസിൽ നിന്നും റോഡ് നികുതിയിൽ നിന്നും ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
തെലങ്കാന
തെലങ്കാന എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും രജിസ്ട്രേഷൻ ഫീസും റോഡ് നികുതി ഇളവും വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 15, 2022 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
EV | രജിസ്ട്രേഷൻ ഫീസിലും റോഡ് നികുതിയിലും ഇളവ്; ഇലക്‌ട്രിക് വാഹനത്തിന് വിവിധ സംസ്ഥാനങ്ങളിലെ സബ്സിഡികൾ