ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്സി; കന്നിയാത്ര ഈ വർഷം അവസാനമെന്ന് ഐഐടി മദ്രാസ് പ്രൊഫസർ
- Published by:Vishnupriya S
- news18-malayalam
Last Updated:
ന്യൂസ്18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്സിയുടെ നിർമ്മാണത്തിൽ കൈവരിച്ച നേട്ടങ്ങളും വെല്ലുവിളികളും അദ്ദേഹം പങ്കുവച്ചത്
ഇന്ത്യയുടെ ആദ്യ എയർ ടാക്സിയായ ഇ-200 ന്റെ കന്നിയാത്ര എട്ട് മാസങ്ങൾക്കുള്ളിൽ സാധ്യമാകുമെന്ന് ഇ-പ്ലെയിൻ (ePlane) കമ്പനി സ്ഥാപകനും ഐഐടി മദ്രാസിലെ എയ്റോസ്‌പേസ് എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറുമായ സത്യ ചക്രവർത്തി. ന്യൂസ്18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്സിയുടെ നിർമ്മാണത്തിൽ കൈവരിച്ച നേട്ടങ്ങളും വെല്ലുവിളികളും ചക്രവർത്തി പങ്കുവച്ചത്. ഇന്ത്യയുടെ തിരക്കേറിയ നഗര പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിൽ കാര്യക്ഷമമായ എയർ ടാക്സി നിർമ്മിക്കാനുള്ള എല്ലാ വെല്ലുവിളികളെയും മുന്നിൽ കണ്ടുകൊണ്ടാണ് പദ്ധതി ആരംഭിച്ചതെന്ന് ചക്രവർത്തി പറഞ്ഞു.
ഇതിനായി ടാക്സിയുടെ രൂപം ചെറുതാക്കേണ്ടി വന്നുവെന്നും എങ്കിൽ മാത്രമേ ഇടുങ്ങിയ സ്ഥലങ്ങളിലും മറ്റും എയർ ടാക്സിക്ക് ഇറങ്ങാൻ കഴിയൂവെന്നും ചക്രവർത്തി പറഞ്ഞു. കൂടാതെ ബാറ്ററി ചാർജ് തീരുന്നതിനു മുൻപ് ചെറിയ ദൂരം ഒന്നിലധികം തവണ സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിൽ എയർ ടാക്സി നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചക്രവർത്തി വ്യക്തമാക്കി. ഒക്ടോബർ - നവംബർ മാസങ്ങളോടെ ടാക്സിയുടെ കന്നിയാത്ര നടത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. നിരവധി വെല്ലുവിളികൾ ഉണ്ടായിട്ടും എയർ ടാക്സിയുടെ ആദ്യ പ്രോട്ടോടൈപ്പായ ഇ-50 ഉപയോഗിച്ച് വിജയകരമായ പരീക്ഷണ പറക്കലുകൾ നടത്താൻ കമ്പനിക്ക് സാധിച്ചുവെന്നും ചക്രവർത്തി ചൂണ്ടിക്കാണിച്ചു.
advertisement
യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകിയാണ് ടാക്സിയുടെ രൂപകൽപ്പന നടത്തിയതെന്നും കർശനമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഊന്നൽ നൽകിയാണ് കമ്പനിയുടെ പ്രവർത്തനമെന്നും ചക്രവർത്തി പറഞ്ഞു. ഇ-200 ന്റെ സുരക്ഷാ ഫീച്ചറുകളെക്കുറിച്ച് വിശദീകരിക്കവെ അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനായി ഉൾപ്പെടുത്തിയിട്ടുള്ള പാരച്യൂട്ട്, ഇൻഫ്ലേറ്റബിൾസ് (Inflatables) എന്നിവയുടെ പ്രവർത്തനം അദ്ദേഹം എടുത്തുകാട്ടി. കൂടാതെ എയർ ടാക്സിയുടെ യാത്രകളുടെ സ്ഥിരത വർധിപ്പിക്കാൻ വെർട്ടിക്കൽ റോട്ടറുകൾ (Vertical Rotors), എയ്റോഡൈനാമിക് ഡിസൈൻ തത്വങ്ങൾ തുടങ്ങി നൂതന സാങ്കേതികവിദ്യകളുടെ സംയോജിത പ്രവർത്തനവും അദ്ദേഹം വിശദീകരിച്ചു.
advertisement
അടിയന്തിര സാഹചര്യങ്ങളെ നേരിടാനാവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി യാത്രക്കാരിൽ പൂർണ ആന്മവിശ്വാസം ഉറപ്പാക്കിയാവും എയർ ടാക്സിയുടെ പ്രവർത്തനമെന്ന് ചക്രവർത്തി വ്യക്തമാക്കി. സുരക്ഷ മികച്ചതാണെങ്കിൽപ്പോലും രാജ്യത്തിന്റെ ഭൂപ്രകൃതി ഉയർത്തുന്ന വെല്ലുവിളികളെയും ചക്രവർത്തി ചൂണ്ടിക്കാട്ടി, എങ്കിലും ആ പരിമിതികളെയും മറികടക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും ചക്രവർത്തി പ്രകടിപ്പിച്ചു. എന്നാൽ എയർ ടാക്സിയുടെ ചാർജ് ഉപഭോക്താക്കൾക്ക് വഹിക്കാൻ കഴിയുമോ എന്ന ചോദ്യവും പ്രസക്തമാണ്. നിലവിലെ ഊബർ ടാക്സി സർവീസിന്റെ ഇരട്ടി ചാർജ് മാത്രം ഈടാക്കി കുറഞ്ഞ സമയം കൊണ്ട് ആളുകളെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് എയർ ടാക്സി പദ്ധതിയിടുന്നത്.
advertisement
ഇന്ത്യക്ക് പുറത്തും വിപണി പിടിയ്ക്കാൻ ഇ-200 ന് സാധിക്കുമെന്നാണ് ചക്രവർത്തിയുടെ അഭിപ്രായം ഒപ്പം വിദേശ രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും അദ്ദേഹം ഉയർത്തിക്കാട്ടി. നമ്മുടെ ടാക്സികൾ വിദേശ രാജ്യങ്ങളിലേക്ക് ചെല്ലുമ്പോൾ അവിടെ നിർമ്മിച്ചതല്ല എന്ന കാരണം കൊണ്ട് ചില തിരിച്ചടികൾ ഉണ്ടാകാനിടയുണ്ടെങ്കിലും കുറഞ്ഞ ചാർജും ഗുണമേന്മയും ആളുകളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചക്രവർത്തി പറഞ്ഞു. ഡിസൈൻ - സോഫ്റ്റ്‌വെയർ ആവശ്യങ്ങൾക്കായി മറ്റ് നിർമ്മാണ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാൻ ആലോചിക്കുന്നതായും ചക്രവർത്തി സൂചിപ്പിച്ചു.
advertisement
കൂടാതെ, ടാക്സികൾക്ക് ലാൻഡ് ചെയ്യുന്നതിന് പ്രത്യേകം സ്ഥലം ആവശ്യമായതിനാൽ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുമായും ഒപ്പം ചാർജ്ജിങ് സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് കമ്പനികളെക്കൂടി പദ്ധതിയുടെ ഭാഗമാക്കേണ്ടി വരുമെന്നും ചക്രവർത്തി പറഞ്ഞു. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ലാൻഡ് ചെയ്യാനും വീണ്ടും പറക്കാനുമുള്ള സൗകര്യങ്ങൾ ആവശ്യമായതിനാൽ ഓഫീസുകൾ, കെട്ടിടങ്ങൾ, മെട്രോ സ്റ്റേഷനുകളുടെ റൂഫ്‌ടോപ്പ്, പാർക്കിങ് ലോട്ടുകൾ എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തണമെന്നും ചക്രവർത്തി പറഞ്ഞു. ഇന്ത്യയുടെ ആദ്യ എയർ ടാക്സി സർവീസ് ഏറ്റവും മികച്ച രീതിയിൽ ആളുകളിലേക്ക് എത്തിക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ചക്രവർത്തി ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ഗതാഗത മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഇ-200ന് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 08, 2024 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്സി; കന്നിയാത്ര ഈ വർഷം അവസാനമെന്ന് ഐഐടി മദ്രാസ് പ്രൊഫസർ