ഇലക്ട്രിക്ക് ബൈക്ക് ടാക്സികൾക്ക് കർണാടകയുടെ അനുമതി; ആദ്യം ബെംഗളൂരു നഗരത്തിൽ
- Published by:Joys Joy
- trending desk
Last Updated:
ഇലക്ട്രിക്ക് ബൈക്ക് ടാക്സികൾ സ്വന്തമായി രജിസ്റ്റർ ചെയ്യാനും, ഓല, ഊബർ പോലെയുള്ള അഗ്രഗേറ്ററായി രജിസ്റ്റർ ചെയ്യാനും അവസരം ഉണ്ട്.
ഇലക്ട്രിക്ക് ബൈക്കുകളെ ടാക്സി ആവശ്യത്തിന് ഉപയോഗിക്കുന്നതിന് അനുമതി നൽകി കർണാടക ഗതാതഗത വകുപ്പ്. ഇലക്ട്രിക്ക് ബൈക്കുകളെയും ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.
ബെംഗളൂരു നഗരത്തിലാണ് ആദ്യഘട്ടത്തിൽ ഇലക്ട്രിക്ക് ബൈക്കുകളുടെ സേവനം ലഭ്യമാക്കുകയെന്നും പിന്നീട് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നും ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നഗരത്തിലെ മെട്രോ, സിറ്റി ബസ് സർവ്വീസ് എന്നിവയുമായി ബന്ധപ്പെടുത്തി ആയിരിക്കും ഇലക്ട്രിക്ക് ബൈക്കുകളുടെ സേവനം തുടങ്ങുക എന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ മാർഗ നിർദേശങ്ങൾ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി പി എസ് ഉള്ളതും ബൈക്ക് ടാക്സി എന്ന് വ്യക്തമായി കാണാവുന്ന രീതിയിൽ എഴുതുകയും ചെയ്ത ഇലക്ട്രോണിക്ക് ബൈക്കുകൾക്ക് മാത്രമേ ടാക്സിയായി സേവനം നടത്താനാകൂ. ബൈക്ക് ഓടിക്കുന്ന വ്യക്തിയും പിറകിൽ യാത്ര ചെയ്യുന്ന ആളും നിർബന്ധമായും ഹെൽമറ്റ് ധരിക്കുകയും വേണം. ഡ്രൈവർക്കും യാത്രക്കാർക്കും ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്.
advertisement
ഒരാൾക്ക് പരമാവധി പത്തു കിലോമീറ്ററാണ് ഇലക്ട്രിക്ക് ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യാൻ അനുമതിയുള്ളത്. അഞ്ചു കിലോമീറ്റർ വരെയുള്ള യാത്രക്കും അഞ്ചു മുതൽ 10 കിലോമീറ്റർ വരെയുള്ള യാത്രക്കും പ്രത്യേകം നിരക്കുകളും കൊണ്ടുവരും.
സർക്കാരിന്റേത് മികച്ച തീരുമാനമാണെന്ന് മൊബിലിറ്റി വിദഗ്ധനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ട്രാൻസ്പോർട്ടേഷൻ സിസ്റ്റം എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറുമായ ആശിഷ് വർമ്മ അഭിപ്രായപ്പെട്ടു. ഇത്തരം സർവ്വീസുകൾ സർക്കാർ ആഗ്രഹിച്ച ഫലം നൽകുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ കൃത്യമായ നിരീക്ഷണം, ട്രാഫിക്ക് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തൽ തുടങ്ങിയവ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
advertisement
'അമിതമായി കാർബൺ പുറന്തള്ളപ്പെടുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്ന സമയത്ത് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് സ്വാഗതാർഹമാണ്. പക്ഷേ, നഗരത്തിലെ അപകടങ്ങളുട കാര്യമെടുത്താൽ 45 ശതമാനവും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ടവയാണ്. നഗരത്തിലെ ഡ്രൈവിംഗ് എപ്പോഴും അപകടം നിറഞ്ഞതാണ്. നടപ്പാതകളിലൂടെയും ഹൈവേക്ക് കുറുകേയുള്ളതുമായ ഓടിക്കൽ അപകടങ്ങൾ വരുത്തി വെക്കുന്നു. ഇത് നിയന്ത്രിക്കുന്നതിനായി വാഹനങ്ങളുടെ ജി പി എസ് വിവരങ്ങൾ വിശകലനം ചെയ്യേണ്ടതായുണ്ട്. ഒരു യാത്രക്കാരനുമായി ഇലക്ട്രിക്ക് ബൈക്കുകൾ 10 കിലോമീറ്ററിൽ അധികം യാത്ര ചെയ്യുന്നില്ല എന്നതും ഉറപ്പാക്കണം' - ആശിഷ് വർമ്മ പറഞ്ഞു.
advertisement
ഇലക്ട്രിക്ക് ബൈക്ക് ടാക്സികൾ സ്വന്തമായി രജിസ്റ്റർ ചെയ്യാനും, ഓല, ഊബർ പോലെയുള്ള അഗ്രഗേറ്ററായി രജിസ്റ്റർ ചെയ്യാനും അവസരം ഉണ്ട്. ഇത്തരം കമ്പനികൾ ഇലക്ട്രിക്ക് ബൈക്ക് ടാക്സിയിലേക്കും കടന്ന് വരും എന്നാണ് കരുതുന്നത്. കർണാടക സർക്കാരിന്റെ ഇലക്ട്രിക്ക് ബൈക്ക് ടാക്സികൾ അനുവദിക്കാനുള്ള തീരുമാനത്തെ റാപിഡോ ഇതിനോടകം തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 16, 2021 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഇലക്ട്രിക്ക് ബൈക്ക് ടാക്സികൾക്ക് കർണാടകയുടെ അനുമതി; ആദ്യം ബെംഗളൂരു നഗരത്തിൽ