എയർ ബാഗ് കൺട്രോൾ സോഫ്‌റ്റ്‌വെയറിൽ തകരാർ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുമായി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ കാരെൻസിന്റെ (Carens) 44,174 വാഹനങ്ങൾ തിരിച്ചുവിളിച്ച് കിയ ഇന്ത്യ (Kia India). ഉത്തരവാദിത്തമുള്ള കമ്പനി എന്ന നിലയിൽ, പരിശോധനയ്ക്കായി വാഹനങ്ങൾ സ്വമേധയാ തിരിച്ചുവിളിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ സോഫ്റ്റ്വെയർ അപ്‌ഡേറ്റ് സൗജന്യമായി നൽകുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
കാറുകൾ സ്വമേധയാ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വാഹനങ്ങളുടെ ഉടമകളുമായി നേരിട്ട് ബന്ധപ്പെടുമെന്ന് കമ്പനി അറിയിച്ചു. അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുന്നതിന് ഉപഭോക്താക്കൾ അതത് കിയ ഡീലർമാരുമായി ബന്ധപ്പെടേണ്ടതുണ്ട്. അതിനായി കിയ ഇന്ത്യ വെബ്‌സൈറ്റോ കിയ ആപ്പോ സന്ദർശിക്കാം. 1800-108-5000 എന്ന ടോൾ ഫ്രീ നമ്പറിലൂടെ കിയ കോൾ സെന്ററുമായും ബന്ധപ്പെടാം. ഉപഭോക്താക്കൾക്കുള്ള അസൗകര്യം കുറയ്ക്കുന്നതിന് കമ്പനി പരമാവധി ശ്രദ്ധിക്കുമെന്നും കമ്പനി അറിയിച്ചു.
ആറും ഏഴും സീറ്റിംഗ് ഓപ്ഷനുകളുള്ള കിയയുടെ ഈ മോഡൽ ഇന്ത്യ ഈ വർഷം ഫെബ്രുവരിയിലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. 1.5 പെട്രോൾ, 1.4 ലിറ്റർ പെട്രോൾ, 1.5 ഡീസൽ പവർട്രെയിനുകളാണ് കാരൻസിന് കരുത്തേകുന്നത്.
2021 ഡിസംബര്‍ 16നാണ് കിയ കാരന്‍സ് ആഗോള തലത്തില്‍ അവതരിപ്പിച്ചത്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളില്‍ കാരന്‍സ് വാങ്ങാം. കവറുകളോടുകൂടിയ 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ഇന്‍ഡിഗോ ആക്സന്റുകളുള്ള ടു-ടോണ്‍ ബ്ലാക്ക്-ബീജ് ഇന്റീരിയറുകള്‍, സെമി-ലെതറെറ്റ് സീറ്റുകള്‍, രണ്ടാം നിര സീറ്റിലെ വണ്‍-ടച്ച് ഇലക്ട്രിക് ടംബിള്‍, 7.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‌സി ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നീ സവിഷേതകളാണ് പ്രീമിയം വേരിയന്റിലുള്ളത്.
Also read : ഇന്ത്യയിൽ ഇനി ഇലക്ട്രിക് എയർ ടാക്സികൾ പറക്കും; അടുത്ത 5 വർഷത്തിനുള്ളിൽ 200 എണ്ണം പുറത്തിറക്കാൻ ഫ്ലൈ ബ്ലേഡും ഈവ് എയറുംആന്ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.5 ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6 സ്പീക്കറുകളോടുകൂടിയ സൗണ്ട് സിസ്റ്റം, റിയര്‍ വ്യൂ ക്യാമറ, ഇന്റഗ്രേറ്റഡ് ടേണ്‍ സിഗ്നലുകളുള്ള റിയര്‍ വ്യൂ മിറര്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍ എന്നീ സവിശേഷതകള്‍ പ്രസ്റ്റീജ് വേരിയന്റില്‍ ലഭ്യമാകും.
എല്‍ഇഡി ഹെഡ്‌ലൈറ്റുകൾ, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒടിഎ അപ്ഡേറ്റുകള്‍, 64-കളര്‍ ആംബിയന്റ് കാബിന്‍ ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീല്‍ അഡ്ജസ്റ്റ്‌മെന്റ്, ഫുള്‍ ലെതറെറ്റ് സീറ്റുകള്‍, സീറ്റ് ബാക്ക് ടേബിളുകള്‍ തുടങ്ങിയവ ലക്ഷ്വറി വേരിയന്റില്‍ ലഭ്യമാകും. ലക്ഷ്വറി പ്ലസില്‍ 8 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, കൂള്‍ഡ് വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സ്റ്റാന്‍ഡേര്‍ഡ് സൈസ് സണ്‍റൂഫ് എന്നീ സവിശേഷതകളും ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.