ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി എസ്.യു.വി വിപണി പിടിക്കാൻ ഒരുങ്ങുന്നു. വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിംനി എസ്‌യുവി ജൂൺ 7 ന് പുറത്തിറക്കും. ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിൽ ജിംനി ആദ്യമായി അവതരിപ്പിച്ചതുമുതൽ ഇത് തരംഗം സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ചം ഓഫ്റോഡ് പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ജിംനിയ്ക്കായി കാത്തിരിക്കുന്നത്.
വാഹനം പുറത്തിറക്കുന്ന ദിവസം അടുക്കുന്തോറും ജിംനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ജിംനിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൈലേജ് കണക്കുകൾ വാഹന നിർമാതാക്കൾ പുറത്തുവിട്ടു. 103 bhp കരുത്തും 134.2 Nm torque ഉം നൽകുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിനാണ് ജിംനി എസ്‌യുവിക്ക് കരുത്തേകുന്നത്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ജിംനി ലഭ്യമാകും.
മാനുവൽ വേരിയന്റിന്, മാരുതി സുസുക്കി അവകാശപ്പെടുന്നത് ലിറ്ററിന് 16.94 കിലോമീറ്റർ ഇന്ധനക്ഷമതയാണ്, അതേസമയം ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 16.39 കിലോമീറ്റർ മൈലേജ് നൽകും. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് ജിംനി പ്രകടനവും ഇന്ധനക്ഷമതയും വാഹനപ്രേമികളെ ആകർഷമിക്കുമെന്നാണ്.
മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ തുടങ്ങിയ ജനപ്രിയ വാഹനങ്ങൾക്കൊപ്പം വളരുന്ന സെഗ്‌മെന്റിലേക്ക് പ്രവേശിക്കുന്ന ഒരു ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡറാണ് ജിംനി. എസ്‌യുവി ഇതിനകം തന്നെ ഏകദേശം 30,000 ബുക്കിംഗുകൾ നേടി കഴിഞ്ഞു.
സെറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിൽ ജിംനി എസ്‌യുവി ലഭ്യമാകുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചു. നിറങ്ങളുടെ കാര്യത്തിൽ, ജിംനി അതിന്റെ ആകർഷകമായ ഓപ്ഷനുകൾ മുന്നോട്ടുവെക്കുന്നു. ഡീലർഷിപ്പുകൾ അനുസരിച്ച്, എസ്‌യുവിയുടെ ഏറ്റവും ജനപ്രിയമായ കളർ ചോയ്‌സുകളായി ബ്ലൂഷ് ബ്ലാക്ക്, കൈനറ്റിക് യെല്ലോ, പേൾ ആർട്ടിക് വൈറ്റ് എന്നിവയുണ്ട്.
ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്മാർട്ട്‌പ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ആർക്കാമിസ് സൗണ്ട് സിസ്റ്റം എന്നിവയുൾപ്പെടെ ആകർഷകമായ സവിശേഷതകളാണ് ജിംനി ആൽഫ ട്രിമ്മിൽ ഉള്ളത്. ആറ് എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്ന ആൽഫ ട്രിം, ഹിൽ-ഹോൾഡ് അസിസ്റ്റുള്ള ESP, ഹിൽ-ഡിസന്റ് കൺട്രോൾ, ഒരു റിയർ-വ്യൂ ക്യാമറ, EBD ഉള്ള എബിഎസ് എന്നിവ ഉൾപ്പടെ സുരക്ഷയ്ക്കും മുൻഗണനയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Auto news, Maruti Suzuki