ഭൂരിഭാഗം ഓഹരികളും ഇന്ത്യൻ കമ്പനികൾക്ക് വിൽക്കാനൊരുങ്ങി മുൻനിര ചൈനീസ് കാർ നിർമാണ കമ്പനിയായ എംജി മോട്ടോർ ഇന്ത്യ. എംജിയുടെ ഇന്ത്യയിലെ ബിസിനസ് ഓഹരികളിൽ ഏറിയ പങ്കും റിലയൻസ്, ഹീറോ, ഹോണ്ട എന്നീ കമ്പനികൾക്ക് വിറ്റഴിക്കുമെന്നാണ് സൂചനകൾ. നിലവിൽ ചൈനീസ് സ്ഥാപനമായ ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി കോർപ്പറേഷൻ അഥവാ എസ്.എ.ഐ.സിയുടെ ഉടമസ്ഥതയിലാണ് എംജി മോട്ടോർ.
കാർ വ്യവസായത്തിലെ ഏറിയ പങ്ക് ഓഹരികളും ഇന്ത്യയിൽത്തന്നെ വിറ്റഴിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ വൻകിട കമ്പനികൾ എംജിയുമായി ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. റിലയൻസ് ഇൻഡസ്ട്രീസ്, പ്രേംജി ഇൻവെസ്റ്റ്, ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ ഹോണ്ട, ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പ് എന്നിവരാണ് ഇന്ത്യയിലെ ബിസിനസ് ഓഹരികൾ വാങ്ങാൻ സന്നദ്ധരായി എംജിയെ സമീപിച്ചിരിക്കുന്നത്.
Also read-കുഞ്ഞൻ ഇവി എം.ജി കോമറ്റ് വിലവിവരം പുറത്ത്; മൂന്നു വേരിയന്‍റുകളിൽ
നിലവിൽ ഈ ഇന്ത്യൻ കമ്പനികളുമായി സജീവമായ ചർച്ചകളിലാണ് എംജി മോട്ടോർ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ചർച്ചകളിൽ നിന്നും വിശ്വസ്തരായ ബിസിനസ്സ് പങ്കാളികളെ കണ്ടെത്തി മികച്ച വിപണി മൂല്യത്തിൽ ഓഹരി കൈമാറ്റം തീരുമാനിക്കാൻ കഴിഞ്ഞാൽ, ഈ വർഷാവസാനത്തോടെ കമ്പനി ഇടപാടുകൾ ഉറപ്പിക്കാനാണ് സാധ്യത.
ഇന്ത്യൻ കമ്പനികളിൽ നിന്നു തന്നെ നിക്ഷേപം കണ്ടെത്താനുള്ള എംജിയുടെ ഈ നടപടി, വലിയൊരു ബിസിനസ് നീക്കമായാണ് പൊതുവേ കരുതപ്പെടുന്നത്. കമ്പനിയുടെ ഇന്ത്യയിലെ വളർച്ചയുടെ അടുത്ത ഘട്ടമാണ് ഈ നീക്കം വഴി ആരംഭിക്കുക. ഇന്ത്യയിലെ ബിസിനസ് പദ്ധതികളെ പിന്തുണയ്ക്കാനായി നേരത്തേ എംജി സ്വീകരിച്ചിരുന്ന മാർഗ്ഗം ഇതായിരുന്നില്ല. ചൈനയിലെ തങ്ങളുടെ മാതൃസ്ഥാപനത്തിൽ നിന്നും ഇതിനാവശ്യമായ നിക്ഷേപം കണ്ടെത്താനായിരുന്നു ആദ്യഘട്ടത്തിൽ എംജിയുടെ ശ്രമം.
ഇതിനായി, ചൈനീസ് സ്ഥാപനത്തിൽ നിന്നും നിക്ഷേപം സ്വീകരിയ്ക്കാനുള്ള അനുമതിയ്ക്കായി അപേക്ഷിച്ചുകൊണ്ട് എംജി മോട്ടോർ ഇന്ത്യൻ സർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിനിടെ ചൈനയുമായുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ, സർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ യാതൊരു പ്രതികരണവും നൽകിയിരുന്നില്ല.
Also read- ഇലക്ട്രിക് കാർ വിപണിയിൽ മത്സരിക്കാൻ കിയയും; ഇവി6 ബുക്കിങ് ആരംഭിച്ചു
അതേസമയം, ഇന്ത്യൻ സർക്കാർ ചൈനയ്ക്കുമേൽ വിലക്കുകളേർപ്പെടുത്തിയിട്ട് രണ്ടുവർഷത്തിലേറെയാകുകയാണ്. ഇതോടെ നിക്ഷേപങ്ങൾക്കായി പ്രധാനമായും ഇന്ത്യൻ കമ്പനികളെ ആശ്രയിക്കുക എന്നതല്ലാതെ എംജി മോട്ടോറിന് മറ്റു മാർഗ്ഗങ്ങളില്ല എന്നായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതതന്ത്ര പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ എംജിയുടെ പുതിയ ബിസിനസ് നടപടിയെ വിദഗ്ധർ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
അടുത്ത രണ്ടു മുതൽ നാലു വർഷത്തിനിടയിൽ ചുരുങ്ങിയത് 4,500 കോടിയ്ക്കും 5,000 കോടിയ്ക്കും മധ്യേ വരുന്ന നിക്ഷേപം കണ്ടെത്താനാകുമെന്നാണ് എംജി മോട്ടോർസ് അധികൃതർ നൽകുന്ന വിവരം. ഈ നിക്ഷേപം ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും രാജ്യത്ത് എംജിയുടെ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തിന് ആരംഭം കുറിക്കുക. തദ്ദേശീയരായ ബിസിനസ് പങ്കാളികൾക്കും നിക്ഷേപകർക്കും കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള മാറ്റമായിരിക്കും ഇത്. വരും വർഷങ്ങളിൽ ഇന്ത്യയിൽ ബിസിനസ് ശക്തിപ്പെടുത്താനുള്ള മറ്റു നടപടികളും എംജി മോട്ടോർസ് സ്വീകരിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.