അടുത്തിടെ വിലവർദ്ധനവ് പ്രഖ്യാപിച്ച വാഹന നിർമ്മാതാക്കളുടെ പട്ടികയിലേയ്ക്ക് ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാനും (Nissan). നിസാന്റെ കോംപാക്ട് എസ്‌യുവിയായ മാഗ്‌നൈറ്റിനും (Magnite) 5 സീറ്റർ എസ്‌യുവി കിക്ക്‌സിനും (Kicks) വില വർദ്ധനവ് ബാധകമാണ്. കാറുകളുടെ വേരിയന്റ് അനുസരിച്ച് 5,500 രൂപ മുതൽ 25,000 രൂപ വരെ വില വർദ്ധിക്കും. നിസാൻ മാഗ്‌നൈറ്റിന് കഴിഞ്ഞ 4 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വില വർദ്ധിക്കുന്നത്. 2021 ഒക്ടോബറിൽ കാറിന്റെ വില 17,000 രൂപ വരെ ഉയർന്നിരുന്നു.
നിർമ്മാണ ചെലവ് വർദ്ധിച്ചതിനെ തുടർന്ന് കിയ, റെനോ തുടങ്ങിയ ബ്രാൻഡുകൾ ഇന്ത്യയിൽ അടുത്തിടെ വിവിധ മോഡലുകളുടെ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. പുതിയ നിരക്കുകൾ 2022 ജനുവരി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
നിസ്സാൻ മാഗ്നൈറ്റ്
പെട്രോൾ യൂണിറ്റുകളിൽ ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുകൾക്കൊപ്പം നാല് വകഭേദങ്ങളിൽ ലഭ്യമായ നിസാൻ മാഗ്നൈറ്റിന്റെ നിലവിലെ പ്രാരംഭ വില 5,76,500 രൂപയാണ്. XL, XL Turbo, XL Turbo CVT എന്നിവയ്‌ക്കൊപ്പം ബേസ് XE വേരിയന്റിന് 5,500 രൂപയുടെ വിലവർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാഗ്‌നൈറ്റിന്റെ മറ്റെല്ലാ വകഭേദങ്ങൾക്കും 9,000 രൂപ വില ഉയരും. മുമ്പ് 9,89,000 രൂപയ്ക്ക് ലഭ്യമായിരുന്ന മുൻനിര വേരിയന്റായ മാഗ്നൈറ്റ് XV പ്രീമിയം ടർബോ CVT, ഇപ്പോൾ 9,98,000 രൂപയ്ക്കാണ് ലഭിക്കുക (എക്‌സ് ഷോറൂം വില). 2020 ഡിസംബറിലാണ് മാഗ്നൈറ്റ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിന് ശേഷംഇത് മൂന്നാം തവണയാണ് കാർ നിർമാതാക്കൾ ഈ മോഡലിന് വില വർദ്ധിപ്പിക്കുന്നത്.
നിസ്സാൻ കിക്ക്സ്
നിലവിൽ 8 വേരിയന്റുകളിൽ ലഭ്യമായ നിസാൻ കിക്ക്‌സിന്റെ അടിസ്ഥാന വേരിയന്റുകളായ XL 1.5, XV 1.5 ട്രിമ്മുകൾ ഒഴികെ മറ്റെല്ലാ വേരിയന്റുകൾക്കും വില വർദ്ധനവ് ബാധകമാണ്. ഈ അടിസ്ഥാന വേരിയന്റുകൾക്ക് 9,50,000 രൂപയാണ് നിലവിലെ പ്രാരംഭ വില. എന്നാൽ മുൻനിര വേരിയന്റായ XV പ്രീമിയം 1.3 CVTയ്ക്ക് ഇപ്പോൾ 25,000 രൂപ കൂടി. കിക്ക്സിന്റെ മറ്റ് അഞ്ച് ട്രിമ്മുകൾക്കും 20,000 രൂപ വരെ വില വർദ്ധിപ്പിച്ചു.
Omicron | ആശുപത്രി ചെലവുകൾക്കായി ഒരു ലക്ഷം രൂപ PFൽ നിന്ന് മുൻകൂറായി പിൻവലിക്കാം; എങ്ങനെ?
വിൽപ്പന കണക്കനുസരിച്ച് 2021 ഡിസംബർ നിസ്സാനെ സംബന്ധിച്ചിടത്തോളം നല്ല മാസമായിരുന്നു. 2020 ഡിസംബറിലെ കണക്കുകളേക്കാൾ 159.71 ശതമാനം വിൽപ്പന വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. മാഗ്‌നൈറ്റും കിക്‌സും ചേർത്ത് കമ്പനി മൊത്തം 3,010 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു.
നിസ്സാൻ ഈ വർഷം വിൽപ്പന വീണ്ടും വർദ്ധിപ്പിക്കുമെന്നാണ് വിശകലന വിദഗ്ധരുടെ പ്രതീക്ഷ. ചിപ്പ് ക്ഷാമ പ്രശ്‌നം കമ്പനിയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഉപഭോക്താക്കളിലും ബിസിനസ്സിലും നിലവിലെ സെമികണ്ടക്ടർ ക്ഷാമത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി കമ്പനി പരിശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.