Ola Electric Scooter | ഓടിക്കുന്നതിനിടെ അപ്രതീക്ഷിതമായി റിവേഴ്സ് മോഡിലേക്ക്; ഒല ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച വയോധികന് പരിക്ക്
- Published by:Naveen
- news18-malayalam
Last Updated:
അപകടം സംഭവിച്ച വ്യക്തിയുടെ മകനായ പല്ലവ് മഹേശ്വരി, സംഭവത്തിൽ പിതാവിന് ഗുരുതരമായി പരിക്കേറ്റതായി ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു.
ഒല (Ola) ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ചുള്ള പരാതികൾ തുടർക്കഥയാകുന്നു. ഒല എസ്1പ്രോ (Ola S1 Pro) ഇലക്ട്രിക് സ്‌കൂട്ടർ അപ്രതീക്ഷിതമായി റിവേഴ്സ് മോഡിലേക്ക് (reverse mode) മാറിയ സംഭവമാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. ഒല ഇ-സ്കൂട്ടർ (Ola e-scooter) അപ്രതീക്ഷിതമായി പൂർണ്ണ വേഗതയിൽ പിന്നോട്ട് പോയതിനെ തുടർന്ന് 65 കാരനായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് (Jodhpur) സംഭവം. ആദ്യമായല്ല ഒലയുടെ ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ച് ഇത്തരത്തിൽ പരാതി ഉയരുന്നത്. നോർമൽ മോഡിൽ ഇട്ടിട്ടും ഒല എസ്1പ്രോ ഇലക്ട്രിക് സ്‌കൂട്ടർ റിവേഴ്സ് ഗിയറിൽ പോകുന്ന സംഭവം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.
അപകടം സംഭവിച്ച വ്യക്തിയുടെ മകനായ പല്ലവ് മഹേശ്വരി, സംഭവത്തിൽ പിതാവിന് ഗുരുതരമായി പരിക്കേറ്റതായി ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയർ ബഗ് കാരണം ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ പൂർണ്ണ വേഗതയിൽ റിവേഴ്‌സ് മോഡിൽ പോയതിനെ തുടർന്നാണ് തന്റെ പിതാവിന് ഗുരുതരമായി പരിക്കേറ്റതെന്ന് അദ്ദേഹം ആരോപിച്ചു.
തന്റെ പിതാവ് 65-ാം വയസ്സിലും വളരെ സജീവമായിരിക്കുന്ന വ്യക്തിയാണെന്നും ഇലക്‌ട്രിക് വാഹനം ഉപയോഗിക്കുന്നതിൽ വളരെ താത്പര്യമുള്ള ആളായിരുന്നു എന്നും എന്നാൽ നിർമ്മാണത്തിൽ അപാകതകൾ സംഭവിച്ച സ്‌കൂട്ടർ കാരണമാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചതെന്നും മഹേശ്വരി ആരോപിച്ചു. തന്റെ പിതാവിന്റെ ചില ചിത്രങ്ങൾ സഹിതം ആണ് മഹേശ്വരി പോസ്റ്റ് ചെയ്തിരിക്കുന്നത്. " സ്കൂട്ടറിൽ നിന്നും വീണ പിതാവിന്റെ തല ഭിത്തിയിൽ ഇടിച്ച് മുറിഞ്ഞു. 10 തുന്നലുകൾ ഇടേണ്ടി വന്നു. ഇടത് കൈ ഒടിഞ്ഞിട്ടുണ്ട് ശസ്ത്രക്രിയ വേണ്ടി വരും," അദ്ദേഹം പറഞ്ഞു. അതേസമയം ഒല ഇലക്ട്രിക് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
advertisement
ഇലക്ട്രിക് സ്കൂട്ടറിന്റെ റിവേഴ്സ് മോഡ് ആക്‌സിലറേറ്ററിന്റെ തകരാറിനെക്കുറിച്ച് നിരവധി ഉപഭോക്താക്കൾ മുമ്പും പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഗുവാഹത്തിയിൽ നിന്നുള്ള ബൽവന്ത് സിംഗ് തന്റെ മകൻ സമാനമായ അപകടത്തിൽ പെട്ടതായി ട്വീറ്റ് ചെയ്തിരുന്നു. ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ ബ്രേക്കിങ് സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ ഈ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയെന്നും വാഹനത്തിന് കുഴപ്പമൊന്നുമില്ല എന്നുമാണ് കമ്പനിയുടെ നിലപാട്. “രാത്രി മുഴുവൻ അമിത വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. സ്കൂട്ടർ ഓടിച്ചിരുന്നയാൾ പരിഭ്രമിച്ച് പെട്ടെന്ന് ബ്രേക്കിട്ടതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമായതായാണ് വ്യക്തമാകുന്നത് ” എന്നാണ് ഒല ഇലക്ട്രികിന്റെ ഈ സംഭവത്തെ കുറിച്ചുള്ള പ്രതികരണം. മാർച്ച് 26ന് സിങ്ങിന്റെ മകൻ ഒല എസ്1 പ്രോ ഓടിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്. “ഒല എസ് 1 പ്രോയിന്റെ തകരാർ കാരണം എന്റെ മകന് മാർച്ച്26 ന് അപകടം സംഭവിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിയും വന്നു.ഇടത് കൈയിൽ ഒടിവും വലതു കൈയിൽ 16 തുന്നലുകളും ഉണ്ടായി " ബൽവന്ത് സിംഗിന്റെ ട്വീറ്റിൽ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2022 1:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Ola Electric Scooter | ഓടിക്കുന്നതിനിടെ അപ്രതീക്ഷിതമായി റിവേഴ്സ് മോഡിലേക്ക്; ഒല ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച വയോധികന് പരിക്ക്