• HOME
 • »
 • NEWS
 • »
 • money
 • »
 • MVD | ബെംഗളൂരുവിലെ ബുള്ളറ്റിന് കാസര്‍കോട് പിഴയടയ്ക്കാന്‍ നോട്ടീസ് ; MVD കണ്ടെത്തിയ നിഗൂഢ രഹസ്യം

MVD | ബെംഗളൂരുവിലെ ബുള്ളറ്റിന് കാസര്‍കോട് പിഴയടയ്ക്കാന്‍ നോട്ടീസ് ; MVD കണ്ടെത്തിയ നിഗൂഢ രഹസ്യം

വിശദമായ പരിശോധനയില്‍ ഒറിജിനലിന്‍റെ അതേ ചേസ് നമ്പര്‍ വ്യാജനിലും രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി

 • Share this:
  ബെംഗളൂരു സ്വദേശിയായ പ്രസാദിന് ഒരു ബുള്ളറ്റ് സ്വന്തമായിട്ടുണ്ട്.  500 സിസി, ബാറ്റില്‍ ഗ്രീന്‍ നിറത്തിലുള്ള ഈ ബുള്ളറ്റിലാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. ഇതിനിടെ പതിവില്ലാതെ ഒരു ചലാന്‍ പ്രസാദിന്‍റെ അഡ്രസിലേക്ക് വന്നു. ഹെല്‍മെറ്റ് വെക്കാതെ വണ്ടിയോടിച്ചതിനും ബൈക്കിന്‍റെ സൈലന്‍സറില്‍ മാറ്റം വരുത്തിയതിനും പിഴടയ്ക്കണമെന്ന് കാട്ടി മോട്ടോര്‍ വാഹന വകുപ്പാണ് ചലാന്‍ അയച്ചിരിക്കുന്നത്.

  പ്രസാദ് ആദ്യം ഒന്ന്  അമ്പരന്നു. താന്‍ എപ്പോഴാണ് സൈലന്‍സറില്‍ മാറ്റം വരുത്തിയത്. എപ്പോഴാണ് ഹെല്‍മെറ്റ് ഇല്ലാതെ ബുള്ളറ്റില്‍ യാത്ര ചെയ്തത്. പിഴയടയ്ക്കാനുള്ള നോട്ടീസ് ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോള്‍ പ്രസാദ് വീണ്ടും ഞെട്ടി. നോട്ടീസ് വന്നിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. കാസര്‍കോട് ജില്ലയിലെ ഉപ്പളയിലൂടെ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനാണ് പിഴ. തന്‍റെ ജീവിതത്തില്‍ ഇതുവരെ ബുള്ളറ്റുമായി കേരളത്തിലേക്ക് യാത്ര ചെയ്തിട്ടില്ലാത്ത എനിക്ക് എങ്ങനെ ഈ ഫൈന്‍ ലഭിക്കുമെന്ന് എത്ര ആലോചിച്ചിട്ടും പ്രസാദിന് ഒരു പിടിയും കിട്ടിയില്ല.

  തുടര്‍ന്ന് കാസര്‍കോട്ടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. താന്‍ കേരളത്തിലേക്കേ വന്നിട്ടില്ലെന്ന് പ്രസാദ് അറിയിച്ചപ്പോള്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താന്‍ കാസര്‍കോട് എന‍്ഫോഴ്സ്മെന്‍റ് ആര്‍ടിഒ എം.ടി ഡേവിസ് ഉത്തരവിട്ടു.

   Also Read- അപകടകരമായ ഡ്രൈവിങ്ങ്: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

  വിശദമായി പരിശോധന നടത്തിയപ്പോഴാണ് ഒരു കാര്യം മനസിലായത്. കാസര്‍കോട്ട് ഹെല്‍മറ്റ് വയ്ക്കാതെ ഓടിച്ച ബുള്ളറ്റിന്‍റെ നിറം കറുപ്പാണ്. ബെംഗളൂരുവിലേത് ബാറ്റില്‍ ഗ്രീനും. കാസര്‍കോട്ടെ ബുള്ളറ്റിന് ചുവപ്പ് നിറത്തില്‍ ഒരു സ്ട്രിപ്പുണ്ട്. ബെംഗളൂരുവിലേതിന് അതില്ല. എംവിഡി ഉദ്യോഗസ്ഥര്‍ക്ക് ഒരു ബോധ്യമായി ബെംഗളൂരുവിലെ ബുള്ളറ്റിന്‍റെ അപരന്‍ കാസര്‍കോട് ജില്ലയില്‍ വിലസി നടക്കുന്നുണ്ട്.

  പിന്നീട് അപരനെ കണ്ടെത്താനുള്ള നീക്കങ്ങളുമായി എംവിഡി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോയി.യൂണിഫോം മാറ്റി മഫ്‍ടിയില്‍ ഉദ്യോഗസ്ഥര്‍ വ്യാജ ബുള്ളറ്റിനെ അന്വേഷിച്ച് ഇറങ്ങി. ക്യാമറയില്‍ ബുള്ളറ്റ് കുടുങ്ങിയ ഉപ്പള കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.  ബുള്ളറ്റിനെകുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ വ്യാജ ബുള്ളറ്റ് ഉപയോഗിക്കുന്നവര്‍ അത് മാറ്റാനുള്ള സാധ്യതയുണ്ട്. നമ്പര്‍ പ്ലേറ്റ് ഊരി വച്ചാല്‍ പിന്നെ ഒരിക്കലും കണ്ടെത്താനുമാവില്ല. അതിനാല്‍ ശ്രദ്ധയോടെയായിരുന്നു നീക്കം.

  അവസാനം ആറ് മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ എംവിഐ വിതിന്‍കുമാറും എ.എംവിഐ ഉദയകുമാറും ചേര്‍ന്ന്  ഉപ്പള മുളിഞ്ച ബൈത്തുല്‍ ഖമര്‍ വില്ലയില്‍ മുസ്‍തഫയുടെ വീട്ടുമുറ്റത്ത് നിന്ന് ഒടുവില്‍ അപര ബുള്ളറ്റിനെ കണ്ടെത്തി.

  വിശദമായ പരിശോധനയില്‍ ഒറിജിനലിന്‍റെ അതേ ചേസ് നമ്പര്‍ വ്യാജനിലും രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. നാല് വര്‍ഷം മുമ്പ് ബെംഗളൂരുവില്‍ നിന്ന് വാങ്ങിയ വാഹനം ഇക്കാലമത്രയും വ്യാജ നമ്പര്‍ പ്ലേറ്റുമായി ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഈ ബൈക്ക് വാഹന കച്ചവടം നടത്തുന്ന ഒരാള്‍ ഒരു ലക്ഷം രൂപയ്ക്ക് പണയം വച്ചതാണെന്നും കഴിഞ്ഞ നാല് വര്‍ഷമായി ഇയാളെപ്പറ്റി ഒരു വിവരവും ഇല്ലെന്നുമാണ് വീട്ടുടമസ്ഥന്‍ പറയുന്നത്.

  മറ്റ് ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കായി ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ അധികൃതരുടെ സംശയം. വിശദമായ പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി ബുള്ളറ്റ് മഞ്ചേശ്വരം പൊലീസിന് കൈമാറി.
  Published by:Arun krishna
  First published: