സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മെയ് 25 ലെ സ്പൈസ്ജെറ്റ് (Spicejet) വിമാന സര്‍വീസുകള്‍ വൈകി. സ്‌പൈസ് ജെറ്റിന്റെ ചില കമ്പ്യൂട്ടറുകളില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ റാന്‍സംവെയര്‍ (Ransomware) ആക്രമണം ഉണ്ടായിരുന്നു. തുടര്‍ന്നാണ് രാവിലെയുള്ള വിമാന സര്‍വീസുകള്‍ (flight services) വൈകിയത്. ഐടി വകുപ്പ് പ്രശ്‌നം പരിഹരിച്ചുവെന്നും സര്‍വീസുകള്‍ സാധാരണ നിലയിലായെന്നും സ്പൈസ്ജെറ്റ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, റാന്‍സംവെയര്‍ ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ സ്‌പൈസ്ജെറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരു മാല്‍വെയര്‍ വഴി സിസ്റ്റം ലോക്ക് ചെയ്യപ്പെടുകയും ഈ സിസ്റ്റങ്ങള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് റാന്‍സംവെയര്‍ ആക്രമണം. മിക്ക കേസുകളിലും, ക്രിപ്റ്റോകറന്‍സികള്‍ വഴി നിശ്ചിത സമയത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ പ്രധാനപ്പെട്ട ഫയലുകള്‍ ഇല്ലാതാക്കുമെന്നും കമ്പ്യൂട്ടര്‍ ഉപയോഗശൂന്യമാക്കുമെന്നും ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തുന്നു.
സോഫോസിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ല്‍ 78 ശതമാനം ഇന്ത്യന്‍ സ്ഥാപനങ്ങളെയും റാന്‍സംവെയര്‍ ബാധിച്ചു, 2020 ല്‍ ഇത് 68 ശതമാനമായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട റാന്‍സംവെയര്‍ ആക്രമണത്തില്‍ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്ത ഇന്ത്യന്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ശരാശരി മോചനദ്രവ്യം 1,198,475 യുഎസ് ഡോളര്‍ ആണെന്നും സര്‍വേയില്‍ കണ്ടെത്തി. ആക്രമണത്തിനിരയായ 10 ശതമാനം പേരും 1 മില്യണ്‍ യുഎസ് ഡോളറോ അതിലധികമോ നല്‍കുന്നുവെന്നും അതില്‍ പറയുന്നു. ഡാറ്റകള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ള ഏകദേശം 78 ശതമാനം സ്ഥാപനങ്ങളും ഡാറ്റ വീണ്ടെടുക്കുന്നതിനുള്ള മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും, മോചനദ്രവ്യം നല്‍കിയിട്ടുണ്ട്.
അടുത്തിടെയാണ് ലാന്‍ഡിങ്ങിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. മുംബൈയില്‍ നിന്ന് ദുര്‍ഗാപുരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിമാനത്തിനുള്ളില്‍ നിരവധി സാധനങ്ങളും ഓക്സിജന്‍ മാസ്‌കുകളും ചിതറിക്കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. അപകടത്തില്‍ ബാഗുകള്‍ വീണ് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഒരു യാത്രക്കാരന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്പൈസ് ജെറ്റിന്റെ എസ്ജി-945 വിമാനമാണു ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞത്.
മോശം കാലാവസ്ഥായെ തുടര്‍ന്നാണ് വിമാനം ആടിയുലഞ്ഞതെന്നും മൂന്നു ജീവനക്കാര്‍ ഉള്‍പ്പെടെ 17പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. ദുര്‍ഗാപുരില്‍ എത്തിയ ഉടനെ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയതായി സ്പൈസ് ജെറ്റ് വാക്താവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (DGCI) അറിയിച്ചിരുന്നു.
നേരത്തെ, ടേക് ഓഫിനു തൊട്ടു മുന്‍പ് സ്‌പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ തൂണ് തകര്‍ന്നു. വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്നു റണ്‍വേയിലേക്കു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഡല്‍ഹിയില്‍ നിന്നും ജമ്മുവിലേക്കു പോകേണ്ട വിമാനത്തിന്റെ വലതു ചിറകാണ് തൂണിലിടിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.