ഇന്ത്യൻ കാർ വിപണിയിൽ വിൽപനയിൽ വൻ കുതിപ്പ് കൈവരിച്ച് ടാറ്റ നെക്സോൺ. രാജ്യത്ത് മെയ് മാസത്തെ കാർ വിൽപനയിൽ നെക്സോൺ രണ്ടാം സ്ഥാനത്തെത്തി. കൂടാതെ, ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി നെക്‌സോൺ മാറി. മാരുതി സുസുകി വാഗൺ ആർ ആണ് പട്ടികയിൽ ഒന്നാമത്. മാരുതി സുസുകിയുടെ തന്നെ സ്വിഫ്റ്റ്, ബെലാനോ എന്നിവ മൂന്നും നാലും സ്ഥാനങ്ങളിലാണ്. മാരുതി സുസുകിയുടെ ഓൾട്ടോ അഞ്ചാമതും എർട്ടിക ആറാമതും ഡിസയർ ഏഴാമതുമാണ്. ഹ്യൂണ്ടായ് ക്രെറ്റയാണ് എട്ടാം സ്ഥാനത്ത്. ഈക്കോ, ബ്രെസ എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് വാഹനങ്ങൾ. ടാറ്റയുടെ പഞ്ച് ആണ് പന്ത്രണ്ടാം സ്ഥാനത്ത്. 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ്, നീണ്ട ഫീച്ചർ ലിസ്റ്റ്, ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ, വിശാലമായ ഇന്റീരിയർ എന്നിവയാണ് നെക്സോണിനെ ആകർഷകമാക്കുന്നത്. കൂടാതെ, മെയ് മാസം 14,614 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.
കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 6,439 പേരാണ് നെക്സോൺ വാങ്ങിയതെങ്കിൽ ഒരു വർഷത്തിനിടെ വിൽപന ഇരട്ടിയിലധികം വർദ്ധിപ്പിക്കാൻ ടാറ്റയുടെ ജനപ്രിയ മോഡലിന് കഴിഞ്ഞു. അതിനാൽ, 2022 മെയ് മാസത്തിൽ ഒരു വർഷം കൊണ്ട് 127 ശതമാനം വളർച്ചയാണ് നെക്സോൺ കൈവരിച്ചത്. കൂടാതെ, 2020 ഏപ്രിലിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറായ ഹ്യൂണ്ടായ് ക്രെറ്റയെ വൻ വ്യത്യാസത്തിൽ പിന്നിലാക്കാനും നെക്സോണിന് കഴിഞ്ഞു. ഈ വർഷം മെയ് മാസത്തിൽ, ഹ്യൂണ്ടായ് ക്രെറ്റയുടെ മൊത്തം വിൽപ്പന 46 ശതമാനം വർധിച്ച് 10,973 യൂണിറ്റുകളായി.
നെക്സോണിന്‍റെ പ്രത്യേകതകൾ
ഇരട്ട ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, പ്രീ-ടെൻഷനറുകളും ലോഡ് ലിമിറ്ററും ഉള്ള സീറ്റ് ബെൽറ്റുകൾ എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകളോടെയാണ് സബ്-4m കോംപാക്റ്റ് എസ്‌യുവിയായ നെക്സോൺ വിപണിയിലെത്തിയത്. കൂടാതെ, നെക്സോണിന് ഒരു 5-സ്റ്റാർ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഉണ്ട്.
എഞ്ചിൻ ഓപ്ഷനുകളും ഏറെ സവിശേതകളുള്ളതാണ്. ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ രണ്ട് പവർട്രെയിൻ ചോയ്‌സുകളിലാണ് വിൽക്കുന്നത് - 1.2 എൽ റെവോട്രോൺ ടർബോ-പെട്രോൾ, 1.5 എൽ റെവോടോർക്ക് ടർബോ-ഡീസൽ. എസ്‌യുവിക്ക് 6-സ്പീഡ് AMT അല്ലെങ്കിൽ 6-സ്പീഡ് MT എന്നിവയിൽ ലഭിക്കും. കൂടാതെ ഇവി പതിപ്പും നെക്സോണിനുണ്ട്. രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇലക്ട്രിക് കാർ ടാറ്റ നെക്സോൺ ആണ്. ഫീച്ചറുകളുടെ കാര്യത്തിൽ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ എന്നിവയും മറ്റും നെക്സോണിൽ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, റെനോ കിഗർ, നിസ്സാൻ മാഗ്‌നൈറ്റ് എന്നിവയുമായാണ് നെക്സോൺ മത്സരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tata Motors, Tata Nexon