നിരവധി കാർ നിർമാണ കമ്പനികൾ (Car Manufacturers) മികച്ച വിൽപ്പന രേഖപ്പെടുത്തിയ മാസമായിരുന്നു ഒക്ടോബർ. ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 10 കാറുകളിൽ ഏറെയും മാരുതി സുസുക്കിയുടേതായിരുന്നു. രാജ്യത്തെ തന്നെ മറ്റൊരു പ്രമുഖ കാർ നിർമാണ കമ്പനി പുതുതായി വിപണിയിലെത്തിച്ച മൈക്രോ എസ് യു വിയും ഏറ്റവുമധികം വിൽപ്പന നടന്ന കാറുകളുടെ പട്ടികയിൽ ഇടം പിടിച്ചു. പട്ടികയിൽ പത്താമത് എത്തിയത് ഒക്ടോബർ മൂന്നാം വാരത്തിൽ വിപണിയിൽ എത്തിയ ടാറ്റ മോട്ടോഴ്സിന്റെ 'പഞ്ച്' ആയിരുന്നു.
കാർ ദേഖോയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളും കരസ്ഥമാക്കിയത് മാരുതി സുസുക്കിയുടെ മോഡലുകളാണ്. ഏഴാം സ്ഥാനവും ഒമ്പതാം സ്ഥാനവും കൂടി പങ്കുവെച്ചുകൊണ്ട് മാരുതി സുസുക്കി ഈ പട്ടികയിൽ തങ്ങളുടെ വ്യക്തമായ ആധിപത്യം ഉറപ്പിച്ചു.
2021 ഒക്ടോബറിൽ 17,389 വാഹനങ്ങൾ വിറ്റുകൊണ്ട് മാരുതി സുസുക്കിയുടെ ഓൾട്ടോയാണ് ആ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായി മാറിയത്. സെപ്റ്റംബറിലേതിനെ അപേക്ഷിച്ച് 5,000 കൂടുതൽ യൂണിറ്റുകളുടെ വിൽപ്പന നടത്തിയാണ് ഓൾട്ടോ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ബലേനോയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സെപ്റ്റംബറിൽ 8,077 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടതെങ്കിൽ ഒക്ടോബറിൽ 15,573 വാഹനങ്ങൾ വിറ്റുകൊണ്ട് വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് ബലേനോ നടത്തിയത്. ഒക്ടോബർ മാസത്തിൽ 12,923 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് മാരുതി സുസുക്കിയുടെ എർട്ടിഗ വിൽപ്പനയിൽ 40 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. പട്ടികയിൽ മൂന്നാം സ്ഥാനം എർട്ടിഗയ്ക്ക് തന്നെ. 12,335 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട വാഗൺ ആർ തൊട്ടുപിന്നിൽ തന്നെയുണ്ട്. സെപ്റ്റംബറിലെ കണക്കുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വിൽപ്പനയിൽ 40 ശതമാനം വർദ്ധനവോടു കൂടിയാണ് വാഗൺ ആർ നാലാം സ്ഥാനം സ്വന്തമാക്കിയത്. എന്നാൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പന കണക്കുകളുമായി താരതമ്യം ചെയ്താൽ ഈ മോഡലിന്റെ വിൽപ്പനയിൽ 50 ശതമാനത്തോളം കുറവുണ്ടായതായി കാണാൻ കഴിയും.
Also Read-
Honda Civic | ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ്ങുമായി ഹോണ്ട സിവിക്വിൽപ്പനയുടെ കാര്യത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത് ഒരു എസ്‌യുവിയാണ്. 10,544 വാഹനങ്ങൾ വിറ്റാണ് ഹ്യുണ്ടായിയുടെ വെന്യു ഈ സ്ഥാനത്തെത്തിയത്. ഹ്യുണ്ടായി ക്രേറ്റയ്ക്ക് പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞില്ല. ഒക്ടോബറിൽ 10,488 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട്, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്ന് എന്ന സ്ഥാനം കിയ സെൽറ്റോസ് നിലനിർത്തുന്നു. ഏഴാമത്തെ സ്ഥാനത്തെത്തിയ മാരുതി സുസുക്കിയുടെ ഈക്കോയുടെ പ്രതിമാസ വിൽപ്പനയിലും 40 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ടാറ്റയുടെ നെക്‌സോൺ 10,096 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 46 ശതമാനത്തിന്റെ വർദ്ധനവാണ് നെക്‌സോൺ രേഖപ്പെടുത്തിയത്.
മാരുതി സുസുക്കിയുടെ തന്നെ മറ്റൊരു ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ പ്രതിമാസ വിൽപ്പനയിൽ 450 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. സെപ്റ്റംബറിൽ 2,520 യൂണിറ്റുകൾ മാത്രമാണ് വിറ്റതെങ്കിൽ തൊട്ടടുത്ത മാസം 9,000 കാറുകൾ വിൽക്കാൻ സ്വിഫ്റ്റിന് കഴിഞ്ഞു. പട്ടികയിലെ അവസാന സ്ഥാനം ടാറ്റ പഞ്ചിനാണ്. വിപണിയിലെത്തി 2 ആഴ്ചക്കുള്ളിൽ ഈ മോഡലിന്റെ 8,453 യൂണിറ്റുകളാണ് വിറ്റുപോയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.