TATA Punch EV: ഒറ്റ ചാർജിൽ 421 കിലോമീറ്റര്‍ റേഞ്ച്; ടാറ്റാ പഞ്ച് ഇവി വിപണിയിൽ; വിലയെത്ര?
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ട് ബാറ്ററി ഓപ്ഷനുമായാണ് പഞ്ച് ഇവി അവതരിപ്പിച്ചിരിക്കുന്നത്
ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ പഞ്ച് ഇവി (Punch EV) വിപണിയിൽ. 10.99 ലക്ഷം മുതൽ 14.49 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില. 21,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഈ മാസം ആദ്യം മുതൽ കമ്പനി ആരംഭിച്ചിരുന്നു.
ടാറ്റ പഞ്ച് ഇവിയുടെ സവിശേഷതകൾ
രണ്ട് ബാറ്ററി ഓപ്ഷനുമായാണ് പഞ്ച് ഇവി അവതരിപ്പിച്ചിരിക്കുന്നത്. 35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡല്‍ ഒറ്റ ചാര്‍ജില്‍ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് ഒറ്റ ചാർജിൽ 315 കിലോമീറ്റര്‍ റേഞ്ചിലും സഞ്ചരിക്കും.
ടാറ്റയുടെ മുൻ ഇലക്ട്രിക് കാറായ ടാറ്റ നെക്സൺ ഇവിയുടെ ഡിസൈന് സമാനമാണ് ടാറ്റ പഞ്ച് ഇവിയുടെ ഡിസൈനും. ഫ്രണ്ട് ട്രങ്ക്, എൽഇഡി ലൈറ്റ് ബാർ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സെറ്റപ്പ്, ഫ്രഷ് അലോയ് വീൽ ഡിസൈൻ എന്നിവയൊക്കെയാണ് ഡിസൈനിലേക്കു വരുമ്പോൾ എടുത്തു പറയേണ്ട കാര്യങ്ങൾ. Gen 2 ആർക്കിടെക്ചറിൽ നിർമിച്ച ടാറ്റയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്.
advertisement
പഞ്ച് ഇവിയുടെ ലോങ്ങ് റേഞ്ച് മോഡലില്‍ 122 എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കും അടങ്ങിയ ഇലക്ട്രിക് മോട്ടറും മീഡിയം റേഞ്ച് മോഡലില്‍ 81 എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കും ഉള്ള ഇലക്ട്രിക് മോട്ടോറുമാണ് നല്‍കിയിരിക്കുന്നത്. 3.3 കിലോവാട്ട് വാൾ ബോക്സ് ചാർജറും 7.2 കിലോവാട്ട് ഫാസ്റ്റ് ചാർജറും നൽകിയിട്ടുണ്ട്. വെറും 56 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലെത്തും.
പ്രീമിയം മോഡൽ ഇന്റീരിയറാണ് ടാറ്റ പഞ്ച് ഇവിയുടെ മറ്റൊരു സവിശേഷത. പുതിയ ഡാഷ്‌ബോർഡ് ഡിസൈനും ഇതിൽ കാണാം. ഇൻഫോടെയ്ൻമെന്റിനായി 10.25 ഇഞ്ചുള്ള രണ്ട് സ്‌ക്രീനുകൾ, ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, സ്റ്റിയറിംഗ് വീൽ പാഡിലുകൾ എന്നിവ പോലുള്ള നിരവധി സവിശേഷതകളുമായാണ് പഞ്ച് ഇവി നിരത്തിലെത്തുക. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, വയർലെസ് ഫോൺ ചാർജർ, സൺറൂഫ്, ക്യാബിൻ എയർ പ്യൂരിഫയർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
advertisement
സുരക്ഷയുടെ കാര്യത്തിലേക്കു വന്നാൽ, ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയും പഞ്ച് ഇവിയിൽ ലഭ്യമാണ്. യാത്രക്കാർക്ക് സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടാറ്റ മോട്ടോഴ്‌സ് പറയുന്നു.
7.98 ലക്ഷം മുതൽ 9.98 ലക്ഷം വരെ വിലയുള്ള എംജി കോമറ്റ്, 11.5 ലക്ഷം മുതൽ 12.68 ലക്ഷം വരെ വിലയുള്ള സിട്രോൺ ഇസി3, 8.69 ലക്ഷം മുതൽ 12.04 ലക്ഷം വരെ ടാറ്റയുടെ തന്നെ ടിയാഗോ ഇവി എന്നിവയോടാണ് പഞ്ച് ഇവി മൽസരിക്കേണ്ടത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 19, 2024 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
TATA Punch EV: ഒറ്റ ചാർജിൽ 421 കിലോമീറ്റര്‍ റേഞ്ച്; ടാറ്റാ പഞ്ച് ഇവി വിപണിയിൽ; വിലയെത്ര?