ടെസ‍്‍ലയിൽ (Tesla) 10 ശതമാനം ജീവനക്കാരെ പിരിച്ച് വിട്ടേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സ്ഥാപനത്തിൽ ജീവനക്കാരുടെ എണ്ണം കൂട്ടുമെന്ന പ്രസ്താവനയുമായി ലോകത്തിലെ അതിസമ്പന്നനായ വ്യവസായി ഇലോൺ മസ‍്‍ക് (Elon Musk). ടെസ‍്‍ലയിൽ കൂട്ടപ്പിരിച്ചുവിടൽ നടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇലോൺ മസ‍്‍കിൻെറ ഒരു ഇ-മെയിൽ ചോർന്നതോടെയാണ് വിവരങ്ങൾ പുറത്തായത്. നിലവിൽ ശമ്പളം നൽകുന്ന ജീവനക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാവില്ലെന്നും മസ‍്‍ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോൾ മാർസ് കാറ്റലോഗിൻെറ പേരിലുള്ള ഒരു അനൌദ്യോഗിക ട്വിറ്റർ ഹാൻറിലിൻെറ ട്വീറ്റ് പറയുന്നത് ടെസ‍്‍ലയിൽ വരുന്ന വർഷം ജീവനക്കാരുടെ എണ്ണം വർധിക്കുമെന്നാണ്.
“വരുന്ന 12 മാസത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാവും,” ഇങ്ങനെയാണ് ട്വീറ്റ്. “ജീവനക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാവും, എന്നാൽ ശമ്പളം ലഭിക്കുന്നവരുടെ എണ്ണത്തിൽ മാറ്റമുണ്ടാവില്ല,” ട്വീറ്റിന് മറുപടിയായി ഇലോൺ മസ‍്‍ക് പറഞ്ഞു. നിലവിലെ സാമ്പത്തികസ്ഥിതിയിൽ വലിയ ആശങ്കയുണ്ടെന്ന് മസ്ക് പറഞ്ഞതായി കമ്പനിക്കുള്ളിലെ എക്സിക്യൂട്ടീവുമാർക്ക് അയച്ച ഒരു ഇ-മെയിലിനെ മുൻനിർത്തി വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് നിർത്തി ഓഫീസിൽ ഹാജരാവാനാണ് ആദ്യം മസ്ക് ആവശ്യപ്പെട്ടത്. ടെസ‍്‍ലയിൽ ഇനി മുതൽ ആരെയും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇ-മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിക്കുള്ളിൽ അയച്ച ഇ-മെയിൽ ഇപ്പോൾ ട്വിറ്ററിലും സോഷ്യൽ മീഡിയയിലുമൊക്കെ വൈറലായിരിക്കുകയാണ്. യുഎസിൽ കോവിഡ് കേസുകൾ കുറയുകയും ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് മസ്ക് കമ്പനിയിലെ ജീവനക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ നൽകിയത്.
''റിമോട്ട് സ്ഥലങ്ങളിൽ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിലും അവർ ഓഫീസിൽ ആഴ്ചയിൽ 40 മണിക്കൂറെങ്കിലും ഉണ്ടായിരിക്കണം. ഇതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിങ്ങൾ അതിന് തയ്യാറാവുന്നില്ലെങ്കിൽ നിങ്ങൾ ജോലി രാജിവെച്ചുവെന്ന് ഞങ്ങൾ മനസ്സിലാക്കും'', ഇ-മെയിലിൽ മസ്ക് വ്യക്തമാക്കി. ന്യായമായ കാരണങ്ങളാൽ ഓഫീസിൽ വരാൻ ബുദ്ധിമുട്ടുള്ളവരുടെ കാര്യത്തിൽ താൻ നേരിട്ട് വിശകലനം നടത്തി അനുമതി നൽകുമെന്നും മസ്ക് അറിയിച്ചിരുന്നു. എന്നാലിപ്പോൾ ഈ നിലപാടിൽ നിന്ന് മാറിയോയെന്നാണ് സംശയം ഉയരുന്നത്. ഔദ്യോഗികമായി മസ്കിൻെറ ഭാഗത്ത് നിന്ന് മറ്റ് പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല.
അതേസമയം, ടെസ‍്‍ലയുടെ പ്ലാൻറ് സ്ഥിതി ചെയ്യുന്ന ജർമ്മനിയിലെ ബർലിനിലുള്ള ഐജി മെറ്റൽ യൂണിയൻ ഇലോൺ മസ്കിൻെറ നിലപാടുകൾക്കെതിരെ രംഗത്ത് വന്നിരുന്നു. മസ്കിൻെറ നിർദ്ദേശത്തിനോട് വിയോജിപ്പുള്ള ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും യൂണിയൻ വ്യക്തമാക്കി. ജർമനിയിൽ കമ്പനിക്ക് ആകെ 4000 ജീവനക്കാരാണ് ഇപ്പോഴുള്ളത്.
വിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടും, ചൈനയിലെ ഫാക്ടറി അടച്ചുപൂട്ടേണ്ടി വന്നിട്ടും ടെസ‍്‍ല 3.3 ബില്യൺ ഡോളറിൻെറ ലാഭമാണ് ഈ വർഷം ആദ്യപാദത്തിൽ നേടിയെടുത്തത്. 18.7 ബില്യൺ ഡോളറാണ് കമ്പനിയുടെ വരുമാനം. ടെസ‍്‍ല 305,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.