Viral Video | ഷോറൂമിൽ പാർക്ക് ചെയ്തിരുന്ന പുത്തൻ എസ്.യു.വി പിന്നിലേക്ക് ഉരുണ്ട് റോഡിലേക്ക് മറിഞ്ഞു
- Published by:Anuraj GR
- news18-malayalam
Last Updated:
കാർ പിന്നിലേക്ക് ഉരുണ്ടത് ശ്രദ്ധയിൽപ്പെട്ട ഒരു യുവാവ് ഓടിയെത്തി പിൻവശത്ത് തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു...
ഷോറൂമിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അപകടത്തിൽപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹാൻഡ് ബ്രേക്ക് ഇടാത്തതുമൂലം പിന്നിലേക്കു ഉരുണ്ടുപോയ കാർ റോഡിലേക്ക് മറിയുന്നത് സി സി ടി വി (CCTV) ദൃശ്യങ്ങളിൽ കാണാം. അപകടം നടന്നത് എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും കേരളത്തിൽ ആണെന്നാണ് സൂചന. ഷോറൂമിൽ പാർക്ക് ചെയ്തിരുന്ന കിയയുടെ എസ് യു വിയായ സെൽറ്റോസാണ് (KIA SELTOS) അപകടത്തിൽപ്പെട്ടത്.
കാർ പിന്നിലേക്ക് ഉരുണ്ട് ശ്രദ്ധയിൽപ്പെട്ട ഒരു യുവാവ് ഓടിയെത്തി പിൻവശത്ത് തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. റോഡിൽനിന്ന് ഉയരത്തിലുള്ള ഷോറൂമിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പിന്നിലേക്ക് ഉരുണ്ടുവന്ന കാർ താഴേക്ക് പതിക്കുകയും തെറിച്ച് റോഡിലേക്ക് പോകുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. ഈ സമയം റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതും കാൽനടയാത്രക്കാർ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. അതേസമയം വാഹനം ഷോറൂമിന് മുന്നിൽ പാർക്ക് ചെയ്ത സെയിൽസ് എക്സിക്യൂട്ടീവ് ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. അപകടത്തിന്‍റെ വീഡിയോ യൂട്യൂബിൽ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.
advertisement
ആഗ്രഹിച്ചു സ്വന്തമാക്കുന്ന കാർ, ഷോറൂമിൽനിന്ന് റോഡിലേക്ക് ഇറക്കുന്നതിന് മുമ്പ് അപകടത്തിൽപ്പെട്ട സംഭവം ഇക്കഴിഞ്ഞ ജൂലൈയിൽ ഹൈദരാബാദിൽനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ടാറ്റ ടിയാഗോ കാർ ഡെലിവെറി ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഷോറൂമിന്‍റെ ഒന്നാമത്തെ നിലയിലായിരുന്നു കാർ. ഡെലിവറി എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി കാറിൽ കയറി ഉടമ റാംപ് വഴി താഴേക്ക് എടുക്കാൻ ശ്രമിക്കുകയായിരുന്നു. സെയിൽസ് എക്സിക്യൂട്ടിവുമായി സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലേറ്ററിൽ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്. ഒന്നാമത്തെ നിലയിൽനിന്ന് താഴെ പാർക്ക് ചെയ്തിരുന്ന ഫോക്സ് വാഗൻ പോളോ കാറിന് മുകളിലേക്ക് പുത്തൻ ടിയാഗോ കാർ തലകീഴായി മറിയുകയായിരുന്നു. സംഭവത്തിൽ ടിയാഗോ കാറിലുണ്ടായിരുന്ന ഉടമയ്ക്കും താഴെ പോളോ കാറിന് സമീപത്തു നിന്ന ഒരാൾക്കും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
ഹൈദരാബാദിലെ ടാറ്റാ മോട്ടോഴ്‌സിന്റെ അംഗീകൃത ഡീലർമാരായ സെലക്ട് കാർസിന്‍റെ നാഗോൾ കോളനിയിലെ അൽകാപുരി ക്രോസ് റോഡിലെ ഷോറൂമിലാണ് ദൌർഭാഗ്യകരമായ സംഭവം നടന്നത്. ഹൈദരാബാദിലെ തന്നെ വലിയ ഷോറൂമുകളിലൊന്നാണിത്. അതുകൊണ്ടുതന്നെ പുതിയ കാറുകൾ താഴത്തെ നിലയിലും മുകളിലത്തെ നിലയിലും പാർക്ക് ചെയ്തിരുന്നു. ഡെലിവറി നൽകേണ്ടിയിരുന്ന ടിയാഗോ കാർ മുകളിലാണ് പാർക്ക് ചെയ്തിരുന്നത്. താഴത്തെ നിലയിലേക്ക് കാർ ഇറക്കാൻ ഒരു ഹൈഡ്രോളിക് റാമ്പ് ഉണ്ടായിരുന്നു. അതുവഴി കാർ ഇറക്കുന്നതിനെ കുറിച്ച് നിർദേശങ്ങൾ നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാർ സ്റ്റാർട്ട് ചെയ്ത ശേഷം സെയിൽസ് എക്സിക്യൂട്ടീവുമായി സംസാരിച്ചു നിൽക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലേറ്ററിൽ കാൽ അമർത്തുകയായിരുന്നു. കാർ റാംപും കടന്ന് മുന്നോട്ടു കുതിക്കുകയും താഴേക്കു പതിക്കുകയുമായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന പോളോ കാറിന് മുകളിലേക്കാണ് ടിയാഗോ വീണത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2021 5:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Viral Video | ഷോറൂമിൽ പാർക്ക് ചെയ്തിരുന്ന പുത്തൻ എസ്.യു.വി പിന്നിലേക്ക് ഉരുണ്ട് റോഡിലേക്ക് മറിഞ്ഞു