ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട (Toyota) ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാർ പുറത്തിറക്കി. പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ബുധനാഴ്ച ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ (എഫ്സിഇവി) ആയ 'ടൊയോട്ട മിറായി' അവതരിപ്പിച്ചത്. ഇന്ത്യന്‍ റോഡുകളെയും കാലാവസ്ഥയെയും കുറിച്ച് പഠിക്കാനും വിലയിരുത്താനുമാണ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജിയും (ഐസിഎടി) ചേർന്നുള്ള പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ടൊയോട്ട മിറായി അവതരിപ്പിച്ചത്.
കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് കാർ പുറത്തിറക്കിയത്. ടൊയോട്ട മിറായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ വാഹനത്തിന് 650 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. എഫ്സിഇവി പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാണെന്നും മലിനജലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്നും ഗഡ്കരി പറഞ്ഞു. മലിനജലം ശേഖരിക്കുകയും ഇലക്ട്രോലൈസര്‍ ഉപയോഗിച്ച് ഹരിതവാതകമായ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ''എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ ഉപയോഗിച്ച് നമുക്ക് ഇത് കംപ്രസ് ചെയ്യാം. അത് വീണ്ടും ഒരു ജൈവ ഇന്ധനമാണ്'' ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ലോകത്തിലുടനീളം നെറ്റ്-സീറോ കാര്‍ബണ്‍ എമിഷൻ കൈവരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടൊയോട്ട പറഞ്ഞു. ''ഇന്ത്യയുടെ ഊര്‍ജ്ജ മിശ്രിതവും അതുല്യമായ ഉപഭോക്തൃ ആവശ്യങ്ങളും കണക്കിലെടുക്കുമ്പോള്‍, ഫോസില്‍ ഇന്ധന ഉപഭോഗത്തിലും കാര്‍ബണ്‍ ഉദ്വമനത്തിലും പരിഹാരമായി കാര്‍ബണ്‍ ന്യൂട്രല്‍, വൈദ്യുത വാഹന സാങ്കേതികവിദ്യകള്‍ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' ടൊയോട്ട പറഞ്ഞു.
നേരത്തെ, അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ക്കായി രാജ്യം വൈദ്യുതി അധിഷ്ഠിത സാങ്കേതികവിദ്യ തേടുകയാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. തിരക്കേറിയ നഗരങ്ങളിലും മലയോര പ്രദേശങ്ങളിലും ഇപ്പോഴുള്ള ഗതാഗത മാര്‍ഗങ്ങള്‍ക്ക് ബദലായി റോപ്പ് വേകള്‍, കേബിള്‍ കാര്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഏറ്റെടുക്കാന്‍ മന്ത്രാലയം പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞാഴ്ച റീഇമേജിനിംഗ് ഇന്ത്യ 2.0 സീരീസിന്റെ ഭാഗമായി 'റീബില്‍ഡിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ ഇന്ത്യ 2.0' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
read also- Honda CB300R Launched | മുഖം മിനുക്കി എത്തി ഹോണ്ട സിബി300ആർ; വില 2.77 ലക്ഷം രൂപ മുതൽ
അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും ചെലവ് കുറഞ്ഞതും വൈദ്യുതി ഉപയോഗിച്ചുള്ളതുമായ സാങ്കേതിക മാര്‍ഗങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, സിക്കിം എന്നീ സംസ്ഥാനങ്ങളുമായുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനായി 11 റോപ് വേ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ അന്തര്‍ദേശീയ വ്യാപാര പാതകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി എല്ലാ തുറമുഖങ്ങളെയും ഒപ്പം ഉള്‍നാടന്‍ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം വേഗത്തിലാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.