ഇന്ത്യയുടെ വിമാനക്കമ്പനിയായ വിസ്താരയ്ക്ക് അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ വിമാന സർവീസുകൾ നടത്താനുള്ള അന്തിമ അനുമതി ലഭിച്ചു. ഇനി മുതൽ വിസ്താരയ്ക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ വാണിജ്യ വിമാന സർവീസുകൾ നടത്താൻ കഴിയും. ഈ അനുമതി പ്രകാരം വിസ്താരയ്ക്ക് ചാർട്ടർ വിമാനങ്ങളും കാർഗോ വിമാനങ്ങളും ഉൾപ്പെടെയുള്ളവയുടെ സേവനങ്ങൾ ഈ രാജ്യങ്ങൾക്കിടയിൽ നടത്താൻ കഴിയും. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആണ് ഇത് സംബന്ധിച്ച അന്തിമ അനുമതി ഇന്ത്യൻ വിമാനക്കമ്പനിയ്ക്ക് നൽകിയത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ, ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എന്നിവ നിഷ്കർഷിക്കുന്ന ചട്ടങ്ങൾ പാലിക്കുന്നിടത്തോളം വിസ്താരയ്ക്ക് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ അന്താരാഷ്ട്ര കാരിയർ സേവനങ്ങൾ നടത്താൻ കഴിയും. പാസഞ്ചർ സേവനങ്ങൾ, റീഫണ്ട്, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇതിൽ ഉൾപ്പെടും. ഏപ്രിൽ അവസാനമാണ് യു എസിലേക്ക് വിമാന സർവീസുകൾ നടത്താനുള്ള അപേക്ഷ വിസ്താര നൽകിയത്. താൽക്കാലിക അനുമതി ജൂണിൽ നൽകിയിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് അമേരിക്ക യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. യു എസ് പൗരന്മാർ, അവരുടെ കുടുംബാംഗങ്ങൾ, വിദ്യാർത്ഥികൾ, സ്ഥിരതാമസത്തിന് നിയമപരമായ അവകാശമുള്ളവർ എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. ദീർഘദൂര സർവീസുകൾ വിസ്താര ഇപ്പോൾ ആരംഭിക്കാൻ സാധ്യതയില്ല. ഇന്ത്യയിലേക്കുള്ള യാത്രയിലും നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഏതാനും ചില ഇളവുകൾ ഒഴിച്ചാൽ ഇന്ത്യൻ പൗരന്മാർ അല്ലാത്തവർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുക അത്ര എളുപ്പമല്ല.
Also read- രാജ്യത്ത് വിമാന സർവ്വീസുകളുടെ എണ്ണം കൂട്ടി; ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നു
നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യു എസിലേക്കുള്ള വിമാനസർവീസുകൾ വിസ്താര അടുത്തൊന്നും ആരംഭിക്കാൻ സാധ്യതയില്ല. മറ്റേതെങ്കിലും രാജ്യത്തിലൂടെ യു എസിലേക്ക് സർവീസ് നടത്തുക എന്നതാണ് വിസ്താരയുടെ മുന്നിലുള്ള മറ്റൊരു വഴി. ഫിഫ്ത്ത് ഫ്രീഡം റൂട്ട് ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചാൽ യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങളിൽ ഒരു സ്റ്റോപ്പോടു കൂടി ഡല്ലാസ്, മിയാമി, ഹൂസ്റ്റൺ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താൻ വിസ്താരയ്ക്ക് കഴിയും.
Also read- ഷെഡ്യൂള്‍ ചെയ്ത അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടി ഇന്ത്യ
യു എസിനും ഇന്ത്യയ്ക്കും ഇടയിൽ ഒരു സ്റ്റോപ്പോടു കൂടി വിമാന സർവീസുകൾ നടത്താൻ കഴിയുന്നതിന്റെ സാധ്യത വിസ്താരയ്ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. യുണൈറ്റഡ് എയർലൈൻസുമായി സഹകരിച്ചുകൊണ്ടുള്ള സാധ്യതയും വിസ്താരയ്ക്ക് തേടാവുന്നതാണ്. ഇന്ത്യയ്ക്കുള്ളിൽ യുണൈറ്റഡ് എയർലൈൻസിന് കൂടുതൽ കണക്റ്റിവിറ്റി നൽകുന്ന വിധത്തിൽ ഒരു കോഡ് ഷെയർ ബന്ധം നിലവിൽ ഈ രണ്ട് വിമാനക്കമ്പനികൾക്കുമിടയിലുണ്ട്. തങ്ങളുടെ പരസ്പര സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതിലൂടെ ഇരു വിമാനക്കമ്പനികൾക്കും നേട്ടം കൊയ്യാൻ കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.