2021 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നാല്‍ കാര്‍ (Car) പ്രേമികള്‍ക്ക് ഇനിയും ഒരുപാട് പ്രതീക്ഷിക്കാനുണ്ട്. മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മുന്‍നിര വാഹന നിര്‍മ്മാതാക്കളില്‍ (Automakers) നിന്നുള്ള നിരവധി പ്രധാന ഓഫറുകൾ (Offers)ഡിസംബർ മാസത്തില്‍ വരാനിരിക്കുന്നു. കോവിഡ് ദുരിതം കാരണം വാഹന വ്യവസായം ഒരു പ്രതിസന്ധിയ്ക്ക് ശേഷം വീണ്ടെടുക്കലിന്റെ പാതയിലാണ്. കമ്പനികള്‍ ഈ സമയം പരമാവധി പ്രയോജനപ്പെടുത്താനും അവരുടെ പുതിയ ഉല്‍പ്പന്നങ്ങളിലൂടെ നേട്ടം കൊയ്യാനുമുള്ള ശ്രമത്തിലാണ്.
2021 ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതിയ കാറുകൾ ഏതൊക്കെയെന്ന് നോക്കാം:
1. കിയ കാരന്‍സ് (Kia Carens)
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ മൂന്ന് സീറ്റര്‍ എസ്‌യുവിയായ കാരെന്‍സ് ഡിസംബര്‍ 16 ന് ആഗോളതലത്തില്‍ അവതരിപ്പിക്കും. 'റിക്രിയേഷനൽ വെഹിക്കിൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിയ കാരെന്‍സ് കിയ സെല്‍റ്റോസ് എന്ന മിഡ് സൈസ് എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതേ മെക്കാനിക്കൽ സവിശേഷതകളുമായാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കിയ സെല്‍റ്റോസിനെക്കാള്‍ ഉയര്‍ന്ന വീല്‍ബേസ് ആയിരിക്കും പ്രധാന മാറ്റമെന്നാണ് സൂചന. 2022 ന്റെ തുടക്കത്തില്‍ ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഹ്യൂണ്ടായ് അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി തുടങ്ങിയവയായിരിക്കും പ്രധാന എതിരാളികള്‍.
2. ഫോക്സ്‌വാഗൺ ടിഗ്വാന്‍ ഫെയ്‌സ്‌ലിഫ്റ്റ്(Volkswagen Tiguan Facelift)
ഫോക്സ്‌വാഗൺ ടിഗ്വാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഡിസംബര്‍ 7 ന് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ. 2021 ഫോക്സ്വാഗണ്‍ ടിഗ്വാന്‍ ഫെയ്സ്ലിഫ്റ്റിന് 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ കരുത്ത് പകരും. ഫോക്സ്വാഗണ്‍ ടിഗ്വാന്‍ ഓള്‍ സ്പേസ്, സ്‌കോഡ സൂപ്പര്‍ബ് എന്നീ മോഡലുകളില്‍ ഈ 1,984 സിസി, 4 സിലിണ്ടര്‍ ടിഎസ്ഐ എന്‍ജിന്‍ 187 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഈ മോഡലിലുണ്ടാകും.
3. ബിഎംഡബ്ല്യു iX (BMW iX)
ഡിസംബറില്‍ ബിഎംഡബ്ല്യു ഐഎക്സ് എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തും. ബിഎംഡബ്ല്യുവിന്റെ മുന്‍നിര ഇലക്ട്രിക് കാര്‍ ഡിസംബര്‍ 13 ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തിൽ, കാർ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ് - iX xDrive 40, iX xDrive 50 എന്നിവയാണ് അവ. iX xDrive 40 വേരിയന്റിന് 326 bhp-ഉം 630 Nm-ഉം നൽകാനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, iX xDrive 50 ന് 5,230 hp പവറും 765 എൻഎം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ജാഗ്വാര്‍ ഐ-പേസ്, മെഴ്സിഡസ് ബെന്‍സ് ഇക്യുസി, ഔഡി ഇ-ട്രോണ്‍ തുടങ്ങിയ എതിരാളികളോടാകും ബിഎംഡബ്ല്യു iX മത്സരിക്കുക.
4. ടാറ്റ ടിയാഗോ സിഎന്‍ജി (Tata Tiago CNG)
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഹാച്ച്ബാക്ക് ടിയാഗോയുടെ സിഎന്‍ജി പതിപ്പ് ഉടന്‍ പുറത്തിറക്കിയേക്കും. ടിയാഗോ സിഎന്‍ജി ഒന്നിലധികം തവണ പരീക്ഷണം നടത്തിയിട്ടുണ്ട്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇതിലും നല്‍കുക. പെട്രോള്‍ മോഡല്‍ 86 പി.എസ്. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നതെങ്കില്‍ സി.എന്‍.ജിയില്‍ ഇത് 15 മുതല്‍ 20 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തല്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.