ലോകമെമ്പാടുമുള്ള രാജ്യങ്ങള് റഷ്യയ്ക്കെതിരെ (russia) കനത്ത ഉപരോധം ഏര്പ്പെടുത്തിയതിനാല് നിരവധി മുന്നിര വാഹന നിര്മ്മാതാക്കള് (major automakers) വാഹനങ്ങളുടെ ഉല്പ്പാദനം നിര്ത്തിവെയ്ക്കുകയും കയറ്റുമതി (export) താല്ക്കാലികമായി നിര്ത്തുകയും ചെയ്തു. റഷ്യയുടെ യുക്രെയ്ന് (ukraine) അധിനിവേശത്തില് അപലപിച്ചാണ് ഈ നടപടി.
ടൊയോട്ട മോട്ടോര് കോര്പ്പറേഷന് തങ്ങളുടെ റഷ്യന് ഫാക്ടറികളിലെ ഉല്പ്പാദനം (production) വെള്ളിയാഴ്ച മുതല് നിര്ത്തിവെയ്ക്കുമെന്ന് അറിയിച്ചു. കമ്പനിയ്ക്ക് സെന്റ് പീറ്റേഴ്സ്ബര്ഗില് ഒരു പ്ലാന്റ് ഉണ്ട്. അവിടെ RAV4, Camry തുടങ്ങിയ മോഡലുകളാണ് നിര്മ്മിക്കുന്നത്. റഷ്യന് ട്രക്ക് നിര്മ്മാതാക്കളായ കമാസുമായുള്ള സംയുക്ത സംരംഭം ഉള്പ്പെടുന്ന റഷ്യയിലെ തങ്ങളുടെ എല്ലാ ബിസിനസ്സ് പ്രവര്ത്തനങ്ങളും നിര്ത്തി വയ്ക്കുന്നതായി ഡെയ്ംലര് ട്രക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡെയ്ംലറിന്റെ മുന് മാതൃ കമ്പനിയായ മെഴ്സിഡസ് ബെന്സും കമാസിലെ തങ്ങളുടെ 15 ശതമാനം ഓഹരികള് വിറ്റഴിക്കുമെന്ന് പറഞ്ഞിരുന്നു.
സ്വീഡിഷ് ട്രക്ക് നിര്മ്മാതാക്കളായ എബി വോള്വോ റഷ്യയിലെ എല്ലാ ഉല്പ്പാദനവും നിര്ത്തിവെച്ചു. കൂടുതല് അറിയിപ്പ് ഉണ്ടാകുന്നതു വരെ റഷ്യയിലെ പ്രവര്ത്തനങ്ങള് നിര്ത്തിവെച്ചതായി ഫോര്ഡ് മോട്ടോര് കമ്പനി അറിയിച്ചു. ഫ്രഞ്ച് കാര് നിര്മ്മാതാക്കളായ റെനോ റഷ്യയിലെ കാര് അസംബ്ലി പ്ലാന്റുകളില് ലോജിസ്റ്റിക് തടസ്സങ്ങള് കാരണം ചില പ്രവര്ത്തനങ്ങള് ഇതിനകം നിര്ത്തിവെച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയന് നിര്മ്മാതാക്കളായ ഹ്യുണ്ടായ് ഗ്രൂപ്പ് സെന്റ് പീറ്റേഴ്സ്ബര്ഗില് പ്രതിവര്ഷം 230,000 കാറുകള് നിര്മ്മിക്കുന്നുണ്ട്. റഷ്യയുടെ വാഹന ഉല്പ്പാദനത്തിന്റെ 27.2 ശതമാനവും ഇവിടെയാണ്. വിതരണ ശൃംഖലയിലെ തടസ്സങ്ങള് കാരണം ഈ ആഴ്ച സെന്റ് പീറ്റേഴ്സ്ബര്ഗിലെ കാര് അസംബ്ലി പ്ലാന്റ് താല്ക്കാലികമായി നിര്ത്തിവെയ്ക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാല് അടുത്ത ആഴ്ച പ്രവര്ത്തനം പുനരാരംഭിക്കുമെന്ന് വാള് സ്ട്രീറ്റ് ജേണല് റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
ഫോക്സ്വാഗന്റെ ഭാഗമായ ചെക് കാര് നിര്മ്മാതാക്കളായ സ്കോഡ ഓട്ടോ, വിതരണ ക്ഷാമം കാരണം ഉല്പ്പാദനം പരിമിതപ്പെടുത്തുമെന്ന് പറഞ്ഞു. കഴിഞ്ഞ വര്ഷം സ്കോഡയുടെ രണ്ടാമത്തെ വലിയ വിപണിയായിരുന്നു റഷ്യ. സമീപകാല സംഭവവികാസങ്ങള് കണക്കിലെടുത്ത് യുക്രെയ്നിലെയും റഷ്യയിലെയും വില്പ്പന കുറയുമെന്ന് പ്രതീക്ഷിക്കാമെന്ന് സ്കോഡ പ്രസ്താവനയില് പറഞ്ഞു.
ജപ്പാന് ആസ്ഥാനമായുള്ള മിത്സുബിഷി മോട്ടോഴ്സും റഷ്യയില് ഉത്പാദനം നിര്ത്തിയേക്കും. യുഎസ് വാഹന നിര്മാതാക്കളായ ജനറല് മോട്ടോഴ്സും സ്വീഡിഷ് വാഹന നിര്മാതാക്കളായ വോള്വോ കാർസും റഷ്യയിലേക്കുള്ള എല്ലാ വാഹന കയറ്റുമതിയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്ത്തിവെയ്ക്കുമെന്നാണ് റിപ്പോര്ട്ട്. ജനറല് മോട്ടോഴ്സ് റഷ്യയില് പ്രതിവര്ഷം 3,000 വാഹനങ്ങള് വില്ക്കുന്നുണ്ട്. എന്നാല് റഷ്യയില് പ്ലാന്റുകളൊന്നും ഇല്ല. റഷ്യയിലേക്കുള്ള കയറ്റുമതി ബിഎംഡബ്ല്യു നിര്ത്തിവെച്ചു. വിതരണ തടസ്സം കാരണം അവിടെ ഉല്പ്പാദനം നിര്ത്തുമെന്നും കമ്പനി പറഞ്ഞു. അതേസമയം, റഷ്യയിലേക്കുള്ള മോട്ടോര്സൈക്കിളുകളുടെ ബിസിനസ്സും കയറ്റുമതിയും ഹാര്ലി-ഡേവിഡ്സണ് നിര്ത്തി.
ആഡംബര കാര് നിര്മ്മാതാക്കളായ ജാഗ്വാര് ലാന്ഡ് റോവര്, ആസ്റ്റണ് മാര്ട്ടിന് എന്നിവയും വ്യാപാര വെല്ലുവിളികള് കാരണം റഷ്യയിലേക്കുള്ള വാഹന കയറ്റുമതി താല്ക്കാലികമായി നിര്ത്തി. കാര് നിര്മ്മാതാക്കള്ക്കൊപ്പം ഷിപ്പിംഗ് ഭീമന്മാര്, ലോജിസ്റ്റിക് കമ്പനികളായ എംഎസ്സി, മെഴ്സ്ക് എന്നിവയും റഷ്യയിലേക്കും റഷ്യയില് നിന്ന് പുറത്തേക്കും കണ്ടെയ്നര് ഷിപ്പിംഗ് താല്ക്കാലികമായി നിര്ത്തിവെച്ചതായി റിപ്പോര്ട്ടില് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.