2022ല്‍ വാഹന വിപണിയിൽ (Vehicle Market) തരംഗം സൃഷ്ടിക്കാൻ പോവുകയാണ് ഇലക്ട്രിക് കാറുകൾ (Electric Cars). ഇത് മനസ്സിലാക്കിയതോടെ വാഹന നിര്‍മ്മാതാക്കളില്‍ (Automakers) പലരും ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു. ഇന്ധന വില വര്‍ധനവും വായു മലിനീകരണവും ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയ്ക്ക് ഒരു പരിധി വരെ കാരണങ്ങളാണ്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. ബിഎംഡബ്ല്യു ഐഎക്‌സ് (BMW iX), പോര്‍ഷെ ടെയ്കാന്‍ (Porsche Taycan), ടാറ്റ ടിഗോര്‍ ഇവി (Tata Tigor EV) തുടങ്ങിയ പുതിയ കാറുകൾ പോയവർഷം വിപണിയിലെത്തുകയും ചെയ്തു. 2022ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഏതൊക്കെയെന്ന് നോക്കാം.
ടാറ്റ ആല്‍ട്രോസ് ഇവി (Tata Altroz EV)ഇലക്ട്രിക് വാഹനങ്ങളിൽ ആദ്യം വിപണിയിലെത്താൻ സാധ്യതയുള്ള മോഡലാണ് ഇത്. ഒറ്റ ചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈന്‍. കൂടാതെ ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന സാങ്കേതികവിദ്യയും പുതിയ കാറിലുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്. 10-15 ലക്ഷം രൂപ വരെയായിരിക്കും കാറിന്റെ വില. ആല്‍ട്രോസ് ഇവിയില്‍ ശേഷി കൂടിയ ഒരു ബാറ്ററിയോ അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ ബാറ്ററികളോ ടാറ്റ മോട്ടോര്‍സ് സജ്ജീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 312 കിലോമീറ്ററിലധികം റേഞ്ചുള്ള നെക്സോണ്‍ ഇവിയെക്കാള്‍ 40 ശതമാനം വരെ കൂടുതല്‍ റേഞ്ച് ആല്‍ട്രോസ് ഇവിയ്ക്കുണ്ടാകും. ഇത് ഏകദേശം 500 കിലോമീറ്റര്‍ ആയിരിക്കും.
ടാറ്റ പഞ്ച് ഇവി (Tata Punch EV)വാഹനം എന്ന് വിപണിയില്‍ ലഭ്യമാകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മുമ്പ് തന്നെ ടാറ്റ പഞ്ച് ഇവി പുറത്തിറങ്ങും എന്നാണ് സൂചന. ടിഗോര്‍ ഇവിക്ക് സമാനമായ വില തന്നെയാണ് പഞ്ച് ഇവിക്കും. ഏകദേശം 10 ലക്ഷം രൂപയോളമായിരിക്കും വാഹനത്തിന്റെ വില.
മഹീന്ദ്ര എക്‌സ്‌യുവി300 ഇലക്ട്രിക്, ഇകെയുവി100 (Mahindra XUV300 Electric, eKUV100)ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ വരെ ഓടുന്ന എസ് യു വിക്ക് മണിക്കൂറില്‍ 150 കിലോമീറ്റര്‍ ആണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറായ ഇ-കെയുവി 100നു പിന്നാലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കോംപാക്ട് എസ്‌യുവി മോഡലായ എക്സ്‍യുവി 300ന്റെ ഇലക്ട്രിക് പതിപ്പ് മഹീന്ദ്ര 2020ല്‍ അവതരിപ്പിച്ചിരുന്നു. നെക്സോണ്‍ ഇവി ആയിരിക്കും ഈ വാഹനത്തിന്റെ എതിരാളി എന്നതുകൊണ്ടുതന്നെ വിലയും നെക്സോണ്‍ ഇവിക്ക് സമാനമായിരിക്കും. ഏകദേശം 15 ലക്ഷത്തിനടുത്തായിരിക്കും വാഹനത്തിന്റെ വില. ഇ-കെയുവി ഇലക്ട്രിക് കാറിന് 10 ലക്ഷത്തിന് താഴെയാണ് വില.
എംജി ഇസെഡ്എസ് ഇവി (MG ZS EV)ഇന്ത്യയിലെ എംജിയുടെ രണ്ടാമത്തെ കാറാണ് ഇസെഡ്എസ് ഇവി. ഇസെഡ്എസ്സിനുള്ളത് 44.5 kWh ടെര്‍ണറി ലിഥിയം ബാറ്ററിയും ഒരു ഇലക്ട്രിക്ക് മോട്ടോറും അടങ്ങുന്ന ഇലക്ട്രിക്ക് പവര്‍ ട്രെയിനാണ്. 143 എച്ച് പി കരുത്തും 353 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമാണ് ഇസെഡ്എസ്സ് ഉത്പ്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് ഇസെഡ്എസ്സിനു കുതിക്കാൻ 8.5 സെക്കന്‍ഡുകള്‍ മാത്രം മതിയാവും. മണിക്കൂറില്‍ 140 കിലോമീറ്ററാണ് പരമാവധി വേഗം. 2022 പകുതിയോടെ വാഹനം ഇന്ത്യന്‍ വിപണിയിലെത്തും.
ഹ്യുണ്ടായ് കോന ഇലക്ട്രിക് (Hyundai Kona Electric)2019ലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവികൾ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ടിഗോര്‍ ഇലക്ട്രിക്, ഇ-വെരിറ്റോ എന്നിവയെക്കാള്‍ ഇരട്ടിയിലേറെ വിലയുള്ള കാറാണ് കോന ഇലക്ട്രിക്, 23.76 ലക്ഷം രൂപയാണ് ഇതിന്റെ വില. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം കോന പിന്നിടുമെന്നാണ് കമ്പനിയുടെ ഉറപ്പ്. കിലോമീറ്ററിന് വെറും 40 പൈസ മാത്രമാണ് കോനയുടെ റണ്ണിങ് കോസ്റ്റ്. 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 39.2 kWh ലിഥിയം അയേണ്‍ പോളിമെര്‍ ബാറ്ററിയുമാണ് ഇലക്ട്രിക് കോനയിലുള്ളത്. എളുപ്പത്തില്‍ വേഗതയാര്‍ജിക്കാനും ഈ മോഡലിന് സാധിക്കും. 9.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താം. വാഹനം ചില അപ്‌ഡേറ്റുകളുമായി വിപണിയില്‍ തിരിച്ചെത്തും. ഏകദേശം 25 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ പുതിയ വില.
വോള്‍വോ എക്‌സ്‌സി40 റീചാര്‍ജ് (Volvo XC40 Recharge)വോള്‍വോ എക്‌സ് സി 40 റീചാര്‍ജ് അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ കമ്പനി വിപണിയിൽ അവതരിപ്പിച്ചേക്കും. 402 ബിഎച്ച്പി കരുത്തും 660 എന്‍എം പീക്ക് ടോര്‍ക്കുമാണ് കാറിന്റെ പ്രത്യേകത. കാറിന് 4.9 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറിൽ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ കഴിയും. 50-60 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില.
മിനി കൂപ്പര്‍ എസ്ഇ (Mini Cooper SE)ഈ വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ വാഹനം അവതരിപ്പിച്ചേക്കും. 50-60 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില. ബിഎംഡബ്ല്യു ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് കാറാണ് കൂപ്പര്‍ എസ്ഇ. മിനി കൂപ്പറിന്റെ ത്രീ ഡോര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പര്‍ എസ് ഇ ഇലക്ട്രിക് പതിപ്പിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. 184 എച്ച്പി കരുത്തും 270 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഈ കാര്‍ ഉല്‍പ്പാദിപ്പിക്കും. അതുവഴി വെറും 7.3 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. 32.6 kWh ശേഷിയുള്ള ബാറ്ററിയാണ് ഇതിന് കരുത്തേകുന്നത്. അതിനാല്‍ ഈ ചെറിയ ഇലക്ട്രിക് കാര്‍ 270 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മൊത്തം നാല് നിറങ്ങളിലാണ് ഈ ഇലക്ട്രിക് കാർ വിപണിയിലെത്തുക.
ബിഎംഡബ്ല്യു ഐ4 (BMW i4)80-90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. 2022 പകുതിയോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്റര്‍ വരെ ഓടാന്‍ ഐ ഫോറിന് കഴിയുമെന്നാണ് ബി എം ഡബ്ല്യുവിന്റെ അവകാശവാദം. കാറിലെ വൈദ്യുത പവര്‍ ട്രെയ്‌ന് പരമാവധി 537 പി എസ് വരെ കരുത്ത് ഉത്പാദിപ്പിക്കാനാവും. വിപണിയിലെത്തുമ്പോള്‍ മറ്റ് ഇലക്ട്രിക് കാറുകളായ പോര്‍ഷെ ടൈകാന്‍, ടെസ്ല മോഡല്‍ ത്രീ തുടങ്ങിയവയോടാവും ഐ ഫോറിന്റെ മത്സരം
മെര്‍സിഡസ് ബെന്‍സ് ഇക്യുഎസ് (Mercedes-Benz EQS)മെര്‍സിഡസ് ഇക്യുസി നേരത്തെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 1.07 കോടിയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ഇതില്‍ നിന്ന് വലിയ വ്യത്യാസങ്ങളൊന്നും ഇക്യുഎസിനും ഉണ്ടാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. 107.1 kWh ബാറ്ററി പാക്കായിരിക്കും വാഹനത്തില്‍ ഉള്ളത്. അതായത്, 770 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. പുതിയ മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് 450+, ഇക്യുഎസ് 580 എന്നിങ്ങനെ രണ്ട് മോഡലുകളില്‍ ലഭ്യമാകും.
ഫോര്‍ഡ് മസ്താങ് മാക് ഇ (Ford Mustang Mach E)500 കിലോമീറ്ററോളം സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിന് 80-90 ലക്ഷം രൂപ വരെയായിരിക്കും വില. 2022ന്റെ അവസാനത്തോടെ വാഹനം വിപണിയിലെത്തും. വാഹനത്തിന്റെ ഇന്റീരിയര്‍ ടെസ്ലയുടെ വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സീറ്റുകളും, സ്റ്റിയറിംഗ് വീലും സെന്‍സികോ ലെതറില്‍ പൊതിഞ്ഞിരിക്കുന്നു. ഡാഷ് ബോര്‍ഡിന്റെ നടുക്കായി ക്രമീകരിച്ചിരിക്കുന്ന 15.5 ഇഞ്ച് ടച്‌സ്‌ക്രീന്‍ ആണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഏറെക്കുറെ എല്ലാ ക്രമീകരണങ്ങളും ഈ ടച് സ്‌ക്രീന്‍ വഴി നിയന്ത്രിക്കാം. ഇത് കൂടാതെ സ്റ്റിയറിംഗ് വീലിനു പിന്നിലായി 10.2-ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്.
ടെസ്ല മോഡല്‍ 3 (Tesla Model 3)ഇന്ത്യയില്‍ ലഭ്യമാകുന്ന ടെസ്ലയുടെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ആസ്ഥാനം മുംബൈ ആയിരിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറിന് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും. 2022ന്റെ പകുതിയോടെ വാഹനം വിപണിയിലെത്തും. 90 ലക്ഷമായിരിക്കും വാഹനത്തിന്റെ വില. ടെസ്ലയുടെ ബെസ്റ്റ് സെല്ലിങ്ങ് വാഹനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മോഡലാണ് മോഡല്‍ 3. സുരക്ഷയ്ക്കും സ്‌റ്റൈലിനുമൊപ്പം ഉയര്‍ന്ന റേഞ്ചും നല്‍കുന്നതാണ് ഈ വാഹനത്തെ ജനപ്രിയമാക്കുന്നത്. 225 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനത്തിന് വെറും 5.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.