ഇതൊന്നും ആർക്കും വേണ്ടേ? ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 40,000 കോടി രൂപയുടെ നിക്ഷേപം; 2019നേക്കാള്‍ രണ്ടരയിരട്ടി
- Published by:meera_57
- news18-malayalam
Last Updated:
2018-19 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ സ്വകാര്യ, പൊതുബാങ്കുകളില്‍ അവകാശികളില്ലാതെ കിടന്ന പണത്തിന്റെ മൂല്യം 17784 കോടി രൂപയായിരുന്നു
ഇന്ത്യയിലെ പൊതു, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ അവകാശികളില്ലാത്ത 42,272 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് (unclaimed deposits) റിപ്പോര്‍ട്ട്. കേട്ടാല്‍ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും 2019ല്‍ ഈ തുകയ്ക്ക് ഇതിന്റെ പകുതിയില്‍ താഴെ മാത്രമായിരുന്നു മൂല്യം. പത്ത് വര്‍ഷത്തോളമായി ഇടപാടുകള്‍ നടത്താത്ത സേവിംഗ്‌സ് അക്കൗണ്ടുകളിലെ തുക അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിക്കിയതിന് ശേഷം പത്ത് വര്‍ഷത്തോളമായി പിന്‍വലിക്കാത്ത നിക്ഷേപങ്ങളാണ് അവകാശികളില്ലാത്ത നിക്ഷേപമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കാക്കിയിരിക്കുന്നത്.
2018-19 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ സ്വകാര്യ, പൊതുബാങ്കുകളില്‍ അവകാശികളില്ലാതെ കിടന്ന പണത്തിന്റെ മൂല്യം 17784 കോടി രൂപയായിരുന്നു. 2023 മാര്‍ച്ച് 31ന് ഇത് 42272 കോടി രൂപയായെന്ന് കേന്ദ്ര ധമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതു, സ്വകാര്യ ബാങ്കുകള്‍ മാത്രമല്ല വിദേശബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, ചെറുകിട ധനകാര്യ, പേയ്‌മെന്റ് ബാങ്കുകള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന പണവും ആര്‍ബിഐ പരിശോധിച്ച് വരികയാണ്.
മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ പ്രകാരം 1999 ഡിസംബര്‍ 31 വരെ എല്ലാ ബാങ്കുകളിലുമായി 535.42 കോടി രൂപയാണ് അവകാശികളില്ലാതെ ഉണ്ടായിരുന്നത്. 2002 ഡിസംബര്‍ അവസാനത്തോടെ ഇത് 680.05 കോടി രൂപയായി ഉയര്‍ന്നു. ഇടയ്ക്ക് ഏതാനും വര്‍ഷങ്ങളിലൊഴികെ ഈ തുകയില്‍ സ്ഥിരമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
advertisement
1999-ല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ 144.26 കോടി രൂപയാണ് അവകാശികളില്ലാതെ കിടന്നത്. 2013 ആയപ്പോഴേക്കും ഇത് 1469.99 കോടി രൂപയായി ഉയര്‍ന്നു. 2018 ആയപ്പോഴേക്കും ഇത് 2156.33 കോടി രൂപയായും 2020ല്‍ 3577.56 കോടി രൂപയായും വര്‍ധിച്ചു. 2023-ല്‍ എസ്ബിഐയിലെ അവകാശികളില്ലാത്ത നിക്ഷേപം 8086 കോടി രൂപയാണ്. 20 വര്‍ഷത്തിനുള്ളില്‍ എസ്ബിഐയിലെ അവകാശികളില്ലാത്ത പണം 56 മടങ്ങ് വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2000-ല്‍ പൊതുമേഖലാ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപം 401.94 കോടി രൂപായിരുന്നു. 2011-ല്‍ ഇത് 1944.52 കോടി രൂപയായി. 2018-ല്‍ 9019 കോടി രൂപയായും 2023-ല്‍ 35,012 കോടി രൂപയായും വര്‍ധിച്ചു. 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ മൂല്യത്തില്‍ 90 മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
advertisement
എന്തുകൊണ്ട് അവകാശികളില്ലാത്ത നിക്ഷേപം?
അവകാശികളില്ലാത്ത നിക്ഷേപത്തിന് ആര്‍ബിഐ പലകാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അക്കൗണ്ട് ഉടമകളുടെ മരണം മുതല്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള കുടിയേറ്റം വരെ അതില്‍ ഉള്‍പ്പെടുന്നു. കുടുംബ തര്‍ക്കവും നിയമനടപടികളുമെല്ലാം ആര്‍ബിഐ കാരണമായി ചൂണ്ടിക്കാണിക്കുന്നു. അക്കൗണ്ട് ഉടമകള്‍ അവ ക്ലോസ് ചെയ്യാത്തത് മൂലമോ അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ക്കായി ബാങ്കുകളില്‍ റിഡംപ്ഷന്‍ ക്ലെയിമുകള്‍ സമര്‍പ്പിക്കാത്തത് മൂലമോ ആണ് ഇത്തരം നിക്ഷേപങ്ങളുടെ മൂല്യം വര്‍ധിക്കുന്നത്. അക്കൗണ്ട് ഉടമകള്‍ മരിച്ചുപോകുന്ന സാഹചര്യത്തില്‍ അവരുടെ നോമിനികള്‍ അവ അവകാശപ്പെട്ട് മുന്നോട്ട് വരാത്തതും മറ്റൊരു കാരണമാണ്.
advertisement
ഈ നിക്ഷേപത്തിന് എന്ത് സംഭവിക്കും?
ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് (ഡിഇഎ) ഫണ്ട് സ്‌കീം 2014ല്‍ ആര്‍ബിഐ വിജ്ഞാപനം ചെയ്തിട്ടുണ്ട്. അവകാശികളില്ലാത്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിക്ഷേപകരുടെ താത്പര്യങ്ങളുള്‍പ്പടെ, ഫണ്ടിന്റെ വിനിയോഗത്തിന്റെ വിശദാംശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു.
എല്ലാ വര്‍ഷവും ഈ അക്കൗണ്ടുകളുടെ ലിസ്റ്റ് ബാങ്കുകള്‍ ആര്‍ബിഐയ്ക്ക് സമര്‍പ്പിക്കുകയും ഈ തുക ആര്‍ബിഐയുടെ മേല്‍നോട്ടത്തിലുള്ള ഡിഇഎ ഫണ്ടിലേക്ക് മാറ്റുകയും ചെയ്യുന്നു.
പൊതുജന ബോധവത്കരണ കാംപെയ്‌നുകള്‍ നടത്തിയിട്ടും അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ അളവ് വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി ആര്‍ബിഐ വ്യക്തമാക്കുന്നു. ഇത്തരം അക്കൗണ്ടുകളെക്കുറിച്ച് ബാങ്കുകളുടെ വെബ്‌സൈറ്റില്‍ ഇതിനോടകം തന്നെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 12, 2024 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇതൊന്നും ആർക്കും വേണ്ടേ? ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 40,000 കോടി രൂപയുടെ നിക്ഷേപം; 2019നേക്കാള്‍ രണ്ടരയിരട്ടി