കോവിഡിനിടെ കൊള്ള; ഇന്ധന വില വർധനവിൽ കണ്ണടച്ച് സർക്കാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കഴിഞ്ഞ ഫെബ്രുവരിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 55 ഡോളറായിരുന്നു. മാർച്ച് ആദ്യം അത് 35ലേക്കും പിന്നീട് 20 ഡോളറിലേക്കും വീണു. ഈ വീഴ്ചയുടെ ഗുണം സാധാരണക്കാരന് കൈമാറാതെയാണ് നികുതി കൂട്ടി സർക്കാർ കോടികൾ കൊയ്തത്.
ഇന്ധന വില കുറഞ്ഞപ്പോൾ നികുതി കൂട്ടി. വില കൂടിയപ്പോൾ അത് സാധാരണക്കാരന്റെ തലയിൽ കെട്ടിവച്ചു. വീണ്ടും വിലകുറയുന്നതിന് മുമ്പ് പരമാവധി പോക്കറ്റിലാക്കാൻ കൊണ്ടുപിടിച്ച ശ്രമം. പെട്രോളിയം ഉൽപാദക രാജ്യങ്ങളെല്ലാം കനത്ത നഷ്ടം നേരിടുമ്പോൾ ഇറക്കുമതി രാജ്യമായ ഇന്ത്യക്ക് മാത്രം ഇത് ലാഭമുണ്ടാക്കുന്ന കച്ചവടമാണ്.
പെട്രോളും ഡീസലും വിറ്റ് കേന്ദ്രസർക്കാർ കോടികളുടെ ലാഭമുണ്ടാക്കുന്നു. പൊതുമേഖലാ പെട്രോളിയം കമ്പനികളാണെങ്കിൽ അവർക്കു വേണ്ടത്ര ലാഭമെടുത്ത് കേന്ദ്രം പറയുന്നത്ര നികുതിയും പിരിക്കാൻ വഴിയൊരുക്കുന്നു. കോവിഡും സാമ്പത്തിക പ്രതിസന്ധിയുമൊന്നും ഈ ലാഭ കച്ചവടത്തിന് തടസമേയല്ല.
ആദ്യം കണ്ണടച്ചു. പിന്നെ കീശയിലാക്കി
രാജ്യാന്തര വിപണിയിൽ ക്രൂഡിന്റെ വില കുത്തനെ ഇടിഞ്ഞപ്പോൾ ആദ്യ ദിവസങ്ങളിൽ സർക്കാർ കണ്ണടച്ചു. വിപണി വിലയ്ക്കനുസരിച്ച് വില കൂട്ടുന്ന എണ്ണ കമ്പനികൾ അതോടെ വൻവിലയിടിവുണ്ടായിട്ടും അതിന്റെ ആനുകൂല്യം സാധാരണക്കാരന് കൈമാറിയില്ല. വില കുറച്ചില്ല. പിന്നാലെ സർക്കാർ ഇടപെട്ടു. രണ്ട് തവണയായി എക്‌സൈസ് തീരുവ കൂട്ടി. എണ്ണ കമ്പനികൾക്ക് ലഭിച്ചിരുന്ന കോടികൾ അങ്ങനെ സർക്കാരിന്റെ കീശയിലായി. സാധാരണക്കാരൻ പഴയ വില നൽകി പെട്രോളും ഡീസലും വാങ്ങി. സർക്കാരിന്റെ നടപടിക്കെതിരെ ഉയർന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചു. വില കൂട്ടിയില്ലെന്ന ന്യായം പറഞ്ഞ് അവരെ സർക്കാർ പരിഹസിച്ചു.
advertisement
You may also like:Covid 19 | രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കവിഞ്ഞു; മഹാരാഷ്ട്രയിൽ മാത്രം ഒരു ലക്ഷം പേർ [NEWS]Covid 19 | 'പുറത്തുനിന്നെത്തുന്നവർക്ക് പാസ് വേണം; അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കും': മുഖ്യമന്ത്രി [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
advertisement
വില കൂടിയപ്പോൾ ദാക്ഷണ്യമില്ലാതെ
ലോക്ഡൗണിൽ ഇളവ് വന്നതോടെ ലോകത്താകെ പെട്രോൾ ഡീസൽ ഉപയോഗം വർധിച്ചു. ക്രൂഡിന് ആവശ്യക്കാർ കൂടി. സ്വാഭാവികമായും രാജ്യാന്തര വിപണിയിൽ വിലയും കൂടി. ക്രൂഡിന്റെ വില കുറഞ്ഞിരുന്നപ്പോൾ ചെയ്തതും പറഞ്ഞതുമെല്ലാം സർക്കാരും എണ്ണകമ്പനികളും മറന്നു. കൂടിയ വില ചൂടോടെ ഉപഭോക്താവിന് കൈമാറി. ആറു ദിവസം കൊണ്ട് പെട്രോളിന് ലിറ്ററിന് മൂന്ന് രൂപ മുപ്പത്തിയൊന്ന് പൈസ വർധിപ്പിച്ചു. ഡീസലിന് ലിറ്ററിന് മൂന്ന് രൂപ നാൽപത്തി രണ്ട് പൈസയും. ക്രൂഡിന് വില കുറഞ്ഞപ്പോൾ നികുതി കൂട്ടി കോടികൾ കൊയ്ത സർക്കാർ വില കൂടിയപ്പോൾ അത് സാധാരണക്കാരന്റെ തലയിൽ അടിച്ചേൽപ്പിച്ചു.
advertisement
ഇനിയും കൂടിയേക്കും
കഴിഞ്ഞ ഫെബ്രുവരിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 55 ഡോളറായിരുന്നു. മാർച്ച് ആദ്യം അത് 35ലേക്കും പിന്നീട് 20 ഡോളറിലേക്കും വീണു. ഈ വീഴ്ചയുടെ ഗുണം സാധാരണക്കാരന് കൈമാറാതെയാണ് നികുതി കൂട്ടി സർക്കാർ കോടികൾ കൊയ്തത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുത്തനെ കുറഞ്ഞു. ഇതോടെ എണ്ണ കമ്പനികളുടെ ലാഭവും കുറഞ്ഞു. ഇത് തിരിച്ചു പിടിക്കാനാണ് ഇപ്പോൾ അൻപതും അറുപതും പൈസ നിരക്കിൽ ദിവസേന വിലകൂട്ടുന്നത്. എണ്ണ കമ്പനികൾക്ക് ലഭിച്ചിരുന്ന ലാഭം ലിറ്ററിന് മൈനസ് 1.56 രൂപയായി. കഴിഞ്ഞ മാസം ആദ്യം ഇത് പതിനാറു രൂപ പത്തു പൈസയായിരുന്നു. രാജ്യാന്തര വിപണിയിൽ എണ്ണ വില കൂടുന്നതിന് മുമ്പ് ലാഭം ലിറ്ററിന് അഞ്ചു രൂപയാക്കാനാണ് പൊതുമേഖല എണ്ണകമ്പനികൾ തിടുക്കം കൂട്ടുന്നത്. ഇതാണ് ലോകത്താകെ വിലകുറയുമ്പോഴും ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കൂടാൻ കാരണം.
advertisement
പൊതുമേഖല എണ്ണ കമ്പനികളെ നഷ്ടത്തിലേക്ക് തള്ളിവിടണമെന്ന് പറയുന്നില്ല. പക്ഷെ അതിന് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുയല്ല വേണ്ടത്. പെട്രോളിനും ഡീസലിനും വില വർധിച്ചാൽ അത് പ്രതികൂലമായി ബാധിക്കുക സാധാരണക്കാരെയാണ്. യാത്ര ചെലവ് മുതൽ ഭക്ഷണ ചെലവ് വരെ വർധിക്കും. കോവിഡിനൊപ്പം ഈ വിലക്കയറ്റം കൂടിയാകുമ്പോൾ അത് അക്ഷരാർത്ഥത്തിൽ ഇരുട്ടടിയാകും. സാധാരണക്കാരനേയും എണ്ണകമ്പനികളേയും ഒരുപോലെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന് മാത്രമേ സാധിക്കൂ. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞപ്പോൾ കുത്തനെ കൂട്ടിയ എക്‌സൈസ് തീരുവ കുറയ്ക്കണം. വില കൂടാതിരുന്നാൽ തന്നെ സാധാരണക്കാരന് വലിയ ആശ്വാസമാണ്. ഉപഭോഗം കൂടുമ്പോൾ എണ്ണകമ്പനികളുടെ ലാഭവും വർധിക്കും. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതും പ്രതിഷേധിച്ചതും പ്രധാനമന്ത്രിയും നേതാക്കളും ഇത്ര വേഗം മറന്നോ?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 12, 2020 11:15 PM IST