സമ്പാദ്യത്തിനും ചെലവുകൾക്കും പലതരത്തിലുള്ള അനുപാതങ്ങൾ ഉണ്ട്. അതിൽ വളരെ പ്രശസ്തമായ ഒരു അനുപാതമാണ് 50:30:20. ഇത് അനുസരിച്ച് നിങ്ങളുടെ വരുമാനത്തിന്റെ 50% ഒഴിവാക്കാനാവാത്ത ചെലവുകൾക്കായി നീക്കിവയ്ക്കണം. 30% ഡൈനിംഗ്, വിനോദം, യാത്ര, ഹോബികൾ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കും ബാക്കിയുള്ള 20 ശതമാനം സമ്പാദ്യത്തിനുമായി നീക്കിവയ്ക്കണം എന്നതാണ് ലളിതമായി ഈ അനുപാതത്തിന്റെ വിശദീകരണം.
സമ്പാദ്യ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. പക്ഷെ സാമ്പത്തിക അച്ചടക്കം പാലിക്കാൻ ഇത്തരം ചില നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ. പ്രത്യേകിച്ച് സ്ത്രീകൾക്ക് പൊതുവിൽ ഇത് കൂടുതൽ സാധ്യമാണ് എന്നത് കൊണ്ട് തന്നെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സമ്പാദ്യത്തിന്റെ അനുപാതങ്ങൾ ക്രമീകരിക്കണം. ഒരു വീട് വാങ്ങുന്നത് പോലെയുള്ള ഭാവിയിൽ വന്നേക്കാവുന്ന ഭാരിച്ച ചെലവുകൾ മുൻകൂട്ടി കണ്ട് ചെലവുകളും സമ്പാദ്യവും നിശ്ചിത അനുപാതത്തിൽ ക്രമീകരിക്കാൻ സ്ത്രീകൾക്ക് കഴിയും. വരുമാനത്തിന്റെ 30 – 35 ശതമാനം ഇത്തരത്തിൽ സമ്പാദ്യത്തിലേയ്ക്ക് മാറ്റാനും ചെലവുകൾ വിവേചനാധികാരത്തോടെ പരമാവധി നിയന്ത്രിക്കാനും കഴിയണം.
എന്താണ് 50:30:20 ബജറ്റ് നിയമം?
നേരത്തെ പറഞ്ഞപോലെ ലളിതമായ ഒരു ബജറ്റ് രീതിയാണ് 50/30/20 ബജറ്റ് നിയമം. നികുതിയ്ക്ക് ശേഷമുള്ള വരുമാനത്തെ മൂന്ന് ചെലവ് വിഭാഗങ്ങളിലായി വിഭജിക്കുന്ന രീതി. അത്യാവശ്യങ്ങൾക്ക് 50%, ആവശ്യങ്ങൾക്ക് 30%, സമ്പാദ്യത്തിന് 20% എന്നതാണ് ഇതിന്റെ പൊതുരീതി. സാമ്പത്തികമായി ശക്തമായ ഒരു ബജറ്റ് നിർമ്മിക്കാൻ നിങ്ങളെ സഹായിക്കുന്ന ലളിതമായ രീതിയാണിത്.
Also Read- സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
പ്രധാന ചെലവിടൽ മേഖലകളിലുടനീളം നിങ്ങളുടെ ചെലവുകൾ സന്തുലിതമായി നിലനിർത്താനും നിങ്ങളുടെ പണം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും ഈ അനുപാതം നിങ്ങളെ സഹായിക്കുന്നു. കൂടാതെ ചിട്ടയോടെയുള്ള സമ്പാദ്യത്തിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ വേഗത്തിലെത്താൻ ഇത് സഹായിക്കുകയും ചെയ്യുന്നു.
ബജറ്റിംഗ് റൂളിന്റെ 50:30:20 റൂളിൽ പൊതുവിൽ എന്തൊക്കെ ഉൾപെടും ?
50% ൽ ഉൾപെടുന്നവ: വാടക, വൈദ്യുതി ബില്ലുകൾ, വാട്ടർ ബില്ലുകൾ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകൾ, പലചരക്ക് സാധനങ്ങൾ, വീടിന്റെ അല്ലെങ്കിൽ വാഹനത്തിന്റെ മാസതവണ, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ, ഇൻഷുറൻസ് ചെലവുകൾ.
Also Read- ജീവിതത്തിലെ മോശം അനുഭവങ്ങൾ മറക്കാന്‍ കഴിയുന്നില്ലേ? ഒന്നു ശ്രമിച്ചാലോ
30% ൽ ഉൾപെടുന്നവ : സിനിമ കാണാനുള്ള ചെലവ്, നെറ്റ്ഫ്ലിക്സ് മുതലായവ പോലുള്ള വിനോദാവശ്യത്തിനുള്ള ചെലവുകൾ, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്, ജിം അംഗത്വം, ഷോപ്പിംഗ്, യാത്രകൾ, ഹോബി, മൊബൈൽ ഫോൺ ചെലവുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു
20% ൽ ഉൾപെടുന്നവ : അടിയന്തര ആവശ്യത്തിനുള്ള സമ്പാദ്യം, മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്കുകൾ, ഇടിഎഫുകൾ, സ്വർണം അല്ലെങ്കിൽ മറ്റേതെങ്കിലും നിക്ഷേപം, PPF, NPS, ELSS പോലുള്ള നികുതി ലാഭിക്കുന്ന ഫണ്ടുകൾ, വായ്പ മുൻകൂർ അടയ്ക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വിരമിക്കൽ തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾക്കായുള്ള സമ്പാദ്യം.
ഓരോരുത്തരുടെയും വരുമാനത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് ഇതിൽ വ്യത്യാസം വരും. പൊതുവിൽ ഈ രീതി പിന്തുടരുന്നത് സാമ്പത്തിക അച്ചടക്കം ഉണ്ടാകാൻ വളരെയധികം സഹായിക്കും. ഭാവി ചെലവുകൾ മുൻകൂട്ടി കണ്ട് കരുതലെടുക്കാനും ഈ സമ്പാദ്യ രീതി സഹായകമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.