80സ് കിഡ്സ്, ഇനിയില്ല ആ എംടിവിക്കാലം; അഞ്ച് മ്യൂസിക് ചാനലുകള്‍ അടച്ചു പൂട്ടുന്നു
- Published by:meera_57
- news18-malayalam
Last Updated:
2025 ഡിസംബര്‍ 31 ആകുമ്പോഴേക്കും ലോകമെമ്പാടും ഈ ചാനലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു
1980കളിലും 1990കളിലും ജനിച്ചവരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലൊന്നാണ് എംടിവിയും അതിലെ സംഗീത പരിപാടികളും. സ്‌കൂളില്‍ നിന്നോ കോളേജില്‍ നിന്നോ വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഏറ്റവും പുതിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ കേള്‍ക്കാന്‍ ഈ ചാനല്‍ ഓണ്‍ ചെയ്യാത്തവര്‍ ചുരുക്കമാണ്. ഏകദേശം 40 വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനത്തിന് ശേഷം എംടിവിയുടെ അഞ്ച് സംഗീത ചാനലുകളും പ്രവര്‍ത്തനം നിറുത്തുകയാണെന്ന് ചാനലുകളുടെ ഉടമസ്ഥരായ പാരമൗണ്ട് ഗ്ലോബല്‍ അറിയിച്ചു. എംടിവി 80s, എംടിവി മ്യൂസിക്, ക്ലബ് എംടിവി, എംടിവി 90s, എംടിവി ലൈവ് എന്നിവ അടച്ചുപൂട്ടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
2025 ഡിസംബര്‍ 31 ആകുമ്പോഴേക്കും ലോകമെമ്പാടും ഈ ചാനലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ എംടിവി എച്ച്ഡി റിയാലിറ്റി ടിവി ഷോകള്‍ സംപ്രേക്ഷണം ചെയ്യുന്നത് തുടരും. പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതമായിരുന്ന സംഗീത വീഡിയോകളില്‍ നിന്നും കലാപരമായ പ്രമോഷനുകളില്‍ നിന്നും ബ്രാന്‍ഡ് മാറുകയാണ്.
എംടിവി മ്യൂസിക് ചാനലുകള്‍ അടച്ചുപൂട്ടുന്നത് എന്തുകൊണ്ട്?
കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞതാണ് എംടിവി മ്യൂസിക് ചാനലുകള്‍ അടച്ചുപൂട്ടാന്‍ കാരണമെന്ന് കരുതപ്പെടുന്നു. ടിക് ടോക്ക്, യൂട്യൂബ്, സ്‌പോട്ടിഫൈ എന്നിവ സംഗീത ലോകം ഏറ്റെടുത്തതോടെ എംടിവി മ്യൂസിക് ചാനലിലെ പരിപാടികള്‍ കാണുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാരമൗണ്ട് ഗ്ലോബല്‍ സ്‌കൈഡാന്‍സ് മീഡിയയുമായി ലയിച്ചിരുന്നു. ആഗോളതലത്തില്‍ 500 മില്ല്യണ്‍ ഡോളര്‍ ചെലവ് ചുരുക്കല്‍ പദ്ധതിക്ക് അവർ തുടക്കമിട്ടതായും റിപ്പോര്‍ട്ടുണ്ട്.
advertisement
പ്രതികരിച്ച് സോഷ്യല്‍ മീഡിയ
എംടിവി അടച്ചുപൂട്ടുന്നുവെന്ന വാര്‍ത്തകളോട് സോഷ്യല്‍ മീഡിയ വളരെ വേഗത്തിലാണ് പ്രതികരിച്ചത്. മീമുകളും ഗൃഹാതുരത്വമുണര്‍ത്തുന്ന സന്ദേശങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു. "എംടിവി സംഗീത പരിപാടി ആരംഭിച്ചത് എന്റെ ഓര്‍മയിലുണ്ട്. 80കളിലെ എംടിവിയായിരുന്നു ഏറ്റവും മികച്ചത്," ഒരാള്‍ പറഞ്ഞു. "എംടിവി മുമ്പ് 24 മണിക്കൂറും സംഗീത പരിപാടികളായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് റിയാലിറ്റി ഷോകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കാരണം, അതാണ് അവര്‍ക്ക് കൂടുതല്‍ പണം നേടിക്കൊടുത്തത്," ഒരാള്‍ പറഞ്ഞു.
advertisement
"മ്യൂസിക് വീഡിയോകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിയപ്പോള്‍ എംടിവി സാംസ്‌കാരികമായും ആത്മീയമായും മരിച്ചിരുന്നു. ഒരു കാലത്ത് നിലവിലുണ്ടായിരുന്ന ഏറ്റവും മികച്ച ബ്രാന്‍ഡിന്റെ തകര്‍ച്ച. ഇത് ദുഃഖകരമാണ്," മറ്റൊരു ഉപയോക്താവ് പറഞ്ഞു.
ചാനലുകളുടെ യുകെയിലെ പ്രവര്‍ത്തനങ്ങളാണ് ആദ്യം അവസാനിപ്പിക്കുക. പിന്നാലെ അയര്‍ലണ്ടിലും യൂറോപ്യന്‍ വന്‍കരയിലും മറ്റ് അന്താരാഷ്ട്ര വിപണികളിലെയും സംപ്രേക്ഷണം അവസാനിപ്പിക്കും. ഓസ്‌ട്രേലിയ, പോളണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ, ഹംഗറി, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും ഇനി മുതല്‍ ഈ ചാനലുകള്‍ ലഭ്യമാകില്ല.
1981ലാണ് അമേരിക്കന്‍ കേബിള്‍ ടെലിവിഷന്‍ ചാനല്‍ ആരംഭിച്ചത്. 24 മണിക്കൂറും സംഗീത പരിപാടികള്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചാനലുകൾ മ്യൂസിക് വീഡിയോകളും വീഡിയോ ജോക്കികൾ അവതരിപ്പിക്കുന്ന പരിപാടികളും ഉപയോഗിച്ച് കൗമാരക്കാരെയാണ് ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ചാനലുകളുടെ വ്യൂവര്‍ഷിപ്പില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 15, 2025 10:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
80സ് കിഡ്സ്, ഇനിയില്ല ആ എംടിവിക്കാലം; അഞ്ച് മ്യൂസിക് ചാനലുകള്‍ അടച്ചു പൂട്ടുന്നു