രാജ്യത്ത് നാലുമാസമാണ് പെട്രോള്‍ - ഡീസല്‍ വില(Petrol-Diesel Price) അനങ്ങാതെ പിടിച്ചുനിന്നത്. ഇനി വില വര്‍ധിക്കാതെ നില്ക്കാന് സാധ്യതയില്ല ഒരുപക്ഷേ വിലവര്‍ദ്ധനയിലേക്ക് ഇനി മൂന്നു നാള് ഇടവേള മാത്രമേ ഉണ്ടാകൂ. രണ്ടിനും ലിറ്ററിന് പത്തു രൂപാ വീതം വര്‍ദ്ധിപ്പിച്ചാലും അത്ഭുതപ്പെടാനില്ല. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ് പൂര്‍ത്തിയാകുന്നത്. അന്നു രാത്രിയില്‍തന്നെ പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.
കഴിഞ്ഞ നവംബര്‍ 4-ന് ശേഷം രാജ്യത്ത് ഇന്ധനവില കൂട്ടിയിട്ടില്ല. എന്നാല്‍ ഇക്കാലയളവില്‍ അന്താരാഷ്ട്ര വിലയില്‍ 21 ഡോളറിന്റെ വര്‍ദ്ധന ഉണ്ടായി. അടുത്ത ചൊവ്വാഴ്ച വിലവര്‍ദ്ധന പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ വില വര്‍ദ്ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ എണ്ണ കമ്പനികള്‍ തുടങ്ങിക്കഴിഞ്ഞു.
അന്താരാഷ്ട്ര വില ബാരലിന് 81.5 ഡോളറില്‍ എത്തി നില്‍ക്കുമ്പോഴാണ് രാജ്യത്ത് അവസാനമായി പെട്രോള്‍ - ഡീസല്‍ വില കൂട്ടിയത്.ഇപ്പോള്‍ 112 ഡോളറാണ് ഒരു ബാരല്‍ അസംസ്കൃത എണ്ണയുടെ വില. ഏഴര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.
ജനുവരി 28-ന് ഒരു ബാരലിന് 90 ഡോളറിലെത്തിയ വില
യുക്രെയ്നെതിരായ റഷ്യന്‍ ആക്രമണത്തോടെ 110 ഡോളര്‍ കടക്കുകയും ചെയ്തു. അന്താരാഷ്ട്ര വിലയില്‍ ഒരു ഡോളറിന്റെ വര്‍ദ്ധന ഉണ്ടാകുമ്പോള്‍ പെട്രോളിനും ഡീസലിനും ലിറ്റിന് 70 മുതല്‍ 80 പൈസ വരെയാണ് രാജ്യത്തെ എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇങ്ങനെ നോക്കിയാല്‍ 14 മുതല്‍ 16 രൂപവരെ വര്‍ദ്ധിപ്പിക്കാനിടയുണ്ട്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ലിറ്ററിന് 10 രൂപാവീതം വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.
പെട്രോള്‍ -ഡീസല്‍ വില കൂട്ടുന്നതോടെ പൊതു വിപണിയില്‍ അവശ്യ സാധനങ്ങള്‍ക്ക് അടക്കം വന്‍ വിലക്കയറ്റം ഉണ്ടാകും.സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് കൂടുമെന്ന് ഉറപ്പ്. ചരക്ക് ലോറികള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതോടെ അരിയും പച്ചക്കറിയും അടക്കമുള്ളവയുടെ വില കൂടും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.