• HOME
  • »
  • NEWS
  • »
  • money
  • »
  • എണ്ണ മുതല്‍ സോപ്പ് വരെ ഉണ്ടാക്കാം; വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ചില ബിസിനസ് ആശയങ്ങള്‍

എണ്ണ മുതല്‍ സോപ്പ് വരെ ഉണ്ടാക്കാം; വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ചില ബിസിനസ് ആശയങ്ങള്‍

കോവിഡ് മഹാമാരിക്ക് ശേഷം ചെറുകിട ബിസിനസ്സ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു.

  • Share this:

    ഇന്നത്തെ കാലത്ത് പണം സമ്പാദിക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. അതില്‍ ഒന്നാണ് ചെറുകിട ബിസിനസുകള്‍. കോവിഡ് മഹാമാരിക്ക് ശേഷം ചെറുകിട ബിസിനസ്സ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു. വീട്ടിലിരുന്ന് തന്നെ ചെറുകിട ബിസിനസ് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പറ്റുന്ന നിരവധി ബിസിനസ് ആശയങ്ങള്‍ ഉണ്ട്. അതില്‍ ചിലതിനെക്കുറിച്ച് അറിയാം. ഇവയിൽ പലതും ചെറിയ മൂലധനം ഉപയോഗിച്ച് എളുപ്പത്തില്‍ ആരംഭിക്കാന്‍ കഴിയും. സ്ഥലം വാടകയ്ക്കെടുക്കുന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടതില്ല.

    ചെറുകിട എണ്ണ വ്യാപാരം
    പാചക എണ്ണകള്‍ക്ക് ആവശ്യക്കാരേറെയാണ്. എണ്ണ ബിസിനസ്സ് എല്ലായ്‌പ്പോഴും വളരെ ലാഭകരമായ ബിസിനസ്സാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇതിന് ആവശ്യമായ മെഷീനുകള്‍ വിപണിയില്‍ ലഭ്യമാണ്. ഈ ഓയില്‍ എക്സ്പെല്ലറുകള്‍ക്ക് ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് വരും, എന്നാല്‍ ബിസിനസിന്റെ എല്ലാ സജ്ജീകരണത്തിനും കൂടി 3-4 ലക്ഷം രൂപ വരെയെ ചെലവ് വരികയുള്ളൂ. ഇതിന് പുറമെ, തെങ്ങ് കൃഷി നടത്തുന്ന ഒരു കര്‍ഷകനെ നിങ്ങള്‍ നേരിട്ട് ബന്ധപ്പെടുകയും ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ലഭ്യമാക്കുകയും കൂടുതല്‍ തൊഴിലാളികളെ നിയമിക്കാതെ എണ്ണ വേര്‍തിരിച്ചെടുക്കുകയും ചെയ്താല്‍ ഈ ബിസിനസിലൂടെ നിങ്ങള്‍ക്ക് വലിയ ലാഭം നേടാം.

    സോപ്പ് ബിസിനസ്
    സോപ്പ് നിര്‍മ്മാണവും നിങ്ങള്‍ക്ക് ലാഭം നേടിത്തരുന്ന ഒരു ബിസിനസാണ്. എല്ലാ വീട്ടിലെയും അടിസ്ഥാന ആവശ്യമാണ് സോപ്പ്, അതിനാല്‍ സോപ്പുകളുടെ ഡിമാന്‍ഡ് എപ്പോഴും വിപണിയില്‍ ഉണ്ടാകും. വളരെ കുറഞ്ഞ ചെലവില്‍ പോലും നിങ്ങള്‍ക്ക് ഈ ബിസിനസ് ആരംഭിക്കാന്‍ സാധിക്കും. പ്രധാന്‍ മന്ത്രി മുദ്ര യോജന പ്രകാരം ഇത്തരം ബിസിനസുകള്‍ക്ക് സര്‍ക്കാര്‍ വായ്പയും നല്‍കുന്നുണ്ട്.

    കായ ഉപ്പേരി ബിസിനസ് (ബനാന ചിപ്സ്)
    ആരോഗ്യകരവും അതുപോലെതന്നെ രുചികരവുമായതിനാല്‍ യുവാക്കള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ് ബനാന ചിപ്സ്. ഈ ബിസിനസിലെ പ്രധാന കാര്യം എന്തെന്നാല്‍ ഈ മേഖലയില്‍ ഒരു കമ്പനിക്കും കുത്തകയില്ല. മിക്കയിടത്തും പ്രാദേശിക ബ്രാന്‍ഡുകളാണ് ബനാന ചിപ്‌സ് വില്‍ക്കുന്നത്. അതിനാല്‍ തന്നെ വലിയ നിക്ഷേപമില്ലാതെ തന്നെ ചെറിയ മെഷീനുകള്‍ ഉപയോഗിച്ച് ഈ ബിസിനസ് നിങ്ങള്‍ക്ക് ആരംഭിക്കാവുന്നതാണ്. ഏകദേശം 1.25 ലക്ഷം രൂപയ്ക്ക് നിങ്ങള്‍ക്ക് ഒരു ചെറിയ യൂണിറ്റ് എളുപ്പത്തില്‍ സ്ഥാപിക്കാവുന്നതാണ്. 50 കിലോ ചിപ്സ് നിര്‍മ്മിക്കുന്നതിന് 3,200 രൂപയാണ് കണക്കാക്കുന്നത്. ഒരു കിലോയുള്ള ഒരു പായ്ക്ക് ചിപ്സിന് പാക്കിംഗ് ചെലവുകള്‍ ഉള്‍പ്പെടെ 70 രൂപ ചിലവാകും. വിപണിയില്‍ കിലോയ്ക്ക് 90-100 രൂപയ്ക്ക് നിങ്ങള്‍ക്ക് എളുപ്പത്തില്‍ വില്‍ക്കാന്‍ സാധിക്കും.

    ധാന്യപ്പൊടി കച്ചവടം
    വീട്ടിലിരുന്നു തന്നെ കുറഞ്ഞ ചെലവില്‍ സമ്പാദിക്കാന്‍ പറ്റുന്ന മറ്റൊരു ബിസിനസാണ് ഇത്. കോവിഡ് വ്യാപനത്തോടെ ഭക്ഷണ രീതിയെക്കുറിച്ച് ജനങ്ങള്‍ വളരെ ബോധവന്മാരാണ്. അതിനാല്‍ പോക്ഷകഗുണങ്ങളുള്ള ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. അതില്‍ ഒന്നാണ് ഗോതമ്പ്. സാധാരണ ഗോതമ്പിലേക്ക് മറ്റ് ചേരുവകള്‍ കൂടി ചേര്‍ത്ത് പോഷകഗുണമുള്ള ഒന്നാക്കി മാറ്റാവുന്നതാണ്. ഇതിനായി ആദ്യം ഗോതമ്പ് മുളപ്പിച്ച ശേഷം മുരിങ്ങയില, ഓട്‌സ്, ഉലുവ, അശ്വഗന്ധ, കറുവപ്പട്ട എന്നിവ കൂടി ചേര്‍ത്ത് പൊടിക്കുക. ഈ പ്രക്രിയ വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ചെയ്യാം. ഈ ബിസിനസ് നിങ്ങള്‍ക്ക് ഒരു കിലോയ്ക്ക് 10 രൂപ വരെ ലാഭം നേടിത്തരും. ഈ ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങള്‍ ആദ്യം ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലൈസന്‍സ് നേടുകയും വേണം.

    Published by:Jayesh Krishnan
    First published: