സൈബര്‍ തട്ടിപ്പിനുള്ള 'മ്യൂള്‍' അക്കൗണ്ടുകളുടെ കേന്ദ്രമായി കേരളം മാറിയെന്ന് ബാങ്കേഴ്‌സ് സമിതി
- Published by:meera_57
- news18-malayalam
Last Updated:
സൈബര്‍ തട്ടിപ്പിനായുള്ള മ്യൂള്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ
സൈബര്‍ തട്ടിപ്പ് നടത്താന്‍ ഉപയോഗിക്കുന്ന 'മ്യൂള്‍' അക്കൗണ്ടുകളുടെ (mule accounts) കേന്ദ്രമായി കേരളം വളര്‍ന്നുവരുന്നതായി കേരള, ലക്ഷദ്വീപ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) കണ്‍വീനര്‍ കെഎസ് പ്രദീപ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനുകീഴില്‍ ധനകാര്യ സേവന വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച 'സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍' (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) ക്യാമ്പെയിനിനെ കുറിച്ച് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ തട്ടിപ്പിനായുള്ള മ്യൂള്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയാണ് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നതെന്നും ഇത്തരം അക്കൗണ്ടുകള്‍ പിന്നീട് കള്ളപ്പണം വെളുപ്പിക്കലിനും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കുമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും എസ്എല്‍ബിസി കണ്‍വീനര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പുകളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മ്യൂള്‍ അക്കൗണ്ട് കൈവശമുള്ളവര്‍ തടവ്, സ്ഥിരം കുറ്റവാളി എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ നിയമ പ്രത്യാഘാതങ്ങള്‍ നേരിടുമെന്നും ഇത്തരക്കാരെ ധനകാര്യ സ്ഥാപനങ്ങളുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും പ്രദീപ് അറിയിച്ചു. ഡിജിറ്റല്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
advertisement
പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ ഉള്‍പ്പെടെ പത്ത് വര്‍ഷം കാലാവധി പൂര്‍ത്തിയായ അക്കൗണ്ടുടമകള്‍ കെവൈസി രേഖകള്‍ വീണ്ടും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. റീ-കെവൈസി ആവശ്യമുള്ള അക്കൗണ്ടുകളില്‍ നിന്ന് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള സബ്‌സിഡികളോ മറ്റ് ആനുകൂല്യങ്ങളോ പിന്‍വലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ 57 ലക്ഷം അക്കൗണ്ടുകള്‍ക്ക് റീ-കെവൈസി ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ മൊത്തം അക്കൗണ്ടുകളുടെ ഏകദേശം 20 ശതമാനം വരുമിത്. ഇന്ത്യയിലുടനീളമുള്ള ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന 67,000 കോടി രൂപയുടെ നിക്ഷേപങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, ബാങ്കിംഗ് സേവനങ്ങളില്‍ നോമിനേഷന്‍ വെക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കെഎസ് പ്രദീപ് പറഞ്ഞു.
advertisement
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നിവയുള്‍പ്പെടെ സര്‍ക്കാര്‍ പിന്തുണയുള്ള ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികളുടെ ആനുകൂല്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പദ്ധതികള്‍ ഗുണം ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യാമ്പെയിനിന്റെ ഭാഗമായി ആളുകള്‍ക്ക് നേരിട്ട് സേവനങ്ങള്‍ നല്‍കുന്നതിനായി ബാങ്കുകള്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും. കേരളത്തില്‍ 942 പഞ്ചായത്തുകളില്‍ 500 എണ്ണം ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായുള്ള ഡ്രൈവ് സെപ്റ്റംബര്‍ 30 വരെ തുടരും.
advertisement
വാര്‍ത്ത സമ്മേളനത്തില്‍ തിരുവനന്തപുരത്തെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി, തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് മാത്യു എന്നിവരും പങ്കെടുത്തു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 22, 2025 10:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
സൈബര്‍ തട്ടിപ്പിനുള്ള 'മ്യൂള്‍' അക്കൗണ്ടുകളുടെ കേന്ദ്രമായി കേരളം മാറിയെന്ന് ബാങ്കേഴ്‌സ് സമിതി