Explained: ചൈനയുടെ ചൊവ്വ പേടകമായ സുറോങ് റോവറിനെ കുറിച്ച് അറിയേണ്ടതെല്ലാം
- Published by:Anuraj GR
- news18-malayalam
Last Updated:
ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന അപൂര്‍വ നേട്ടവും ഇതോടെ ചൈനയ്ക്ക് സ്വന്തമായിരിക്കുകയാണ്.
ചൊവ്വയിൽ അമേരിക്കയ്ക്ക് കൂട്ടായി ഇനി ചൈനയുടെ ബഹിരാകാശ പേടകവും ഉണ്ടാകും. ശനിയാഴ്ച പുലർച്ചെയോടെയാണ് ചൊവ്വയുടെ നേർത്ത അന്തരീക്ഷത്തിലൂടെ ചൈനയുടെ സുറോംങ്ങ് റോവര്‍ ചൊവ്വാഗ്രഹത്തിന്‍റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയത്.
ചൊവ്വയിൽ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ടിയാൻവെൻ-1 ബഹിരാകാശ പേടകത്തിൽ ആണ് ചൈന സുറോംങ്ങ് റോവര്‍ ചൊവ്വയിലേക്ക് വിക്ഷേപിച്ചത്. ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന അപൂര്‍വ നേട്ടവും ഇതോടെ ചൈനയ്ക്ക് സ്വന്തമായിരിക്കുകയാണ്.
മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് തന്നെ പേടകം വിജയകരമായി ഇറങ്ങി, 'നിഹാവോ മാർസ്' എന്ന ദൗത്യത്തിനായി തയ്യാറാക്കിയ പ്രത്യേക ടിവി പരിപാടിയിൽ ചൈനീസ് മാധ്യമമായ സിസിടിവി പറഞ്ഞു. ദൗത്യം വിജയകരമായി എന്ന് സ്ഥിരീകരിച്ച് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷനെ (CNSA) ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
advertisement
മൂന്ന് മാസത്തോളം ചൊവ്വ ഗ്രഹത്തെ വലംവച്ച ശേഷമാണ് ചൊവ്വയിൽ സുറോംങ്ങ് റോവർ ഇറങ്ങിയത്. റോവര്‍ വിജയകരമായി ഇറക്കിയ ചൈനീസ് നാഷണൽ സ്പേസ് അഡ്‌മിനിസ്‌ട്രേഷൻ സംഘത്തെ പ്രസിഡൻ്റ് ഷി ജിൻപിംഗ് അഭിനന്ദിച്ചു.
“ഇത് നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പരിവേഷണ ശ്രമങ്ങളിലെ മറ്റൊരു നാഴികക്കല്ലാണ്, വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ട്, നിങ്ങൾ മികവിനായി പരിശ്രമിച്ചു, ബഹിരാകാശ പര്യവേഷണത്തിൽ ആഗോള തലത്തിൽ നമ്മുടെ രാജ്യത്തെ എത്തിക്കുകയും ചെയ്തു.'' ബഹിരാകാശ ഏജൻസിയുടെ ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും അഭിനന്ദനം അറിയിച്ച് നൽകിയ സന്ദശത്തിൽ പറഞ്ഞു.
advertisement
പേടകത്തിൻ്റെ ലാൻഡിംഗിനായുള്ള പദ്ധതികളെക്കുറിച്ച് വെള്ളിയാഴ്ച വരെ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ കാര്യമായി ഒന്നും പറഞ്ഞിരുന്നില്ല. എങ്കിലും, പേടകത്തിൻ്റെ ലാൻഡിംഗ് ഉടനെ നടക്കുമെന്ന വാർത്തകൾ സോഷ്യൽ മീഡിയയിലും ഔദ്യോഗിക വാർത്താ റിപ്പോർട്ടുകളിലും പ്രചരിക്കാൻ തുടങ്ങിയിരുന്നു.
ചൈനയുടെ ഔദ്യോഗിക ടെലിവിഷൻ ചാനൽ ലാൻഡിംഗിനെക്കുറിച്ച് തത്സമയം റിപ്പോർട്ടുചെയ്തിരുന്നില്ല, പക്ഷേ പിന്നീട് ദൗത്യത്തെക്കുറിച്ചുള്ള മണിക്കൂറുകളോളം നീണ്ട പരിപാടികൾ സംപ്രേഷണം ചെയ്തു.
ചൊവ്വയിലേക്കുള്ള ചൈനയുടെ ദൗത്യം എന്താണ്?
രണ്ട് വർഷത്തിലൊരിക്കൽ ചൊവ്വയും ഭൂമിയും തമ്മിലുണ്ടാകുന്ന ഏറ്റവും കുറഞ്ഞ ദൂരം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജൂലൈയിലാണ് ടിയാൻവെൻ -1 ദൗത്യം ഭൂമിയിൽ നിന്ന് വിക്ഷേപിച്ചത്.
advertisement
ഒരു ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ ഉൾപ്പെടുന്നതാണ് ദൗത്യം.
ഫെബ്രുവരി 10ന് ടിയാൻവെൻ -1 ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തുകയും അതിനുശേഷം, സുരക്ഷിതമായ അകലത്തിൽ ഗ്രഹത്തെ വയ്ക്കുകയും ലാൻഡിംഗ് ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു.
ചൈനീസ് നാടോടി കഥകളിലെ അഗ്നിദേവന്‍റെ പേരിൽ നിന്നാണ് സുറോംഗ് എന്ന പേര് റോവറിന് നൽകിയത്.
സുറോംഗിന്റെ ഭാരം ഏകദേശം 240 കിലോഗ്രാം ആണ്. 2004ൽ നാസ ചൊവ്വയിൽ ഇറക്കിയ സ്പിരിറ്റ്, ഓപ്പർച്യുനിറ്റി റോവറുകളേക്കാൾ അൽപ്പം ഭാരം കൂടുതലുണ്ട്, എങ്കിലും നിലവിൽ പ്രവർത്തിക്കുന്ന നാസയുടെ തന്നെ രണ്ട് മാർസ് റോവറുകളായ ക്യൂരിയോസിറ്റി, പെർസെവെറൻസ് എന്നിവയുടെ നാലിലൊന്ന് ഭാരം മാത്രമേ സുറോംഗിനുള്ളു.
advertisement
ഇനി കുറച്ച് ദിവസങ്ങൾക്ക് ശേഷം, റോവർ ലാൻഡറിൽ നിന്ന് വേർപെടും. സ്പിരിറ്റ്, ഓപ്പർച്യുണിറ്റി എന്നിവ പോലെ തന്നെ സുറോംഗിന് ഊർജ്ജം പകരാൻ സോളാർ പാനലുകൾ ഉണ്ട്. ഇവ ഉള്ളിലേക്ക് മടക്കാവുന്നതാണ്, അതുകൊണ്ട് പാനലിൽ പറ്റിപ്പിടിക്കുന്ന പൊടി ഇടയ്ക്കിടെ ഇളക്കി കളയാൻ സാധിക്കും. പെർസെവെറൻസിനും ക്യൂരിയോസിറ്റിക്കും ന്യൂക്ലിയർ ബാറ്ററികൾ റേഡിയോ ആക്ടീവ് പ്ലൂട്ടോണിയത്തിന്റെ ക്ഷയം വഴി പുറത്തുവിടുന്ന താപത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഊർജ്ജമാണ് ഉപോയോഗിക്കുന്നത്.
ക്യാമറകൾ, നിലത്തു തുളച്ചുകയറുന്ന റഡാർ, ഒരു മാഗ്നറ്റിക് ഫീൽഡ് ഡിറ്റക്ടർ, ഒരു കാലാവസ്ഥാ നിരീക്ഷണ സംവിധാനം എന്നിങ്ങനെ തുടങ്ങി ഏഴ് ഉപകരണങ്ങളാണ് സുറോംഗിൽ ഉൾപ്പെടുന്നത്.
advertisement
ചൊവ്വ ദൗത്യത്തിൽ ചൈന നടത്തിയ ആദ്യ ശ്രമമല്ല ഇത്. ഏതാണ്ട് 10 വർഷം മുമ്പ് ചൈന യിൻഹുവോ -1 എന്ന പേരിൽ ഒരു ദൗത്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ പേടകം അത് വഹിച്ച റഷ്യൻ റോക്കറ്റ് പരാജയപ്പെട്ടപ്പോൾ ഭൂമിയുടെ അന്തരീക്ഷത്തിൽത്തന്നെ കത്തി നശിച്ചു.
റോവർ എവിടെയാണ് ഇറങ്ങിയത്, എന്തിനെക്കുറിച്ചാണിത് പഠിക്കുന്നത്?
ചൊവ്വയുടെ ഉട്ടോപ്പിയ, പ്ലാനിഷ്യ മേഖലയിൽ ഗവേഷണത്തിനായാണ് ചൈന റോവർ അയച്ചിരിക്കുന്നത്. ചൊവ്വയിൽ ജീവനുണ്ടോയെന്ന് അറിയുകയാണ് ലക്ഷ്യം. 1976ൽ നാസയുടെ വൈക്കിംഗ് 2 ലാൻഡറും ഇതേ പ്രദേശം സന്ദർശിച്ചിട്ടുണ്ട്.
advertisement
ചൊവ്വയുടെ വടക്കുള്ള താഴ്ന്ന പ്രദേശങ്ങളുടെ ഭാഗമാണ് ഈ സമതലങ്ങൾ. കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ചൊവ്വയിൽ ധാരാളം വെള്ളം ഉണ്ടായിരുന്നെങ്കിൽ, ഈ പ്രദേശം വെള്ളത്തിനടിയിലാകാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ ഇത് ഒരു സമുദ്രമായിരുന്നു.
മനുഷ്യൻ്റെ സാങ്കൽപ്പത്തിലുള്ള സമുദ്രത്തിൽ നിന്നുള്ള ജലം ഒരിക്കൽ ഗ്രഹത്തിനടിയിലേക്ക് ഒഴുകിപ്പോയിട്ടുണ്ടെങ്കിൽ, ഇന്നും അത് അവിടെത്തന്നെ തണുത്തുറഞ്ഞിരിക്കാൻ സാധ്യതയുണ്ട്. 2016 ൽ, നാസയുടെ മാർസ് റീകണൈസൻസ് ഓർബിറ്ററിലെ ഒരു റഡാറിന്റെ സഹായത്തോടെ ശാസ്ത്രജ്ഞർ പറഞ്ഞത്, ചൊവ്വയിൽ യഥാർത്ഥത്തിൽ ധാരാളം ഐസ് ഉണ്ടെന്നാണ്, ഇത് ന്യൂ മെക്സിക്കോ സിറ്റിയേക്കാൾ വലുപ്പമുള്ള ഒരു തടാകം പോലെയാണെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
ടിയാൻവെൻ -1 ദൗത്യത്തിന്റെ ഒരു പ്രധാന ലക്ഷ്യം എന്നത് ഈ പ്രദേശത്തെ തണുത്തുറഞ്ഞ ജലത്തിന്റെ ലഭ്യതെക്കുറിച്ചാണ്.
റോവർ ചൊവ്വയിൽ എങ്ങനെയാണ് ഇറങ്ങിയത്?
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വയിൽ ലാൻഡിംഗ് അപകടകരമാണ് - നാസ എഞ്ചിനീയർമാർ ഇതിനെ'ഭീകരത നിറഞ്ഞ ഏഴ് മിനിറ്റുകൾ' എന്നാണ് വിളിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് ടിയാൻവെൻ -1 ഇതിനകം ചൊവ്വയുടെ ഭ്രമണപഥത്തിലായിരുന്നതിനാൽ, സുറോങ്ങിന്റെ വേഗത നാസയുടെ പെർസെവെറൻസിൻ്റെ അത്ര വേഗത്തിലായിരുന്നില്ല. അതുകൊണ്ട് തന്നെ ചൈനയുടെ ലാൻഡറിന് അൽപ്പം അധിക ഭീകരത ആവശ്യമാണ് - ഒൻപത് മിനിറ്റ്.
നാസ മാത്രമാണ് ഒന്നിലധികം തവണ ചൊവ്വയുടെ ഉപരിതലത്തിലെത്തിയത്. നാസയുടെ ഏറ്റവും വലിയ റോവറുകളായ ക്യൂരിയോസിറ്റി, പെർസെവെറൻസ് എന്നിവയുടെ ലാൻഡിംഗുകൾ മന്ദഗതിയിലാക്കാൻ പാരച്യൂട്ടുകളെ ഉപയോഗിച്ചിരുന്നു. കൂടാതെ അന്തരീക്ഷത്തിലെ സംഘർഷങ്ങളിൽ നിന്നുണ്ടാകുന്ന ചൂട് പുറന്തള്ളുന്നതിനുള്ള പരിചകളും സ്കൈ ക്രെയിനുകൾ എന്നറിയപ്പെടുന്ന സങ്കീർണ്ണമായ സംവിധാനങ്ങളും ഉപയോഗിച്ചു.
“രാജ്യത്തെ ആദ്യത്തെ ചൊവ്വ പര്യവേക്ഷണ ദൗത്യത്തിനായി, ചൊവ്വയിലെ പരിസ്ഥിതിയെക്കുറിച്ച്, പ്രത്യേകിച്ച് അന്തരീക്ഷത്തെക്കുറിച്ച് ഞങ്ങൾക്ക് നേരിട്ടുള്ള യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല,” മിഷന്റെ സീനിയർ ഡിസൈനർ ചെൻ ബൈചാവോ ഷാങ്ഹായ് ആസ്ഥാനമായുള്ള ഒരു മാധ്യമത്തോട് പറഞ്ഞു. “അതിനാൽ തികച്ചും അജ്ഞാതമായ ഒരു അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് തുല്യമായിരുന്നു ഇത് ഞങ്ങൾക്ക്, അത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് ഊഹിക്കാനാകും.”
ലാൻഡർ-റോവർ കോമ്പിനേഷൻ ഭ്രമണപഥവുമായി വേർതിരിക്കുന്നതിന് മുമ്പായി ടിയാൻവെൻ -1 പാർക്കിംഗ് ഭ്രമണപഥത്തിൽ നിന്ന് ഉയരം കുറച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ലാൻഡിംഗ്-റോവർ കോമ്പിനേഷൻ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മൂന്ന് മണിക്കൂർ കൂടി ചൊവ്വയെ ചുറ്റിക്കറങ്ങി.
ടിയാൻവെൻ ദൗത്യത്തിനായി, കോൺ ആകൃതിയിലുള്ള എൻട്രി ക്യാപ്‌സ്യൂൾ ലാൻഡറും റോവറും അന്തരീക്ഷത്തിലൂടെ കൊണ്ടുപോയി. ഒരു ചൂട് കവചം ബഹിരാകാശ പേടകത്തെ സൂപ്പർഹീറ്റ് വാതകങ്ങളിൽ നിന്ന് സംരക്ഷിച്ചു. ചൊവ്വയുടെ നേർത്ത വായുവിന്റെ സംഘർഷം അത് മന്ദഗതിയിലാക്കാൻ സഹായിച്ചു, ചൈന അക്കാദമി ഓഫ് സ്പേസ് ടെക്നോളജിയുടെ ഡിസൈനർ ടാൻ സിയൂൺ ഗ്ലോബൽ ടൈംസിനോട് പറഞ്ഞു.
ചൈനയുടെ മറ്റ് ബഹിരാകാശ പദ്ധതികൾ
റോബോട്ടിക് റോവറുമായി ചൈന ചന്ദ്രന്റെ വളരെ അടുത്തുണ്ട്. അത് അടുത്തിടെ അതിന്റെ അടുത്ത ബഹിരാകാശ നിലയത്തിന്റെ ഒരു വലിയ ഭാഗം കൂടി ഭൂമിയുടെ ഭ്രമണപഥത്തിൽ ഇട്ടിട്ടുണ്ട്. ചൈനയുടെ ബഹിരാകാശ പ്രോഗ്രാമിന് മറ്റ് നിരവധി ലക്ഷ്യങ്ങളുമുണ്ട്.
അടുത്തിടെ ചൊവ്വയിൽ നടന്ന മറ്റ് ദൗത്യങ്ങൾ
കഴിഞ്ഞ ആഴ്ചകളിൽ, ചൊവ്വയുടെ ഉപരിതലത്തിൽ നാസ നിർമ്മിച്ച ചെറിയ ഹെലികോപ്റ്ററായ ഇൻജെനുവിറ്റി പറത്തി. ചൊവ്വയിലെ അന്തരീക്ഷത്തിൽ ഹെലികോപ്റ്റർ അല്ലെങ്കിൽ വിമാനം പോലെ എന്തെങ്കിലും പറക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതിനാണ് ചെറിയ റോട്ടർക്രാഫ്റ്റ് നിർമ്മിച്ചത്.
Keywords: China, Lander, Rover, Zhurong, ചൈന, ലാൻഡർ, റോവർ, സുറോങ്ങ്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 15, 2021 5:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Explained: ചൈനയുടെ ചൊവ്വ പേടകമായ സുറോങ് റോവറിനെ കുറിച്ച് അറിയേണ്ടതെല്ലാം