മെലിഞ്ഞുണങ്ങി കോഴിവില; ശക്തിമാനായി ഷവായിയും തന്തൂരിയും
Last Updated:
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിവില കഴിഞ്ഞ രണ്ടുമാസമായി നൂറിൽ താഴെ. എന്നാൽ, കോഴിവിഭവങ്ങളുടെ വിലയിൽ യാതൊരുവിധ മാറ്റവുമില്ല. നേരത്തെ, കോഴിവില ഉയർന്നപ്പോൾ ചിക്കൻ വിഭങ്ങളുടെ വിലയിൽ ഹോട്ടലുകൾ നിരക്കു വർദ്ധിപ്പിച്ചത് 15 ശതമാനത്തിനു മുകളിലായിരുന്നു. എന്നാൽ, കോഴിവില നൂറിൽ താഴെയായിട്ടും ചിക്കൻ വിഭവങ്ങളുടെ വിലയിൽ യാതൊരു മാറ്റവുമില്ല. തലസ്ഥാനത്ത് 120 മുതൽ 400 വരെയാണ് ചിക്കൻ വിഭവങ്ങളുടെ വില. ഏറ്റവും ഉയർന്ന വില ഈടാക്കുന്നത് ഷവായി, തന്തൂരി വിഭവങ്ങൾക്കാണ്.
തിരുവനന്തപുരത്തെ കോഴി ഫാമുകളിൽ കഴിഞ്ഞദിവസം 63 രൂപയായിരുന്നു കോഴിവില. അതേസമയം, തമിഴ്നാട്ടിൽ 55 രൂപയായിരുന്നു. ചില്ലറ വിപണിയിൽ കോഴി കിലോയ്ക്ക് 85 രൂപയാണ്. ഹോട്ടലുകളിലേക്ക് മൊത്തമായി എടുക്കുമ്പോൾ 75 രൂപ നിരക്കിൽ നൽകും. എന്നാൽ, കോഴിവില കൂടിയപ്പോൾ കോഴിവിഭവങ്ങകൾക്ക് വില കൂട്ടിയ ഹോട്ടലുകാർ കോഴിവില കുറഞ്ഞപ്പോൾ വില കുറയ്ക്കാൻ തയ്യാറായിട്ടില്ല.
അതിർത്തിപ്രദേശമായ കളിയിക്കാവിളയിൽ നിന്നാണ് കൂടുതൽ കോഴി കേരളത്തിലേക്ക് എത്തുന്നത്. തൊട്ടടുത്തുള്ള തമിഴ്നാട് നിരക്കിൽ കോഴി ലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഒരിക്കൽ പോലും കോഴിവില നൂറു കടന്നു പോയിട്ടില്ല. എന്നാൽ, ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് വിലയിൽ വലിയ വ്യത്യാസവുമില്ല.
advertisement
എന്നാൽ, മറ്റ് അവശ്യവസ്തുക്കൾക്ക് വില കുറയാത്തതിനാലാണ് ചിക്കൻ വിഭവങ്ങൾക്ക് വില കുറയ്ക്കാൻ സാധിക്കാത്തതെന്നാണ് ഹോട്ടലുകാരുടെ ന്യായം. കേരളത്തിലെയും തമിഴ്നാട്ടിലെയും ഫാമുകളിൽ കോഴി ഉല്പാദനം കൂടിയിട്ടുണ്ട്. എന്നാൽ, ഉപഭോഗം കുറവാണ്. ഇതാണ് കോഴിവില ഇത്രയും കുറയാൻ കാരണമായത്.
Location :
First Published :
September 20, 2018 7:07 PM IST


