കോട്ടയം: ഈന്തപ്പഴവും ജാതിക്കായും മറയൂർ ശർക്കരയും ചേർത്ത് വാറ്റിയ ചാരായം കോവിഡിനുള്ള ആയൂർവേദ മരുന്നെന്ന പേരിൽ വിൽപന നടത്തിയ ആൾ എക്സൈസ് പിടിയിലായി. ഈരാറ്റുപേട്ട കുറിഞ്ഞി പ്ലാവ് ഭാഗത്ത് താമസിക്കുന്ന മൂത്തേടത്ത് വീട്ടിൽ ദേവസ്യ ആണ് അറസ്റ്റിലായത്. കാച്ചിക്ക അപ്പച്ചൻ എന്നാണ് ഇയാൾ നാട്ടിൽ അറിയപ്പെട്ടിരുന്നത്.
അപ്പച്ചന്റെ വീട്ടിൽ നിന്നും ഒന്നര ലിറ്റർ വാറ്റുചാരായവും, 115 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു. ഈന്തപ്പഴവും ജാതിക്കായും മറയൂർ ശർക്കരയും ഇട്ട് വാറ്റിയുണ്ടാക്കുന്ന ചാരയം തൊണ്ടയിലുള്ള കൊറോണ വൈറസിനെ കൊല്ലാനുള്ള പ്രതിരോധ വാക്സിനെന്ന പേരിലായിരുന്നു വിൽപന. പ്രദേശത്ത് നടന്ന കല്യാണ പാർട്ടികളിലും ഈ 'ഔഷധം' വിതരണം ചെയ്തിരുന്നതായി എക്സൈസ് പറയുന്നു.
ഷാഡോ എക്സൈസ് അംഗങ്ങളായ ബിനീഷ് സുകുമാരൻ, അഭിലാഷ് കുമ്മണ്ണൂർ, ഉണ്ണിമോൻ എന്നിവർ കുറെ ദിവസമായി അപ്പച്ചനെ നിരീക്ഷിച്ച് വരികയായിരുന്നു. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് .വി. പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എബി ചെറിയാൻ, സ്റ്റാൻലി ചാക്കോ, ജസ്റ്റിൻ തോമസ്, പ്രസാദ്, നൗഫൽ, പ്രദീപ്, വിനീത, സുജാത എന്നിവർ പങ്കെടുത്തു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.