കലാമണ്ഡലത്തിൽ കൂട്ടപ്പനി
Last Updated:
തൃശൂർ: കലാമണ്ഡലം ഹോസ്റ്റലിൽ പനി വ്യാപകമായതോടെ കുട്ടികൾ കൂട്ടത്തോടെ ആശുപത്രിയിലായി. ചെറുതുരുത്തി കലാമണ്ഡലത്തിലെ ലേഡീസ് ഹോസ്റ്റലിലാണ് പനി പടർന്നു പിടിച്ചിട്ടുള്ളത്. പനിയും ഛർദിയും വർധിച്ചതോടെ വ്യാഴാഴ്ച രാത്രിയിൽ ഹോസ്റ്റലിലെ ഒട്ടേറെ വിദ്യാർത്ഥിനികളാണ് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയാണെന്ന് പ്രചരണം ഉണ്ടായെങ്കിലും വൈറൽ പനിയാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച മറുപടി.
വൃത്തിഹീനമായ പരിസരമാണ് പനിപടരാൻ കാരണമെന്ന് വിദ്യാർഥികൾ പറയുന്നു. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്ന് രക്ഷിതാക്കളും ആരോപിക്കുന്നു. പനി പടർന്നതോടെ രക്ഷിതാക്കളെത്തി വിദ്യാർഥികളെ വീട്ടിലേക്ക് മടക്കി കൊണ്ടുപോവുകയാണ്.
എട്ടാം ക്ലാസ് മുതൽ പി.ജി വിദ്യാർഥിനികൾ വരെയുള്ളവരാണ് ഹോസ്റ്റലിലുള്ളത്. മൂന്നുമാസം അവധി കിട്ടിയിട്ടും ഇത്തവണ ഹോസ്റ്റലിന്റെ അറ്റകുറ്റപ്പണി യഥാസമയം നടത്താൻ അധികൃതർ തയാറാകാത്തതാണ് ഇപ്പോൾ സ്ഥിതിഗതികൾ വഷളാക്കിയത്. വൃത്തി ഹീനമായ അന്തരീക്ഷമാണ് ഹോസ്റ്റലിന് ചുറ്റും.
കൃത്യമായ ശുചീകരണം നടക്കുന്നില്ല. കാടും പുല്ലുകളും വളർന്നതോടെ ഇവിടെ കൊതുകുകളുടെ താവളമായി. വെള്ളം കെട്ടിക്കിടന്നതും ടാങ്കിന്റെ ഒരുഭാഗം പൊട്ടി ഒഴുകുന്നതും രോഗകാരണമാകുന്നു.
Location :
First Published :
July 06, 2018 6:31 PM IST


