പിതൃസ്മരണയില്‍ തര്‍പ്പണം ചെയ്ത് പതിനായിരങ്ങള്‍
Last Updated:
തിരുവനന്തപുരം: മഴക്കെടുതികളുടെ ദുരിതംപേറുമ്പോഴും കര്‍ക്കടകവാവ് ദിനത്തില്‍ പിതൃമോക്ഷം തേടി പതിനായിരങ്ങള്‍ ബലിയര്‍പ്പിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വന്‍സുരക്ഷ ക്രമീകരണങ്ങളാണ് സംസ്ഥാനത്തുടനീളെ ഒരുക്കിയിരുന്നത്. മിക്കയിടങ്ങളിലും പുലര്‍ച്ചെ നാല് മണിക്ക് തന്നെ ബലിതര്‍പ്പണം ആരംഭിച്ചു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമെ ബലി ഇടാന്‍ കഴിഞ്ഞുള്ളു. ഡാമുകള്‍ തുറന്നുവിട്ടതോടെ വെള്ളത്തിനടിയിലായ ആലുവ ശിവരാത്രി മണപ്പുറത്ത് ബലി തര്‍പ്പണങ്ങള്‍ക്കായി റോഡിലാണ് ബലിത്തറകള്‍ സ്ഥാപിച്ചിത്. ദേശീയ ദുരന്ത നിവാരണ സേനയുടെ സുരക്ഷയും ഉറപ്പാക്കിയിരുന്നു. പുഴയിലിറങ്ങി മുങ്ങി നിവരാന്‍ അനുവാദം ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല പാപനാശം കടപ്പുറം, തിരുവല്ലം പരശുരാമക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂര്‍ അരുവിക്കര ക്ഷേത്രം,വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ബലിതര്‍പ്പണത്തിന് ഏറെപേരെത്തുന്നത്. വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പാപനാശം കടപ്പുറത്ത് വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ ബലിതര്‍പ്പണം ആരംഭിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 3.30 വരെയാണ് ബലിതര്‍പ്പണം നടക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ തീരം നഷ്ടപ്പെട്ട ശംഖുമുഖത്ത് ഇക്കുറി തിരക്ക് കുറവായിരുന്നു.
advertisement
കൊല്ലം ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രം തിരുമുല്ലവാരമാണ്. 500ലധികം പേര്‍ക്ക് ഒരേസമയം ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു. ഇതിനു പുറമെ മുണ്ടയ്ക്കല്‍ പാപനാശത്തും ബലിതര്‍പ്പണങ്ങള്‍ക്കായി വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, വായ്പൂര്‍ തൃച്ചേര്‍പ്പൂറം ശ്രീശങ്കര നാരയണ സ്വാമി ക്ഷേത്രം, കല്ലൂപ്പാറ ശ്രീഭഗവതി ക്ഷേത്രം, കീഴ് വായ്പൂര്‍ ഈശ്വരമംഗലം, വായ്പൂര്‍ കീഴ്തൃക്കേല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വെണ്ണിക്കുളം കോമളദേവി ക്ഷേത്രം എന്നിവിടങ്ങളിലാണ് ബലിതര്‍പ്പണത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
advertisement
കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ ജലാശയങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു ബലിതര്‍പ്പണങ്ങള്‍. കണ്ടിയൂര്‍ ആറാട്ട് കടവ്, ഹരിപ്പാട് തൃക്കുന്നപ്പുഴ ധര്‍മശാസ്ത ക്ഷേത്രം, ചക്കുളത്ത് കാവ് ഭഗവതീ ക്ഷേത്രം, കൈനടി കരുമാത്ര ക്ഷേത്രം, മങ്കൊമ്പ് ഭഗവതീ ക്ഷേത്രം, കണ്ണാടി പടിഞ്ഞാറെ മഠം ഭഗവതീക്ഷേത്രം, തലവടി പനയന്നൂര്‍കാവ് ക്ഷേത്രം, തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടനാട്ടിലെ ക്ഷേത്രങ്ങളിലും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
കോട്ടയം ജില്ലയിലെ നാഗമ്പടം മഹാദേവക്ഷേത്രം, തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം, വേദഗിരി ശാസ്താ ക്ഷേത്രം, വന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രം, വൈക്കം ടിവി പുരം ശ്രീരാമ സ്വാമി ക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം, എരുമേലി ശാസ്ത ക്ഷേത്രം, കുടമാളൂര്‍ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രം , കുമാരനല്ലൂര്‍ ദേവി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
advertisement
ഇടുക്കി ജില്ലയിലെ ഉപ്പുതുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാളിയാര്‍ മങ്കുഴിക്കാവ് ഭഗവതി ക്ഷേത്രം, കാഞ്ഞിരക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം, കുറുമ്പാലമറ്റം എലമ്പിക്കാട്ട് ദേവിക്ഷേത്രം എന്നിവിടങ്ങളിലാണ് ബലിതര്‍പ്പണങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. എറണാകുളത്ത് ആലുവ മണപ്പുറത്തിന് പുറമെ തട്ടേക്കാട് മഹാദേവക്ഷേത്രം, പാലമറ്റം ശിവക്ഷേത്രം, കാലടി ചേലാമറ്റം ക്ഷേത്രം എന്നിവിടങ്ങളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
തൃശൂര്‍ പുഴയ്ക്കല്‍ ധര്‍മശാസ്ത ക്ഷേത്രം, പാമ്പാടി, ആറാട്ടുപുഴ മന്ദാരക്കടവ് , പമ്പാടി ഐവര്‍മഠം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, നിളാ തീരം, പഴമ്പാലക്കോട് പുതിയ പാലം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണം നടന്നു. സമീപജില്ലയിലെ വെള്ളപ്പൊക്കം കാരണം തൃശൂര്‍ ജില്ലയില്‍ ബലിതര്‍പ്പണങ്ങള്‍ക്ക് പതിവിലും തിരക്കായിരുന്നു.
advertisement
പാലക്കാട് കല്‍പ്പാത്തി പുഴ, നിലംപതിപ്പാലം, പൂടൂര്‍ അഞ്ചുമൂര്‍ത്തി ക്ഷേത്രം, മങ്കര കാളികാവ്, ഷൊര്‍ണൂര്‍ തിരുമിറ്റക്കോട് ക്ഷേത്രം, ഷൊര്‍ണൂര്‍ ശാന്തിതീരം, ചെര്‍പ്പുളശേരി കാറല്‍മണ്ണ, പട്ടാമ്പിപ്പാലം, കുന്തിപ്പുഴ, പുഴപ്പാലം ആലത്തൂര്‍ തൃപ്പാളൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് ബലിതര്‍പ്പണം നടന്നത്. ഷൊര്‍ണൂര്‍ പുഴയില്‍ വെള്ളം കയറിയതോടെ തിരുവില്ലാമലയിലും തുരുമിറ്റക്കോടുമാണ് ബലിതര്‍പ്പണങ്ങള്‍ നടത്തിയത്.
ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ കനത്ത സുരക്ഷയിലായിരുന്നു ബലി തര്‍പ്പണങ്ങള്‍ നടന്നത് . പുലര്‍ച്ചെ നാലുമണിയോടെ തന്നെ ബലി തര്‍പ്പണം ആരംഭിച്ചു. 16 കര്‍മികളുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.പുത്തളം സാളിഗ്രാമ ക്ഷേത്രത്തിലും ബലിതര്‍പ്പണങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു.
advertisement
കോഴിക്കോട് ജില്ലയില്‍ വരയ്ക്കല്‍ ബലിതര്‍പ്പണ സമിതി, ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗം, വരയ്ക്കല്‍ ദുര്‍ഗാ ക്ഷേത്രം, ഹിന്ദു ഐക്യവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ വരയ്ക്കല്‍ കടപ്പുറത്തും, എലത്തൂര്‍ ശ്രീബാലസുബ്രഹ്മണ്യന്‍ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബലിതര്‍പ്പണം അയ്യപ്പന്‍ താഴത്ത് കടല്‍ത്തീരത്തും, കാരന്തൂര്‍ ശ്രീഹരഹരമഹാദേവക്ഷേത്രം, ബേപ്പൂര്‍ ഗോതീശ്വര ക്ഷേത്ര കടപ്പുറം, ചേമ്പാല ആവിക്കര കടപ്പുറം എന്നിവിടങ്ങളിലുമാണ് ബലിതര്‍പ്പണം നടന്നത്.
വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, മാനന്തവാടി താഴെയങ്ങാടി മാരിയമ്മന്‍ ക്ഷേത്രം, കണിയാരം തെടങ്ങഴിക്കുന്ന് ശിവ ഭുവനേശ്വരി ക്ഷേത്രം, പുല്‍പള്ളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രം, വണ്ടിക്കടവ് അയ്യപ്പ ക്ഷേത്രം, എന്നിവിടങ്ങളിലാണ് ബലിതര്‍പ്പണം നടന്നത്. വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ബലിതര്‍പ്പണം പ്രതികൂല കാലാവസ്ഥ കാരണം ഒഴിവാക്കി.
advertisement
കണ്ണൂര്‍ ജില്ലയിലെ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, തലശേരി ജഗന്നാഥ ക്ഷേത്രം, തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രം, തലായി- പയ്യാമ്പലം കടല്‍ത്തീരം എന്നിവിടങ്ങളിലാണ് ബലിതര്‍പ്പണം നടന്നത്. കാസര്‍കോട് ജില്ലയിലെ തൃക്കണ്ണാട് കടപ്പുറത്താണ് പ്രധാനമായും ബലി തര്‍പ്പണം നടക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരുന്നത്.
Location :
First Published :
August 11, 2018 1:48 PM IST


