സനലിന്റെയും കുടുംബത്തിന്‍റെയും ദുരിതമകറ്റാൻ നാടൊരുമിക്കുന്നു
Last Updated:
സനലിന്‍റെ ചികിത്സയ്ക്കും ജീവിതച്ചെലവിനുമുള്ള പണം കണ്ടെത്തുന്നതിനായാണ് നാട്ടുകാർ ഒത്തുചേർന്ന് കാരുണ്യസംഗമം എന്ന പേരിൽ ധനസമാഹരണം സംഘടിപ്പിക്കുന്നതെന്ന് വാർഡ് അംഗം മാർട്ടിൻ തോമസ് പറയുന്നു
കോട്ടയം: അർബുദബാധിതനായ നിർധന യുവാവിനും കുടുംബത്തിനും കൈത്താങ്ങാകാൻ നാടൊരുമിക്കുന്നു. പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം നിവാസിയായ സനൽ കെ.വിയെയും കുടുംബത്തെയും സഹായിക്കാനാണ് നാട്ടുകാർ കൈകോർക്കുന്നത്. ഇതിനായി മാർച്ച് 10 ഞായറാഴ്ച പാറത്തോട് പഞ്ചായത്തിലെ 12 വാർഡുകളിലായി ഭവന സന്ദർശനം നടത്തും. രോഗിയായ ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബത്തിന്‍റെ അത്താണിയായിരുന്നു ടൈൽസ് തൊഴിലാളിയായിരുന്ന സനൽ. എന്നാൽ സനൽ അസുഖബാധിതനായതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. വാടകവീട്ടിൽ കഴിയുന്ന സനലിന്‍റെ ചികിത്സാച്ചെലവ് ഇടക്കുന്നം പാറത്തോട് നിവാസികളാണ് നടത്തിയിരുന്നത്.
സനലിന്‍റെ ചികിത്സയ്ക്കും ജീവിതച്ചെലവിനുമുള്ള പണം കണ്ടെത്തുന്നതിനായാണ് നാട്ടുകാർ ഒത്തുചേർന്ന് കാരുണ്യസംഗമം എന്ന പേരിൽ ധനസമാഹരണം സംഘടിപ്പിക്കുന്നതെന്ന് വാർഡ് അംഗം മാർട്ടിൻ തോമസ് പറയുന്നു. പാറത്തോട് പഞ്ചായത്തിലെ 12 വാർഡുകളിൽനിന്ന് ധനസമാഹരണം നടത്തി സനലിന്‍റെയും കുടുംബത്തിന്‍റെയും ചികിത്സ മുന്നോട്ടുകൊണ്ടുപോകാനും വസ്തു വാങ്ങി വീടുവെച്ചു നൽകാനുമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഒരുദിവസത്തെ വേതനം സനലിനെയും കുടുംബത്തെയും സഹായിക്കാനായി നൽകണമെന്നാണ് കാരുണ്യസംഗമം സംഘാടകർ അഭ്യർഥിക്കുന്നത്.
advertisement
രോഗത്തിന്‍റെ പിടിയിലമർന്ന കുടുംബം
സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് അർബുദം സനലിന്‍റെ കുടുംബത്തെ വേട്ടയാടാൻ തുടങ്ങിയത്. സനലിന്‍റെ സഹോദരന്‍റെ കുട്ടിക്ക് കരളിൽ ക്യാൻസർ പിടിപെട്ടു. അമ്മ കരൾ പകുത്തുനൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സഹോദരന്‍റെ രണ്ടാമത്തെ കുട്ടിക്കും കരളിൽ ക്യാൻസർ പിടിപെട്ടു ചികിത്സയിലാണ്. സനലിന്‍റെ അമ്മയും ക്യാൻസറിന് ചികിത്സയിലാണ്. രണ്ടുവർഷം മുമ്പ് സനലിന്‍റെ ഭാര്യയ്ക്ക് ഗർഭാശയത്തിൽ മുഴ ഉണ്ടാകുകയും രണ്ടുതവണ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഭേദമാകാത്തതിനാൽ മൂന്നാമതൊരു ശസ്ത്രക്രിയ കൂടി നടത്താനിരിക്കവെയാണ് സനലിന് ക്യാൻസർ ബാധിച്ചതായി കണ്ടെത്തുന്നത്. നിർധന കുടുംബത്തിന്‍റെ അത്താണിയായിരുന്ന സനലിന് കൂടി രോഗം പിടിപെട്ടതോടെ എന്തു ചെയ്യണമെന്നറിയാതെ ആ കുടുംബം പകച്ചുനിന്നു. രണ്ടു മക്കളിൽ ഒരാൾക്ക് ഓട്ടിസം ബാധിക്കുകയും എല്ലു പൊടിഞ്ഞുപോകുന്ന അസുഖം പിടിപെടുകയും ചെയ്തു. ഈ കുട്ടിയുടെ ചികിത്സ കൂടി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. കിടപ്പാടം പോലും നഷ്ടമായ അവസ്ഥയിൽ സനലും കുടുംബവും നാട്ടുകാരുടെ സഹായത്തോടെ വാടക വീട്ടിലേക്ക് താമസം മാറുകയും ചികിത്സ തുടരുകയും ചെയ്തു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ഇനി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
advertisement
Location :
First Published :
February 23, 2019 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സനലിന്റെയും കുടുംബത്തിന്‍റെയും ദുരിതമകറ്റാൻ നാടൊരുമിക്കുന്നു


