കവിതയും ചിത്രവും നിറഞ്ഞ ആൾക്കൂട്ടവും; കവിതയുടെ കാർണിവൽ, പട്ടാമ്പിയുടെ സാഹിത്യോത്സവം
Last Updated:
ജയ്പൂരിലും ബംഗളുരുവിലും കോഴിക്കോടും വർഷാവർഷം നടക്കാറുള്ള സാഹിത്യോത്സവങ്ങളുടെ മാതൃകയിലേക്ക് ഉയരുകയാണ് നാലു പതിപ്പുകൾ പിന്നിടുന്ന പട്ടാമ്പി കവിതാ കാർണിവൽ.
പട്ടാമ്പി: ജയ്പൂരിലും ബംഗളുരുവിലും കോഴിക്കോടും വർഷാവർഷം നടക്കാറുള്ള സാഹിത്യോത്സവങ്ങളുടെ മാതൃകയിലേക്ക് ഉയരുകയാണ് നാലു പതിപ്പുകൾ പിന്നിടുന്ന പട്ടാമ്പി കവിതാ കാർണിവൽ. ഇന്ത്യയിൽ തന്നെ കവിതയ്ക്കു മാത്രമായി ഒരു ഉത്സവം എന്ന രീതിയിൽ തുടങ്ങിയ കാർണിവൽ ഇപ്പോൾ സകല കലകളുടെയും സംഗമസ്ഥാനമാണ്. കവിതയ്ക്കാണ് പ്രാമുഖ്യമെങ്കിലും സംഗീതവും ചിത്രരചനയും നൃത്തവും നാലുവർഷം പിന്നിടുമ്പോൾ കാർണിവലിന്‍റെ ഭാഗമാകുന്നു.
പട്ടാമ്പി കോളജിന്‍റെ നാലു മതിലുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല കാർണിവൽ ആവേശം എന്നു വ്യക്തമാക്കിയാണ് നാലാമത് കാർണിവലിന് ഇന്നു തിരശീല വീഴുന്നത്. കേരളത്തിലും പുറത്തു നിന്നുമുള്ള പ്രമുഖ കവികളെല്ലാം കാർണിവലിനെത്തി. ഒപ്പം കവിതാ ഗവേഷകരും കാവ്യാസ്വാദകരും. കവിതയെക്കുറിച്ചു ഗൗരവമായ ചർച്ചകൾ നടക്കുന്നു എന്നതാണ് കാർണിവലിനെ വേറിട്ടതാക്കുന്നത്. കേരളത്തിലെ വിവിധ സർവകലാശാലകളിലെ ഗവേഷണ വിഭാഗങ്ങളിൽ നിന്നുള്ളവർ വിവിധ കാലങ്ങളെക്കുറിച്ചും അക്കാലത്തെ കവിതകളെക്കുറിച്ചും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സൈബർ ഇടത്തിലെ കവിതയെക്കുറിച്ചു തൃശൂർ വിമല കോളജിലെ പി പി അനു അവതരിപ്പിച്ച പ്രബന്ധം പുതിയ കാലത്തിന്‍റെ കവിതാരചനയെ അടയാളപ്പെടുത്തുന്നതായി.
advertisement
കവിതയ്ക്കു മാത്രമായി തുടങ്ങിയ കാർണിവൽ വിവിധ കലകളുടെ സമ്മേളനസ്ഥാനമാവുകയാണ്. ഇക്കുറി ചിത്രങ്ങൾക്കും ഇടം നൽകിയാണ് കാർണിവൽ സംഘടിപ്പിച്ചത്. വിവിധ അക്കാദമികളുടെ സഹകരണക്കോടെയായിരുന്നു ഇത്. വീണ്ടെടുക്കുന്ന കേരളം എന്ന വിഷയത്തിൽ ലൈവ് ചിത്രരചനയും കാർണിവലിന്‍റെ ഭാഗമായി നടന്നു. പ്രേംജി, ഷാജി അപ്പുക്കുട്ടൻ, ആന്‍റോ ജോർജ്, ബൈജു ദേവ്, അനിത കുളത്തൂർ, സിസ്റ്റർ സാന്ദ്ര സോണിയ എന്നിവർ വരച്ച ചിത്രങ്ങളും പ്രദർശനത്തിനായി ആർട് ഗാലറിയും ഒരുക്കിയിരുന്നു.
advertisement
കവികൾക്കൊപ്പം കാവ്യാസ്വാദകരുടെ കൂടി സംഗമസ്ഥാനമായതോടെ മറ്റു സാഹിത്യേത്സവങ്ങളുടെ സമാനമായ കാർണിവൽ മൂഡിലേക്കു പട്ടാമ്പി കവിതാ കാർണിവലും മാറുകയാണ്. ഒരു കോളജ് കാമ്പസിനുള്ളിൽ നിന്ന് ഇത്തരത്തിൽ നടക്കുന്ന ശ്രമങ്ങളെ പ്രശംസിക്കാൻ ഇക്കുറി കാർണിവൽ ഉദ്ഘാടനം ചെയ്ത പ്രശസ്ത കന്നഡ കവി എച്ച് എസ് ശിവപ്രകാശും പ്രശസ്ത എഴുത്തുകാരൻ ജയമോഹനും മറന്നില്ല. ഇത്തരം സാഹിത്യോത്സവങ്ങളാണ് ഇക്കാലത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നതെന്നായിരുന്നു ഇവരുടെ അഭിപ്രായം.
Location :
First Published :
January 27, 2019 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കവിതയും ചിത്രവും നിറഞ്ഞ ആൾക്കൂട്ടവും; കവിതയുടെ കാർണിവൽ, പട്ടാമ്പിയുടെ സാഹിത്യോത്സവം


