മാപ്പു നൽകൂ... ഒരു കള്ളന്റെ മാനസാന്തരം
Last Updated:
അമ്പലപ്പുഴ: 'മാപ്പുനൽകുക...നിവൃത്തികേടുകൊണ്ട് സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരുകാര്യം ചെയ്യില്ല...' കുറ്റബോധം കൊണ്ട് മോഷണമുതൽ തിരികെ നൽകിയ ഒരു കള്ളന്റെ വാക്കുകളാണിത്. കരുമാടി സ്വദേശി മധുകുമാറിന്റെ വീട്ടിലാണ് ഈ അസാധാരണ സംഭവമുണ്ടായത്.
ചൊവ്വാഴ്ചയാണ് തകഴി പഞ്ചായത്ത് രണ്ടാം വാർഡിൽ സ്വരസുധയിൽ മധുകുമാർ കുടുംബസമേതം കരുവാറ്റയിലെ ബന്ധുവീട്ടിലേക്ക് പോയത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് പിറ്റേന്ന് തിരിച്ചെത്തിയപ്പോൾ വീടിന്റെ പിൻഭാഗത്തെ വാതിൽ പൊളിച്ചനിലയിൽ കണ്ടു. അലമാര കുത്തിത്തുറന്ന് മധുകുമാറിന്റെ ഭാര്യ റീനയുടെ മോതിരവും കമ്മലും ലോക്കറ്റുമുൾപ്പെടെ ഒന്നര പവനാണ് മോഷ്ടിച്ചത്.
അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പും നടത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്വർണം ഒരുഗ്രാംപോലും കുറവില്ലാതെ പൊതിഞ്ഞ് കള്ളൻ വീട്ടുമുറ്റത്തെ ഗേറ്റിൽ വെച്ചത്. ഒപ്പം മാപ്പു നൽകണമെന്ന കുറിപ്പും. കളവുപോയ മുതൽ തിരിച്ചുകിട്ടിയ സന്തോഷത്തിൽ കുടുംബം പരാതി പിൻവലിച്ചു.
Location :
First Published :
July 13, 2018 5:05 PM IST


